മസ്കത്ത്: ചെറിയപെരുന്നാളിന് മൊഞ്ച് കൂട്ടാൻ കൈകളിലും കാലിലും മൈലാഞ്ചി അണിയാനുള്ള ഒരുക്കത്തിലാണ് പ്രവാസി മൊഞ്ചത്തിമാർ. പെരുന്നാളിന്റെ പൊലിമ അതിന്റെ ആഘോഷ നിറവിൽ ഒരുക്കാൻ മൈലാഞ്ചി ചോപ്പ് കൂടിയേ തീരൂ. മെഹന്തി അണിയാതെ പെരുന്നാൾ കടന്നുപോകാറില്ല. പണ്ട് കാലങ്ങൾ മുതലേ മൈലാഞ്ചി അണിയൽ ചര്യയായി നമുക്കിടയിൽ നിലവിലുണ്ട്. റമദാൻ നോമ്പിന്റെ അവസാന പത്തിലേക്ക് കടക്കുമ്പോൾ തന്നെ ഇതിന്റെ നിർമാണം തുടങ്ങും.
മൈലാഞ്ചിച്ചെടിയുടെ ഇല വേർപെടുത്തി അരച്ച് നാരങ്ങ നീരും മറ്റു പൊടിക്കൈകളും ചേർത്താണ് മിശ്രിതം തയാറാക്കുന്നത്. ആദ്യകാലത്തൊക്കെ പ്രായമായവരായിരുന്നു കുട്ടികൾക്ക് മൈലാഞ്ചിക്കൂട്ട് ഒരുക്കി നൽകിയിരുന്നത്. കാലം മാറിയതോടെ മൈലാഞ്ചിയുടെ രീതിയും ഭാവനയും മാറി. ഇതിനു മാത്രമായി കലാകാരികൾ വന്നു. മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്ന മൈലാഞ്ചി ട്യൂബ് മുതൽ പേസ്റ്റുവരെ വിപണി കൈയടക്കി.
നിസ്സാരമെന്നു നമുക്ക് തോന്നുന്ന മൈലാഞ്ചി ഇന്ന് ലക്ഷങ്ങൾ വിറ്റുവരവുള്ള ഉൽപന്നമായി മാറിയിട്ടുണ്ട്. മെഹന്തി രാത്ത് എന്ന പേരിൽ കല്യാണപ്പെണ്ണിന് മൈലാഞ്ചി ചാർത്തുന്ന ദിനങ്ങൾ തന്നെ ഇന്ന് നാട്ടിൻ പുറങ്ങളിൽ നടക്കുന്നുണ്ട്. കുടുംബത്തിൽ മെഹന്തി ഇടാൻ കഴിവുള്ള ആളുകളുണ്ടെങ്കിൽ അവർക്ക് നല്ല സ്വീകരണമാണ് ലഭിക്കുക എന്ന് മെഹന്തിയിൽ പുത്തൻ ഡിസൈൻ രൂപപ്പെടുത്തുന്നതിൽ വിദഗ്ധയായ ഹൈറുന്നിസ റജീസ് പറയുന്നു.
അറേബ്യൻ, ഇന്ത്യൻ, വെസ്റ്റേൺ, പേർഷ്യൻ, പാകിസ്താനി എന്നിങ്ങനെ പല ഡിസൈനുകളും ഇപ്പോൾ നിലവിലുണ്ട്. ഇതിൽ ഇന്ത്യൻ രൂപത്തിനാണ് സ്വദേശിവനിതകൾക്ക് കൂടുതൽ പ്രിയം. അത് നിറഞ്ഞു നിൽക്കുന്ന ഡിസൈനിങ്ങാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.