മണ്ണഞ്ചേരി: സംസ്ഥാന സ്കൂൾ കായിക മേളയിൽ മണ്ണഞ്ചേരിക്ക് അഭിമാനമായി അശ്വിനിയും ആരോമലും. ജൂനിയർ വിഭാഗം 1500 മീറ്ററിൽ അശ്വിനിയും 400 മീറ്റർ ഹർഡിൽസിൽ ആരോമലും വെള്ളി മെഡൽ കരസ്ഥമാക്കി. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് കീരികുളങ്ങരയിൽ കയർ ഫാക്ടറി തൊഴിലാളി അനിൽ കുമാറിന്റെയും സനിതയുടെയും മകളായ അശ്വിനി കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.
കഴിഞ്ഞ സംസ്ഥാന മീറ്റിൽ 13ാം സ്ഥാനത്തായിരുന്നു. 800 മീറ്ററിൽ നാലാം സ്ഥാനവും അശ്വിനി നേടിയിട്ടുണ്ട്. പ്രീതികുളങ്ങര കലവൂർ എൻ. ഗോപിനാഥ് മെമ്മോറിയൽ സ്പോർട്സ് അക്കാദമിയിൽ കെ.ആർ. സാംജിയുടെ കീഴിലാണ് പരിശീലനം. സ്കൂൾ കായികാധ്യാപിക അന്നമ്മയാണ് അശ്വിനിയെ സ്പോർട്സിലേക്ക് വഴിതിരിച്ചു വിട്ടത്.
മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാർഡ് ആരോമൽ നിവാസിൽ വിമുക്ത ഭടൻ അഭിലാഷ് സുശീലന്റെയും രുഗ്മയുടെയും മകനായ ആരോമൽ ഉണ്ണി തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. 200 മീറ്ററിൽ വെങ്കലവും നേടിയിരുന്നു. ചീഫ് കോച്ച് ക്യാപ്റ്റൻ അജിമോന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. ചാരമംഗലം ഡി.വി.എച്ച്.എസ്.എസിൽനിന്നാണ് ജി.വി. രാജ സ്പോർട്സ് സ്കൂളിലേക്ക് പ്രവേശനം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.