15 വയസ്സാണ് അൻവി അമിത് ജോഷിയെന്ന മിടുക്കിയുടെ പ്രായം. ഖത്തറിലെ ഒറിക്സ് ഇന്റർനാഷനൽ സ്കൂളിലെ 11ാം ക്ലാസുകാരി. എന്നാൽ, ആകാശംമുട്ടെ ഉയർന്നുനിൽക്കുന്ന കൊടുമുടികൾ കാണുമ്പോൾ കൗമാരക്കാരിയുടെ ചുവടുകൾക്ക് വേഗമേറും. അങ്ങനെ കാടും, മലമ്പാതകളും താണ്ടി കൊടുമുടിയേറുന്ന ഖത്തറിന്റെ കൗമാരക്കാരി ഒടുവിൽ ഹിമാലയൻ ഉയരവും കാൽക്കീഴിലാക്കി.
മധ്യപ്രദേശ് സ്വദേശി കൂടിയായ അൻവി അമിത് ജോഷിയാണ് 6250 മീറ്റർ ഉയരെയുള്ള കാങ് യാറ്റ്സെ-ടു കൊടുമുടിയും കാൽക്കീഴിലാക്കി തിരികെയെത്തിയത്. വനപാതകളിലെ ട്രക്കിങ്ങുകളും മലകയറ്റവും ശീലമാക്കിയ കുടുംബമെന്ന നിലയിൽ ഖത്തർ എയർവേസ് എയർക്രാഫ്റ്റ് എൻജിനീയർ ആയ അമിത് ജോഷിയെയും ഭാര്യ രചന ജോഷിയെയും മകളെയും ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്നായി അറിയാം.
കഴിഞ്ഞ വർഷം ജൂൈലയിലായിരുന്നു ആഫ്രിക്കയിലെ കിളിമഞ്ചാരോ കൊടുമുടി അൻവിയും മാതാപിതാക്കളും കീഴടക്കിയത്. താൻസനിയയിൽ സ്ഥിതിചെയ്യുന്ന ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ കിളിമഞ്ചാരോയുടെ 5895 മീറ്റർ ഉയരം താണ്ടി ചരിത്രം കുറിച്ച അൻവി ഇത്തവണ വേനലവധിക്ക് ഖത്തറിലെ സ്കൂളുകൾ അടച്ചപ്പോൾ നേരെ പുറപ്പെട്ടത് ഹിമാലയൻ പർവതനിരകളിലേക്ക്.
മാസങ്ങൾ നീണ്ട തയാറെടുപ്പുകളുമുണ്ടായിരുന്നു ഇതിനു പിന്നിൽ. ജിംനേഷ്യത്തിലെ പരിശീലനവും ദിവസവും അഞ്ചു മുതൽ 10 കിലോമീറ്റർ വരെ ഓട്ടവും, ട്രക്കിങ് ഷൂ അണിഞ്ഞ് കിലോമീറ്ററുകളോളമുള്ള നടത്തവുമെല്ലാമായി നീണ്ട പരിശീലനം. ഒടുവിൽ ആഗസ്റ്റ് ആദ്യ വാരത്തിലായിരുന്നു ലഡാക്കിന്റെ ഭാഗമായ കാങ് യാറ്റ്സെയിലേക്ക് പുറപ്പെട്ടത്. കുത്തിയൊഴുകുന്ന തോടുകളും മലമ്പാതകളും താഴ്വരകളും താണ്ടിയുള്ള യാത്ര. ഒടുവിൽ, ആകാശത്തെ ചുംബിച്ച് വെട്ടിത്തിളങ്ങുന്ന മഞ്ഞുമലകൾക്കു മുകളിൽ ആഗസ്റ്റ് എട്ടിന് ഇവരുടെ സംഘം ത്രിവർണപതാകനാട്ടി.
12 ദിവസത്തോളം നീണ്ടുനിന്ന ദൗത്യത്തിലൂടെയായിരുന്നു കാങ് യാറ്റ്സെ കീഴടക്കിയതെന്ന് അൻവി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. രാത്രികളിൽ ക്യാമ്പ് ചെയ്തുകൊണ്ടായിരുന്നു യാത്ര. 75-80 ഡിഗ്രി ചരിവുകളായി കുത്തനെ നിൽക്കുന്ന മലകൾ തണുപ്പിനെയും മറ്റു വെല്ലുവിളികളെയും മറികടന്ന് എട്ടു ദിവസംകൊണ്ട് കയറി മുകളിലെത്തി. തുടർന്നുള്ള ഇറക്കത്തിനായി നാലു ദിവസം വരെയും എടുത്തു. കഠിനമായ വെല്ലുവിളികൾക്കൊടുവിൽ കൊടുമുടിക്കുമുകളിൽ ഇന്ത്യയുടെ ത്രിവർണ പതാക പിടിച്ചുനിന്ന നിമിഷം അഭിമാനകരമായി.
ഏഴാം വയസ്സിൽ മാതാപിതാക്കൾക്കൊപ്പം സാഹസിക യാത്ര തുടങ്ങിയ അൻവിയുടെ അടുത്ത ലക്ഷ്യം നേപ്പാളിലെ ദുർഘടമായ ലോബുഷെയും, റഷ്യയിലെ മൗണ്ട് എൽബ്രസുമാണ്. പഠനത്തിരക്കിനിടയിൽ എല്ലാവരും വേനലവധി കളിയും കറക്കവുമായി തീർക്കുമ്പോൾ ആകാശംതൊട്ട് വെള്ളിച്ചില്ലുപോലെ തിളങ്ങുന്ന കൊടുമുടികളാണ് അൻവിയെ എന്നും പ്രലോഭിപ്പിക്കുന്നത്.
ഏഴാം വയസ്സിലെ സാഹസിക യാത്രകൾ
ഉത്തരാഖണ്ഡിൽനിന്ന് ഹിമാചൽപ്രദേശ് വരെ നീണ്ടുകിടക്കുന്ന റുപിൻപാസിൽ മാതാപിതാക്കളുടെ കൈപിടിച്ചായിരുന്നു ഏഴാം വയസ്സിലെ ആദ്യ ട്രക്കിങ്. 4650 മീറ്റർ ഉയരെ സ്ഥിതിചെയ്യുന്ന റുപിൻ പാസിലേക്കുള്ള യാത്രയിൽ തന്നെ മകളുടെ അഭിരുചി തിരിച്ചറിഞ്ഞതോടെ പിന്നീടുള്ള യാത്രകളിൽ അവർ മൂവരുമായി. ഓരോ ഉയരവും കീഴടക്കൽ മകൾക്കും ആവേശമായി. 3600 മീറ്റർ ഉയരെ ഹേമകുണ്ഡിലെ വാലി ഓഫ് ഫ്ലവേഴ്സും 3810 മീറ്റർ ഉയരെയുള്ള കേദാർനാഥും 4500 മീറ്റർ ഉയരത്തിലെ മാർഡി ഹിമാലും എല്ലാം കീഴടക്കി യാത്രകളും സാഹസികതകളും ഹരമാക്കി മാറ്റി.
എവറസ്റ്റിലേക്കുള്ള യാത്രയിൽ 5364 മീറ്റർ ഉയരെയുള്ള ബേസ് ക്യാമ്പിലെത്തിയും ട്രക്കിങ് സാഹസികയാത്രക്കാരുടെ ആവേശമായ അന്നപൂർണ സർക്യൂട്ടും തൊറാങ് ലാ പാസുമെല്ലാം കടന്നാണ് കഴിഞ്ഞ വർഷം അൻവി കിളിമഞ്ചാരോയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.