മലപ്പുറം: ജീവിതത്തെ ആത്മവിശ്വാസവും ഉൾക്കരുത്തുംകൊണ്ട് പ്രചോദിപ്പിക്കുകയാണ് ഭിന്നശേഷിക്കാരനായ അമൽ ഇക്ബാൽ. തന്റെ യൂട്യൂബ് ചാനലായ ‘അമൽ ഇൻസ്പയേഴ്സി’ലൂടെയും വ്യത്യസ്ത നേട്ടങ്ങളിലൂടെയും സമൂഹത്തെ വിസ്മയിപ്പിച്ച അമലിന്റെ ജീവിതകഥ ഇനി പഠനത്തിന്റെ ഭാഗമാണ്. ഒമ്പതാം ക്ലാസിലെ പുതിയ ‘തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം’ എന്ന ആക്ടിവിറ്റി പുസ്തകത്തിലാണ് അമലിനെക്കുറിച്ച പാഠഭാഗം എസ്.സി.ഇ.ആർ.ടി ഉൾപ്പെടുത്തിയത്. പുസ്തകത്തിലെ ‘തളരാതെ മുന്നോട്ട്’ എന്ന രണ്ടാം അധ്യായത്തിലാണിത്. വീൽചെയറിലിരിക്കുന്ന ചിത്രത്തോടൊപ്പം അമലിന്റെ ജീവിതയാത്ര അടയാളപ്പെടുത്തുന്നതാണ് ഈ ഭാഗം.
‘‘കഠിനാധ്വാനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും ശാരീരിക വെല്ലുവിളികളെ മറികടന്ന വ്യക്തിയാണ് അമൽ. സെറിബ്രൽ പാൾസി എന്ന ശാരീരിക പരിമിതിമൂലം 10 വയസ്സ് വരെ പരസഹായമില്ലാതെ വായിക്കാനോ എഴുതാനോ ഭക്ഷണം കഴിക്കാനോ അമലിന് സാധിച്ചിരുന്നില്ല. ശരീരം ദുർബലമായിരുന്നു. കൈകൾ ശരിയായി ഉയർത്താൻ പോലും സാധിക്കുമായിരുന്നില്ല. ഈ വെല്ലുവിളികളെ സ്വപ്രയത്നംകൊണ്ട് മറികടന്ന് ഇന്ന് പ്രസിദ്ധനായ വ്യക്തിയായി തീർന്നിരിക്കുന്നു അമൽ ഇക്ബാൽ’’ -അമലിനെക്കുറിച്ച് സ്കൂൾ പാഠഭാഗത്തിലെ ആദ്യ ഖണ്ഡികയിൽ ഉൾപ്പെടുത്തിയ വരികളാണിത്.
അമൽ ഒരു ദേശീയ പഞ്ചഗുസ്തി താരംകൂടിയാണ്. പഞ്ചഗുസ്തി മത്സരങ്ങളിൽ രണ്ട് സ്വർണ മെഡലുകൾ ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. സെറിബ്രൽ പാൾസി ബാധിതരായ വിദ്യാർഥികൾക്കായി ഗംഗ ഫൗണ്ടേഷൻ കോയമ്പത്തൂർ നടത്തിയ ദേശീയ കഥാരചന മത്സരത്തിൽ വിജയിയായി. 2019ൽ മസ്കത്തിൽ നടന്ന ഇന്റർനാഷനൽ മോഡൽ യു.എൻ പാർലമെന്റിൽ ജനറൽ വിഭാഗത്തിൽ മത്സരിച്ച് മികവ് പ്രകടമാക്കി. മികച്ച നയതന്ത്ര അവാർഡ്, കേരള സർക്കാറിന്റെ ഭിന്നശേഷി അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയിട്ടുണ്ട്.
പാഠപുസ്തകത്തിൽ തന്നെക്കുറിച്ചുള്ള പാഠഭാഗം വന്നതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും ജീവിച്ചിരിക്കുമ്പോൾ ഇത്തരമൊരു അംഗീകാരം ലഭിക്കുന്നത് മഹത്തരമാണെന്നും അമൽ ‘മാധ്യമ’ത്തോട് പറഞ്ഞു. പ്ലസ് വൺ പഠനം പൂർത്തിയാക്കിയ അമൽ ബിരുദ പഠനത്തിന് ഒരുങ്ങുകയാണ്. കൊണ്ടോട്ടി പുളിക്കൽ സ്വദേശികളായ മുഹമ്മദ് ഇക്ബാൽ -ഫെമിന ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.