സ്കേറ്റിങ് അത്ര വേഗത്തിൽ പഠിച്ചെടുക്കാവുന്ന ഒരഭ്യാസമല്ല. വീഴ്ചയില്ലാതെ സ്കേറ്റിങ് ബോർഡിൽ കാലുറപ്പിക്കാൻ കഴിയില്ല എന്നതാണ് ഈ കായികാഭ്യാസത്തിന്റെ പ്രത്യേകത. മുതിർന്നവർ പോലും ഏറെ പ്രയാസപ്പെട്ടാണ് ഇത് പഠിച്ചെടുക്കാറുള്ളത്. എന്നാൽ, ഷാർജ ജെംസ് അവർ ഓൺ സ്കൂളിലെ രണ്ടാം ക്ലാസുകാരി സാറ ആൻ ഗ്ലാഡിസ് മാടമ്പിക്ക് സ്കേറ്റിങ് ബോർഡ് റൈസിങ് അത്ര കഠിനമേറിയതേയല്ല. മൂന്നര വർഷത്തോളമായി സ്കേറ്റിങ് ബോർഡിൽ ചുവടുറപ്പിച്ച സാറ കാഴ്ചക്കാർക്ക് മുന്നിൽ മിന്നും വേഗത്തിൽ വിസ്മയങ്ങൾ തീർക്കുന്നു. ദുബൈയിലെയും ഷാർജയിലെയും താഴ്ചയും ഉയർച്ചയുമൊക്കെയുള്ള പാർക്കുകളിൽ സജീവമായ ഈ കൊച്ചുമിടുക്കി ഇതിനകം നിരവധി ദേശീയ അന്തർദേശീയ മത്സരങ്ങളിൽ തന്റെ പ്രാധിനിധ്യമറിയിച്ചു കഴിഞ്ഞു .
സ്കേറ്റ് ബോർഡിങ് അന്താരാഷ്ട്രമത്സരത്തിൽ പങ്കെടുത്ത ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർഥി, അന്താരാഷ്ട്ര സ്കേറ്റ് ബോർഡിങ് മത്സരത്തിലെ പാർക്ക് വിഭാഗത്തിൽ പങ്കെടുത്ത ആദ്യത്തെ ഗേൾ അത്ലറ്റ് എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങൾ കൂടി എറണാകുളം മഞ്ഞുമ്മൽ സ്വദേശിനിയായ ഈ എട്ടുവയസ്സുകാരി സ്വന്തമാക്കി.
കഴിഞ്ഞ ആഴ്ച ദുബൈയിൽ അവസാനിച്ച വേള്‍ഡ് സ്കേറ്റ് ബോർഡിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് കുഞ്ഞു സാറയായിരുന്നു. റോളർ സ്കേറ്റിങ് ഫെഡറേഷന് ഓഫ് ഇന്ത്യയിൽ അംഗത്വമുള്ള സാറയെ ആർ.എസ്.എഫ്.ഐ തന്നെയാണ് ചാംപ്യന്‍ഷിപ്പിലേക്ക് തിരഞ്ഞെടുത്തത്. ഒക്ടോബറിൽ റോമിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ സ്കേറ്റ് ബോർഡിങ്ങിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതും ഈ മിടുമിടുക്കിതന്നെ. യു.എ.ഇ.യിലും ഇന്ത്യയിലുമായി നടന്ന വിവിധ മത്സരങ്ങളിൽ സ്വർണം, വെള്ളി മെഡലുകളും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷത്തെ ഗുജറാത്ത് നാഷണൽ ഗെയിംസിൽ ‘ഭാവിയിലെ ഒളിമ്പ്യൻ’ എന്ന വിശേഷണവും ലഭിച്ചു. രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സാറയുടെ ലക്ഷ്യം ഒളിംപിക്സാണ്. അതിനായുള്ള കഠിന പരിശ്രമത്തിലാണിപ്പോൾ. ദുബൈയിൽ ബിസിനസ് നടത്തുന്ന എറണാംകുളം മഞ്ഞുമ്മൽ ചിന്റു ഡേവിസിന്റെയും ആനി ഗ്രേഷ്യസിന്റെയും രണ്ടുമക്കളിൽ മൂത്തവളാണ് സാറ. മൂന്നാം വയസ്സുമുതലാണ് ഈ കായിക അഭ്യാസത്തിൽ കുഞ്ഞു സാറ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങിയത്. ആ താത്പര്യം സാറയോടൊപ്പം വളർന്നു. ദുബൈയിലെ താമസയിടത്തുള്ള അയൽവാസി കുട്ടികൾ ബോർഡിൽ കുതിക്കുന്നത് കണ്ട ആവേശത്തിലാണ് സാറയും പരിശീലിച്ചു തുടങ്ങിയത്. മകളുടെ താത്പര്യം മനസ്സിലാക്കിയ മാതാപിതാക്കൾ അവളുടെ പിറന്നാളിന് ഒരു സ്കേറ്റ് ബോർഡ് സമ്മാനമായി നൽകി. അതിലവൾ സ്വയം പരിശീലിച്ചു തുടങ്ങി. ബോർഡിൽ ബാലൻസ് ചെയ്യുകയെന്നത് ആദ്യമത്ര എളുപ്പമായിരുന്നില്ല. പക്ഷേ, ഒപ്പമുണ്ടായിരുന്നവരെപ്പോലെ കുതിക്കണമെന്ന വാശിയായിരുന്നു സാറയുടെ മനസ്സിൽ. സ്കേറ്റിങ് പഠിക്കുന്ന മുതിർന്ന കുട്ടികളേയും യു ട്യൂബും കണ്ടായിരുന്നു സ്കേറ്റിങ്ങിന്റെ ബാലപാഠങ്ങൾ മനസിലാക്കിയത്.
ചെറുപ്രായത്തിൽ തന്നെ സ്കേറ്റിങ്ങിൽ മികവു തെളിയിച്ചുതുടങ്ങിയതോടെ മാതാപിതാക്കളും കൂട്ടുനിന്നു. വീണുതന്നെയാണ് പഠിച്ചുതുടങ്ങിയത്. ആ വീഴ്ചകളിൽ പതറാതെ മുന്നോട്ടുനീങ്ങിയെന്നതാണ് സാറയുടെ മികവ്. പിന്നീട് കൂട്ടുകാരോടൊപ്പം ഷാർജ അൽ ജാദ സ്കേറ്റ് പാർക്കിൽ രാത്രികളിൽ പരിശീലനം ആരംഭിച്ചു. ചുരുങ്ങിയ ദിവസംകൊണ്ട് സ്കേറ്റ് ബോർഡിൽ ഗംഭീരപ്രകടനം കാഴ്ചവെച്ച് ചുറ്റുമുള്ളവരെ സാറ അമ്പരപ്പിച്ചു. തന്റെ കാലുകൾക്കൊപ്പം സ്കേറ്റിങ് ബോർഡും സഞ്ചരിക്കാൻ തുടങ്ങിയതോടെ ഈ കായികയിനത്തിലെ പാർക്ക് വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങി. പടവുകൾക്ക് മീതെ ബോർഡുമായി സാറ കുതിക്കുന്നത് കാഴ്ചക്കാരിൽ നെഞ്ചിടിപ്പ് വർധിപ്പിക്കും. സാറയുടെ സ്കേറ്റിങ് പരിശീലനത്തിന്റെ സമയമനുസരിച്ചാണ് വീട്ടിലെ ഓരോ ദിവസവും ക്രമീകരിക്കുന്നതെന്ന് പിതാവ് ചിന്റു ഡേവിസ് പറയുന്നു. ദുബൈയിൽ താമസിച്ചിരുന്ന കുടുംബം മകളുടെ പരിശീലന സൗകര്യത്തിനായി ഷാർജയിലേക്ക് വീടുമാറി. വാരാന്ത്യങ്ങളിൽ സ്കേറ്റിങ് പാർക്കുകളിലായിരിക്കും കൂടുതൽ സമയവും ചെലവഴിക്കുന്നത്. വിവിധ പാർക്കുകളിൽ ആഴ്ചയിൽ മൂന്നുദിവസമെങ്കിലും സാറ പരിശീലനത്തിനെത്തുന്നുണ്ട്.
പരിശീലനത്തിനും മറ്റുമായി സമയം കണ്ടെത്തുകയെന്നുളളതാണ് പ്രധാനം. മറ്റെല്ലാ കാര്യങ്ങളും മാറ്റിവച്ച് സാറയുടെ ഇഷ്ടങ്ങള്‍ക്കൊപ്പം കുടുംബം ചേർന്നുനിൽക്കുന്നു. ചാംപ്യന്‍ഷിപ്പുകൾക്ക് മുന്നോടിയായി രാവിലെയും വൈകിട്ടും പരിശീലനം നടത്തും. സ്കൂളിൽ ക്ലാസുള്ള ദിവസങ്ങളില്‍ വൈകുന്നേരമാണ് പരിശീലനം.മത്സരങ്ങള്‍ക്ക് പങ്കെടുക്കാനും പരിശീലനത്തിനായും ക്ലാസുകള്‍ ഒഴിവാക്കേണ്ടിവരുമ്പോള്‍ സ്കൂൾ അധികൃതരും അധ്യാപകരും നല്കുന്ന പിന്തുണയിലാണ് പഠനം മുന്നോട്ടുപോകുന്നത്. 2022 ഏപ്രിലിൽ റോളർ സ്കേറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പഞ്ചാബിൽ നടത്തിയ നേഷണൽ റോളർ ഗെയിംസിൽ ആണ് ആദ്യമായി ക്വാർട്ടിൽ ഇറങ്ങുന്നത്. പക്ഷേ മത്സരത്തിന് മറ്റു സമ പ്രായക്കാർ ഇല്ലാത്തതിനാൽ സ്കിൽസ് ഡെമോൺസ്ട്രേഷൻ നടത്താനുള്ള അവസരം സംഘാടകർ നൽകി. കഴിഞ്ഞ ഒക്ടോബറില്‍ ഇറ്റലിയില്‍ നടന്ന പാർക്ക് വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. രാജ്യാന്തര സ്കേറ്റ് ബോർഡ് ടൂർണമെന്റുകളില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ഖ്യാതിയും ലഭിച്ചു. 2023ല്‍ പൂണയില് നടന്ന സ്കേറ്റ് ബോർഡിങ് മത്സരങ്ങളില്‍ ഗോള്‍ഡ് പാർക്ക് നേടി. മണിപ്പൂരില്‍ 2022-23ല്‍ നടന്ന ഓള് ഇന്ത്യ റാങ്കിങ് മത്സരത്തില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്. ഏഴു മുതല്‍ ഒമ്പതു വയസ്സുവരെയുളള കുട്ടികള്‍ക്കായി ബെംഗളൂരുവില്‍ 2022ല്‍ നടന്ന റോളർ നാഷനല്‍സില്‍ സില്‍വർ മെഡലായിരുന്നു സാറയ്ക്ക്.
ഒളിമ്പിക്സ് എന്ന ലക്ഷ്യത്തിലേ ക്കയാണ് ബോർഡിൽ കാലുറപ്പിച്ച് പറപറക്കുന്നത്. വർഷംതോറും നടക്കാറുള്ള രാജ്യാന്തര ചാംപ്യന്‍ഷിപ്പുകളിൽ പങ്കെടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഒളിംപിക് വേള്‍ഡ് സ്കേറ്റ് ബോർഡിങ് റാങ്കിങ് പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ 85 സ്ഥാനത്താണ് സാറയിപ്പോൾ, ഇന്ത്യയില്‍ നിന്ന് ഇതിൽ ഇടം പിടിച്ച ഏക പെണ്‍കുട്ടി. പാർക്, സ്ട്രീറ്റ് എന്നിങ്ങനെ രണ്ടു മത്സരവിഭാഗങ്ങളാണ് ഉള്ളത്. ഇതിൽ പാർക്ക് കാറ്റഗറിയിലാണിവൾ വൈദഗ്ദ്യം തെളിയിക്കുന്നത്. അവധിക്കാലത്ത് കേരളത്തിലേക്ക് പോകുമ്പോൾ സ്കേറ്റ് ബോർഡിങ് ചെയ്യാൻ മതിയായ സൗകര്യങ്ങൾ ഇല്ലാത്തതാണ് സാറയുടെ വലിയ സങ്കടം. അനിയത്തി നാലുവയസ്സുകാരി കാരൻ ജോ മാടമ്പിയും ചേച്ചിയുടെ വഴിയേ സ്കേറ്റിങ് ബോർഡിൽ കാലുറപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.