പാലക്കാട്: മഴയേയും ആകാശത്തെയും ഭൂമിയെയും അളവറ്റ് സ്നേഹിച്ച ആ കൊച്ചുമിടുക്കി അവയെ അക്ഷരങ്ങളിലേക്ക് കൂടെ കൂട്ടിയപ്പോൾ പിറന്നത് ഒത്തൊരുമയുടെ സന്ദേശം പറയുന്ന നോവൽ. കുന്നോളം സംശയങ്ങളുമായി കുഞ്ഞുകാര്യങ്ങളിലെ ഭംഗിയാസ്വദിച്ച്, കൗതുകവും ചോദ്യങ്ങളും വരികളിൽ നിറച്ച ഈ ഏഴാംക്ലാസുകാരി അങ്ങനെ പ്രായം കുറഞ്ഞ എഴുത്തുകാരികളുടെ പട്ടികയിലേക്ക് കൂടിയാണ് ചുവടുവെച്ചത്.
ഭാരതമാത സി.എം.ഐ പബ്ലിക് സ്കൂൾ വിദ്യാർഥിനിയായ അനഘ പ്രവീണിന്റെ ആംഗലേയ ഭാഷയിലുള്ള മൂന്ന് നേവലുകളുടെ പരമ്പരയായ എതറിയൽ എയ്റ്റിലെ ആദ്യ നോവലാണ് ‘ഡാർക്ക് റൂട്ട്’. മനുഷ്യരാശി ഭൂമിയിൽനിന്ന് അപ്രത്യക്ഷമായതിനുശേഷം ഉത്ഭവിക്കുന്ന മാന്ത്രിക സിദ്ധികളുള്ള ജീവികളാണ് എൽവ്സ്. എത്രോണിയ ഭൂഖണ്ഡത്തിൽ ജീവിക്കുന്ന എൽവുകൾക്ക് നേരിടേണ്ടിവരുന്ന വൻവിപത്തും അതുവരെ ശത്രുതയിലായിരുന്ന വിവിധ വർഗങ്ങളിൽപെട്ട എൽവ്സ് ഒന്നിച്ചുചേർന്ന് ആ പ്രതിസന്ധികൾ തരണം ചെയ്യുന്നതുമാണ് നോവൽ പരമ്പരയുടെ കഥാസാരം. ആറുവയസ്സ് മുതലാണ് എഴുതിത്തുടങ്ങിയത്. കവിതകളും ചെറുകഥകളും എഴുതിയിട്ടുണ്ട്.
ഒന്നരവർഷംനീണ്ട പരിശ്രമത്തിന്റെ ഫലമാണ് ഈ നോവൽ. പാലക്കാട് കൽമണ്ഡപം ഗാന്ധിനഗറിൽ താമസിക്കുന്ന പ്രവീൺ ഭാസ്കര-സ്മിത ദമ്പതികളുടെ മകളാണ്. കരിമ്പന ബുക്സ് പ്രസിദ്ധീകരിച്ച ഡാർക്ക് റൂട്ടിന്റെ ആദ്യ പതിപ്പ് കഥാകൃത്ത് മുണ്ടൂർ സേതുമാധവൻ, ജില്ല പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ. അജയന് നൽകി പ്രകാശനം നിർവഹിച്ചു.
അനഘയുടെ സഹോദരനായ ബ്രഹ്മദത്ത് പ്രവീണാണ് പുസ്തകത്തിന്റെ കവർ രൂപകൽപന ചെയ്തത്. ജെ.കെ. റൗളിങ്, എറിൻ ഹണ്ടർ, റിക്ക് റിയോർഡൻ, അമീഷ് ത്രിപാഠി തുടങ്ങിയ എഴുത്തുകാരുടെ ആരാധികയായ അനഘ വലുതാകുമ്പോൾ ഇന്ത്യൻ ഫോറിൻ സർവിസ് ഉദ്യോഗസ്ഥയാനാണ് ആഗ്രഹമെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.