ദോഹ: ഹൈജംപ് ബാറിനു മുകളിൽ ഉയർന്നു പറന്ന് ഖത്തറിന്റെ അഭിമാനം മാനംമുട്ടെ ഉയർത്തുന്ന താരമാണ് ഒളിമ്പിക്സ് -ലോകചാമ്പ്യൻ താരമായ മുഅതസ് ബർഷിം. അതേ ചേട്ടന്റെ പാതയിൽ ദേശീയ ടീമിന്റെ അഭിമാനമായി മാറാൻ ഒരുങ്ങുകയാണ് ഖത്തർ ഫുട്ബാൾ ടീമിന്റെ വല കാക്കുന്ന 25കാരനായ മിഷാൽ ഈസാ ബർഷിം. രാജ്യത്തിന്റെ അഭിമാനമായ ചേട്ടന്റെ ഇളയ സഹോദരൻ. ഇതിനകം 33 മത്സരങ്ങളിൽ ഖത്തറിനുവേണ്ടി കളിച്ച താരത്തിന് സ്വന്തം മണ്ണിൽ ഏഷ്യൻ കപ്പിനുള്ള അരങ്ങേറ്റമാണിത്.
ഏഷ്യൻ കപ്പ് കിരീടം നിലനിർത്താനൊരുങ്ങുന്ന ആതിഥേയ ടീമിന് പൂർണ പിന്തുണ നൽകാൻ കഴിയുമെന്ന് വാക്കു നൽകുകയാണ് അൽസദ്ദ് താരമായ മിഷാൽ. അൽ ദുഹൈൽ താരം സലാഹ് സക്കറിയ, അൽസദ്ദ് ടീമിലെ സഹതാരം സഅദ് അൽ ഷീബ് എന്നിവരോടൊപ്പം മാർക്വസ് ലോപ്പസിന്റെ മികച്ച തെരഞ്ഞെടുപ്പ് കൂടിയാണ് മിഷാൽ ബർഷിം. നാലു വർഷം മുമ്പ് യു.എ.ഇയിൽ ഖത്തറിന്റെ കന്നിക്കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ച താരമാണ് സഅദ് അൽ ഷീബ്. ടൂർണമെന്റിലുടനീളം ഒരു ഗോൾ മാത്രം വഴങ്ങിയ അദ്ദേഹം, 609 മിനിറ്റ് ക്ലീൻ ഷീറ്റ് സ്വന്തമാക്കി ഭൂഖണ്ഡത്തിൽ റെക്കോഡ് സ്ഥാപിക്കുകയും ചെയ്തു. ഫൈനലിൽ ജപ്പാനെതിരെ ആയിരുന്നു ഷീബ് വഴങ്ങിയ ഏക ഗോൾ.
അതേസമയം, ലുസൈൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ലബനാനെ നേരിടുമ്പോൾ യു.എ.ഇയിൽ സഅദ് അൽ ഷീബ് അവസാനിപ്പിച്ചേടത്ത് നിന്നും തുടങ്ങാനാണ് ബർഷിമിന്റെ പദ്ധതി. ‘എന്റെ ആദ്യ ഏഷ്യൻ കപ്പാണിത്. ടീമിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷ. ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ദൗത്യം കഠിനമാണെന്നതിൽ സംശയമില്ല, എന്നാൽ സ്വന്തം നാട്ടുകാരെ സന്തോഷിപ്പിക്കാൻ പരമാവധി ശ്രമിക്കും’ -ക്യൂ.എഫ്.എക്കു നൽകിയ അഭിമുഖത്തിൽ ബർഷിം പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തിൽ എതിരാളികൾ, താരതമ്യേന ദുർബരായവരാണെങ്കിൽ നോക്കൗട്ട് റൗണ്ടുകളിൽ മത്സരം ഖത്തറിന് കഠിനമാകും. കിരീടം നിലനിർത്താൻ ശ്രമിക്കുന്ന ഖത്തറിനു മുന്നിൽ കനത്ത വെല്ലുവിളിയുയർത്തി ജപ്പാൻ, സൗദി അറേബ്യ, ഇറാൻ, ദക്ഷിണ കൊറിയ തുടങ്ങിയവരെല്ലാം ഉണ്ട്. ‘വലിയ വെല്ലുവിളിയാണ്. എന്നാൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഏഷ്യയിലെ മുൻനിര ടീമുകൾ ഏറ്റുമുട്ടുന്ന ഏറ്റവും വലിയ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തയാറെടുപ്പിലാണ് ഞങ്ങൾ. സ്വന്തം നാട്ടിൽ നടക്കുന്നുവെന്ന വലിയ ഘടകവും ഖത്തറിന് പിന്തുണ നൽകും’ -മിഷാൽ ബർഷിം പറഞ്ഞു.
ജനുവരി 17ന് അൽബെയ്ത്ത് സ്റ്റേഡിയത്തിൽ തജികിസ്താനുമായും 22ന് ഖലീഫ സ്റ്റേഡിയത്തിൽ ചൈനയുമായുമാണ് ഖത്തറിന്റെ ഗ്രൂപ് എയിലെ മറ്റു മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.