പ്രവാസികളായ രണ്ട് കൊച്ചു കൂട്ടുകാർക്ക് മുമ്പിൽ സവിനയം കീഴടങ്ങിയിരിക്കുകയാണ് യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ജെബൽ ജെയ്സ്. ആറു വയസ്സുകാരൻ ആദി ശെൽവനും അഞ്ചു വയസ്സുകാരി ഇയയുമാണ് ജെബൽ ജെയ്സിനെ കീഴടക്കിയ മിടുക്കർ. ഈ പർവതം കീഴടക്കുന്ന യു.എ.ഇയിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികളെന്ന ബഹുമതിയും ഇതോടെ ഇവരുടെ പേരിലായി.
ഒമാൻ അതിർത്തിയോട് ചേർന്ന് നിൽക്കുന്ന ജെബൽ ജെയ്സ് പർവതത്തിന്റെ ഉയരം1930 മീറ്ററാണ്. 16 കിലോമീറ്റർ ദൂരം താണ്ടി ഏഴു മണിക്കൂറും 45 മിനിറ്റും എടുത്താണ് രണ്ടു പേരും കൊടുമുടിയിലെത്തിയത്. അവിടെ നിന്ന് വെറും നാല് മീറ്റർ മാത്രമാണ് പർവതത്തിന്റെ ഉച്ചിയിലേക്കുള്ള ദൂരമെന്ന് അറിയുമ്പോഴാണ് ഇരുവരുടെയും സാഹസിക യാത്ര എത്രമാത്രം വെല്ലുവിളി നിറഞ്ഞതാണെന്ന് ബോധ്യപ്പെടുക. ഗ്രീൻവേ അഡ്വഞ്ചേർസ് എന്ന കമ്പനിയുടെ പരിശീലനത്തിൽ അവരുടെ മാർഗ നിർദേശങ്ങൾനുസരിച്ചായിരുന്നു യാത്ര. മൗണ്ടൈനീർ ആയ നാസർ ഹുസൈൻ ആയിരുന്നു ടീമിനെ നയിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനവും. മാർച്ച് മൂന്നിന് അതിരാവിലെ 6.30ന് തുടങ്ങിയ ഹൈക്കിങ് ഉച്ചക്ക് ശേഷമാണ് പൂർത്തിയാക്കിയത്.
ജബൽ ജെയ്സിൽ രാവിലെ നാലു ഡിഗ്രി തണുപ്പ് അതിജീവിച്ചാണ് ഇരുവരും വിജയകരമായി ദൗത്യം പൂർത്തീകരിച്ചത്. തമിഴ്നാട് സ്വദേശിയും കലാധ്യാപകനുമായ രാജകൃഷ്ണന്റെ മകനാണ് ആദി ശെൽവൻ. ദുബൈയിലെ ഡുവൈറ്റ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. ദുബൈ സൗത്തിലാണ് കുടുംബം താമസിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ജീവനക്കാരായ കൃഷ്ണരാജിന്റെ മകളാണ് ഫുജൈറയിലെ എമിനൻസ് പ്രൈവറ്റ് സ്കൂൾ വിദ്യാർഥിയായ ഇയ. രണ്ടുപേരുടെയും അച്ഛൻമാരും ഹൈക്കിങ്ങിൽ ഏറെ തൽപരരാണ്. ഇവരുൾപ്പെടെ എട്ടുപേരടങ്ങുന്ന സംഘമാണ് സാഹസികയാത്ര നടത്തിയത്. 750 മീറ്റർ എലിവേഷൻ പിന്നിട്ടാലേ ജബൽ ജെയ്സിന്റെ മുകളിലെത്താനാവൂ. കൊടും തണുപ്പും എലിവേഷനും കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും രണ്ടു പേരും നടത്തിയ പരിശ്രമങ്ങൾ മുതിർന്നവർക്ക് പോലും പ്രചോദനമാണെന്ന് ഹൈക്കിങ് സ്പെഷ്യലിസ്റ്റായ നാസർ ഹുസൈൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.