ഒഡീഷയിലെ ആദ്യ മുസ്‍ലിം വനിത എം.എൽ.എയായി ചരിത്രംകുറിച്ച് സോഫിയ ഫിർദൗസ്

ഭുവനേശ്വർ: ഒഡീഷയിലെ ആദ്യ മുസ്‍ലിം വനിത എം.എൽ.എയായി ചരിത്രം കുറിച്ച് സോഫിയ ഫിർദൗസ്. മാനേജ്മെന്റിലും എൻജിനീയറിങ്ങിലും ബിരുദമുള്ള സോഫിയ ബാരബതി-കട്ടക്ക് സീറ്റിൽ നിന്നാണ് കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒഡീഷ നിയമസഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മുസ്‍ലിം വനിത എം.എൽ.എ തെരഞ്ഞെടുക്കപ്പെടുന്നത്.

ബി.ജെ.പിയുടെ പൂർണ ചന്ദ്ര മഹാപാത്രയെ 8001 വോട്ടുകൾക്കാണ് സോഫിയ ഫിർദൗസ് തോൽപ്പിച്ചത്. ബിജു ജനതാദള്ളിന്റെ പ്രകാശ് ചന്ദ്ര ബെഹ്റയാണ് ഇവിടെ മൂന്നാമത്. ഇതേ സീറ്റിൽ നിന്നു തന്നെ എം.എൽ.എയായി ജയിച്ച മുഹമ്മദ് മൊക്വിമിന്റെ മകളാണ് സോഫിയ ഫിർദൗസ്. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് മുഹമ്മദ് മൊക്വിമിനെ അയോഗ്യനാക്കുകയായിരുന്നു. തുടർന്ന് സീറ്റിൽ നിന്നും സോഫിയയെ സ്ഥാനാർഥിയാക്കുകയായിരുന്നു.

കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിൽ നിന്നാണ് സോഫിയ എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയത്. ബംഗളൂരു ഐ.ഐ.എമ്മിൽ നിന്നും എക്സിക്യൂട്ടീവ് മാനേജ്മെന്റിലും ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പ് പിതാവിന്റെ ഉടമസ്ഥതയിലുള്ള മെട്രോ ബിൽഡേഴ്സിന്റെ ഡയറക്ടറായിരുന്നു സോഫിയ ഫിർദൗസ്. കോൺഫഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലെപ്പർ അസോസിയേഷൻ ഓഫ് ഇന്ത്യയുമായും ബന്ധപ്പെട്ട് ഇവർ പ്രവർത്തിച്ചിട്ടുണ്ട്.

സോഫിയ ഫിർദൗസ് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്മൂലപ്രകാരം അഞ്ച് കോടിയുടെ ആസ്തിയാണ് ഇവർക്കുള്ളത്. 28 ലക്ഷം രൂപയുടെ ബാധ്യതകളുമുണ്ട്. 2019ലെ തെരഞ്ഞെടുപ്പിൽ മുഹമ്മദ് മൊക്വിം രണ്ടായിരത്തിലേറെ വോട്ടുകൾക്കാണ് മണ്ഡലത്തിൽ നിന്നും വിജയിച്ചത്. ബി.ജെ.ഡിയുടെ ദേബാശിഷ് സാമന്ത്രയെയാണ്  തോൽപിച്ചത്. 2022 സ്​പെഷ്യൽ വിജിലൻസ് ജഡ്ജി മോക്വിമിനെ അഴിമതി കേസിൽ മൂന്ന് വർഷത്തേക്ക് ശിക്ഷിച്ചതോടെയാണ് അദ്ദേഹം അയോഗ്യനായത്.

Tags:    
News Summary - Meet Sofia Firdous, Odisha's first Muslim woman MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.