റിയാദ്: എല്ലാവരും ഉപരിപഠനത്തിന് അമേരിക്കയിലേക്ക് പോകാൻ ആഗ്രഹിക്കുേമ്പാൾ അവിടെനിന്നൊരു മിടുക്കി സൗദി അറേബ്യയിൽ പഠിക്കാനെത്തുന്നു. ആരും മൂക്കത്തുവിരൽ വെച്ചുപോകും. പടിഞ്ഞാറൻ അമേരിക്കയിലെ യൂട്ടയിൽ ജനിച്ചുവളർന്ന ഹെയ്ഡി ഗ്രീനാണ് ഈ അപൂർവത രചിക്കുന്നത്. ലാസ് വെഗാസിലും ഹവായിലും വാഷിങ്ടൺ ഡി.സിയിലുമായി ബിരുദം വരെ പഠിച്ച ഹെയ്ഡി ഗ്രീൻ ഇപ്പോൾ റിയാദിൽ പുതിയ ജീവിതവും സംസ്കാരവും ആസ്വദിക്കുകയാണ്. യു.എസിലുണ്ടായിരുന്ന സൗദി സുഹൃത്തുക്കളുമായുള്ള അടുപ്പവും തുടർന്ന് അറബി ഭാഷ പഠിച്ചതുമാണ് സൗദി അറേബ്യയോട് ഇങ്ങനെ പ്രണയം തോന്നാൻ ഇടയാക്കിയത്.
അമേരിക്കയിൽനിന്ന് സൗദിയിലേക്കുള്ള മാറ്റം പെടുന്നനെ എടുത്ത തീരുമാനമായിരുന്നില്ല. 2014 മുതൽ ഇങ്ങോട്ടേക്ക് വരാൻ ശ്രമിക്കുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് സ്വപ്നം സഫലമായത്. ഇത് ഭാഗ്യമായി തോന്നുണ്ടെന്നും തെൻറ ജീവിത രീതി അടിമുടി മാറിയെന്നും അതിെൻറ ഓരോ നിമിഷവും താൻ ആസ്വദിക്കുന്നുണ്ടെന്നും ഹെയ്ഡി പറയുന്നു.
ധാരാളം അമേരിക്കക്കാർ സൗദി അറേബ്യയിൽ താമസിക്കുന്നുണ്ട്, പക്ഷേ ഈ രാജ്യത്തെ സംസ്കാരവുമായി പലപ്പോഴും പൊരുത്തപ്പെടുന്നില്ല. ഞാൻ സൗദിയുടെ സാംസ്കാരിക പരിപാടികളിൽ പരമാവധി പങ്കെടുക്കുകയാണ്. ഈ സംസ്കാരത്തോട് ഇഴകി ജീവിക്കാനാണ് എനിക്കിപ്പോൾ ഇഷ്ടം. സൗദി അറേബ്യയിലേക്ക് മാറുകയാണെന്ന് എെൻറ കുടുംബത്തോട് പറഞ്ഞപ്പോൾ അവർ ഞെട്ടിയില്ല. മറിച്ച് അമേരിക്കക്കാർ കടുത്ത യാഥാസ്ഥിതികരാണെന്ന് കരുതുന്ന ഒരു രാജ്യത്തേക്ക് പോകുന്നതിൽ അവർക്ക് ആശങ്കയാണുണ്ടായിരുന്നത്. രക്ഷിതാക്കൾ ഭയം പ്രകടിപ്പിച്ചു. തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ അവർ ശ്രമിച്ചു. ഒന്നുകിൽ സൗദിയിലേക്ക് പോകും അല്ലെങ്കിൽ അതിനായി ശ്രമിച്ച് മരിക്കുമെന്ന് അവരോട് പറഞ്ഞു. അതോടെ എെൻറ ദൃഢനിശ്ചയത്തിെൻറ ആഴം അവർക്ക് മനസ്സിലായി -ഹെയ്ഡി പറയുന്നു.
ഈ പുതിയ സംസ്കാരത്തിലേക്ക് ലയിച്ചു ചേരുന്നതിനോടൊപ്പം പഠനം തുടരുക കൂടിയാണ് റിയാദിൽ. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടാൻ ഇപ്പോൾ റിയാദ് കിങ് സഊദ് യൂനിവേഴ്സിറ്റിയിൽ വിദ്യാർഥിനിയാണ്. അമേരിക്കയിൽ സൈക്കോളജിയും ബ്രിട്ടനിൽ ‘ഇൻറർ നാഷനൽ റിലേഷൻ’ കോഴ്സും പൂർത്തിയാക്കിയാണ് റിയാദിലെത്തിയത്.
വ്യത്യസ്ത സംസ്കാരങ്ങൾ നേരിട്ട് പഠിക്കാനുള്ള അവസരം കൂടിയായായാണ് സൗദി ജീവിതത്തെ കാണുന്നതെന്നും സൗദി കുടുംബങ്ങളും അവരുടെ സാമൂഹിക മൂല്യങ്ങളും എന്നെ ആകർഷിച്ചെന്നും ഹെയ്ഡി പറയുന്നു. ഇംഗ്ലീഷ്, അറബിക് ആംഗ്യ ഭാഷ അറിയാനും അവതരിപ്പിക്കാനും അവൾക്ക് പ്രാവീണ്യമുണ്ട്. ഒരു വിദേശ രാജ്യത്തേക്ക് പോകുന്നത് പ്രധാനമായും സാംസ്കാരിക വ്യത്യാസങ്ങൾ കാരണം വെല്ലുവിളിയാകാം, പക്ഷേ ഹെയ്ഡിക്ക് അത് വെല്ലുവിളിയായിരുന്നില്ല.
സൗദി സംസ്കാരത്തെ അറിയുന്നത് പുതിയതും ആവേശകരവുമായ അനുഭവത്തിലേക്കുള്ള വാതിലുകൾ തുറക്കലായിരുന്നെന്ന് ഹെയ്ഡി ആവേശത്തോടെ പറയുന്നു. രാജ്യത്തിെൻറ സംസ്കാരത്തോട് ബഹുമാനം കാണിക്കാൻ ഞാൻ സന്നദ്ധയായിരുന്നു. കാരണം എെൻറ വഴി മാത്രമാണ് ശരി എന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മറ്റ് കാഴ്ചപ്പാടുകൾ കേൾക്കാനും അറിയാനും ഞാൻ ആഗ്രഹിക്കുന്നുണ്ട്. പുതിയ പരിസ്ഥിതിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു.
അത് എന്നെ പോസിറ്റീവായി സ്വാധീനിച്ചു. സൗദി സമൂഹത്തിൽ സ്ഥിര താമസമാക്കുന്നതിനും പുതിയ ജീവിതവുമായി പൊരുത്തപ്പെടുന്നതിനും സഹായിച്ചത് അറബിയിൽ ഒഴുക്കോടെ സംസാരിക്കാനുള്ള ഹെയ്ഡിയുടെ കഴിവാണ്. രാജ്യത്തേക്ക് വരുന്നതിന് മുമ്പ് സൗദി പരിപാടികൾ ലഭ്യമായ മാർഗങ്ങളിലൂടെ കണ്ടിരുന്നു. പുസ്തകങ്ങളും വായിച്ചു. അറബ് കോമഡി പരിപാടികൾ കണ്ടാണ് നജ്ദി ഭാഷ പഠിച്ചതെന്നും ഹെയ്ഡി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.