കുറ്റ്യാടി: ലോക പ്രശസ്തമായ ഇറാസ്മസ് മുണ്ടസ് ജോയന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമിന് പ്രവേശനം നേടി നാടിന്റെ അഭിമാനമായി ഫാത്തിമ മൊയ്തുവെന്ന കുറ്റ്യാടിക്കാരി. ഡൽഹി യൂനിവേഴ്സിറ്റിയിൽനിന്ന് ഫിസിക്സിൽ ബിരുദം നേടിയ ഈ മിടുക്കി കഠിന പ്രയത്നത്തിലൂടെയാണ് ഉന്നതനേട്ടം കരസ്ഥമാക്കിയത്.
മീത്തലെ മാണിക്കോത്ത് മൊയ്തുവിന്റെയും ജമീലയുടെയും മകളാണ്. മാസ്റ്റർ ഇൻ മെറ്റീരിയൽസ് സയൻസ് എക്സ്പ്ലോറിങ് ലാർജ് സ്കെയിൽ ഫെസിലിറ്റീസ് എന്ന പ്രോഗ്രാമിനാണ് ഫാത്തിമ തിരഞ്ഞെടുക്കപ്പെട്ടത്. ജർമനി, ഫ്രാൻസ്, ഇറ്റലി, പോളണ്ട് എന്നീ രാജ്യങ്ങളിലെ ആറ് സർവകലാശാലകളിൽ ഇഷ്ടമുള്ളിടത്ത് വിവിധ സമയങ്ങളിലായി പഠനം നടത്താം.
വിദേശത്ത് ബിരുദാനന്തര പഠനം ആഗ്രഹിക്കുന്നവർക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അവസരമാണ് ഇറാസ്മസ് മുണ്ടസ് ജോയന്റ് മാസ്റ്റേഴ്സ് പ്രോഗ്രാം. രണ്ട് വർഷം നാല് സെമസ്റ്ററുകൾ. കോഴ്സ് ഫീസും ഇൻഷുറൻസും സ്റ്റൈപന്റുമടക്കം 50 ലക്ഷത്തോളം വരുന്ന സ്കോളർഷിപ്പിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ നടത്തിയ എഴുത്തു പരീക്ഷയിൽ വിജയിച്ചപ്പോൾ പകുതി ഫീസ് കൊടുക്കണമെന്നായിരുന്നു നിബന്ധന.
തുടർന്നും പരീക്ഷ എഴുതി മുഴുവൻ സ്കോളർഷിപ്പും ലഭിക്കുന്നതിന് അർഹത നേടിയതായും ബന്ധുക്കൾ പറഞ്ഞു. സെപ്റ്റംബറിൽ ക്ലാസ് തുടങ്ങും. ഫ്രാൻസിലേക്കാണ് ആദ്യം പോവുക. ഒന്നാം ക്ലാസ് മുതൽ പൊതുവിദ്യാലയങ്ങളിലാണ് ഫാത്തി പഠിച്ചത്. ഡൽഹി യൂനിവേഴ്സിറ്റിയിൽതന്നെ പി.ജിക്ക് അവസരം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.