തൊടുപുഴ: 'ഈ സന്തോഷത്തിന് സാക്ഷികളായി മാതാപിതാക്കൾ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു. എങ്കിലും എനിക്കുറപ്പുണ്ട്. അവർ ഇത് കാണുന്നുണ്ടാകും. സന്തോഷം കൊണ്ട് ആ കണ്ണുകൾ നിറയുന്നുണ്ടാകും. മകൾ ഡോക്ടറായി കാണാൻ കൊതിച്ച അച്ഛനമ്മമാരുടെ ഓർമകൾക്ക് മുന്നിൽ ഗോപികയുടെ വാക്കുകൾ സങ്കടത്താൽ ഇടറുന്നു. അതെ, അച്ഛെൻറ ഗോപിക ഡോക്ടറാകാൻ പോകുന്നു.
2020 ആഗസ്റ്റ് ആറിനുണ്ടായ പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിൽ പിതാവും മാതാവുമടക്കം 24 ബന്ധുക്കളെ നഷ്ടമായ ജി. ഗോപിക പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് ചേർന്ന വാർത്ത മൂന്നാർ അഭിമാനത്തോടെയാണ് ഏറ്റെടുത്തത്. തങ്ങളുടെ കണ്ണീരും വേദനയും ഒപ്പാൻ നാളെ തങ്ങൾക്കിടയിൽനിന്ന് ഒരു ഡോക്ടർ ഉണ്ടാകാൻ പോകുന്നു എന്നത് ആ കോളനികൾക്ക് വലിയ ആഹ്ലാദമായി. ഇരവികുളം നാഷനൽ പാർക്കിൽ ഡ്രൈവറായിരുന്ന പി. ഗണേശെൻറയും അംഗൻവാടി അധ്യാപികയായിരുന്ന തങ്കത്തിെൻറയും രണ്ട് പെൺമക്കളിൽ ഇളയവളാണ് ഗോപിക. സഹോദരി ഹേമലത കേരള സർവകലാശാലയിൽ ബി.എസ്സി ബോട്ടണി വിദ്യാർഥിനിയാണ്. പെട്ടിമുടി ദുരന്തം നടക്കുമ്പോൾ ഇരുവരും തിരുവനന്തപുരത്ത് ഗണേശെൻറ സഹോദരിപുത്രിയുടെ വീട്ടിലായിരുന്നതിനാൽ രക്ഷപ്പെട്ടു. നാട്ടിൽ മൊബൈൽ റേഞ്ച് ഇല്ലാതെ ഓൺലൈൻ പഠനം പ്രതിസന്ധിയിലായപ്പോഴാണ് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്. മക്കളുടെ പഠനത്തിന്വേണ്ടി എന്ത് ത്യാഗത്തിനും ഗണേശനും തങ്കവും തയാറായിരുന്നു. ഇല്ലായ്മകളൊന്നും മക്കളെ അറിയിച്ചില്ല. ഓൺലൈൻ ക്ലാസിന് റേഞ്ചുള്ള സ്ഥലം നോക്കി മക്കളുമായി ഒരുപാട് മല കയറിയിട്ടുണ്ട്. പെൺമക്കൾ തന്റേടമുള്ളവരായി വളരണമെന്നും നല്ല നിലയിലെത്തണമെന്നും അവർ ആഗ്രഹിച്ചു.
ദുരന്തത്തിന് മൂന്ന് ദിവസം മുമ്പും ഗോപിക പിതാവുമായി ഫോണിൽ സംസാരിച്ചിരുന്നു. പ്ലസ് വൺ പരീക്ഷഫലം വന്നതിെൻറ സന്തോഷം ഇരുവരും പങ്കുവെച്ചു. ഗോപികയുടെ ആഗ്രഹം അറിഞ്ഞ പാലാ ബ്രില്യന്റ് സൗജന്യ പരിശീലനം നൽകാൻ തയാറായി. ആദ്യതവണതന്നെ നീറ്റ് റാങ്ക്പട്ടികയിൽ ഇടം പിടിച്ചു. ശനിയാഴ്ചയാണ് ഗോപിക പ്രവേശന നടപടികൾ പൂർത്തിയാക്കിയത്. കൈത്താങ്ങായി പട്ടികജാതി, പട്ടികവർഗ വകുപ്പുമുണ്ട്. നവംബർ 15ന് ക്ലാസ് തുടങ്ങും. അതിന് മുമ്പ് രാജമലയിൽ കല്ലറക്കരികിലെത്തി പ്രാർഥിക്കണം. അച്ഛൻ ബാക്കിവെച്ചുപോയ പ്രതീക്ഷകളാണ് ഗോപികയുടെ സ്വപ്നങ്ങൾക്ക് കരുത്തും തിളക്കവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.