കായംകുളം: മാനവസൗഹൃദത്തിന് പുത്തൻ മാതൃകയൊരുക്കിയ ചേരാവള്ളി ജുമാമസ്ജിദ് മുറ്റത്തെ വിവാഹ ചടങ്ങ് വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ ഓണാട്ടുകരക്ക് അഭിമാന നിമിഷം. 2020 ജനുവരിയിൽ മസ്ജിദ് മുറ്റത്ത് ഒരുക്കിയ കതിർമണ്ഡപത്തിൽ ഹിന്ദു സമുദായക്കാരിയായ അഞ്ജുവിനെ ശരത് മിന്ന് ചാർത്തിയത് സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് സൗഹാർദത്തിന്റെ മാതൃക വീണ്ടും ചർച്ചയായത്. ‘ദ കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിനിടെയാണ് കേരളത്തിന്റെ മതസൗഹാർദ വിഡിയോ അദ്ദേഹം പങ്കുവെച്ചത്.
ചേരാവള്ളി ക്ഷേത്രത്തിനു സമീപം അമൃതാഞ്ജലിയിൽ പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകൾ അഞ്ജുവിന്റെ വിവാഹ ചടങ്ങുകളാണ് ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി ഏറ്റെടുത്ത് നടത്തിയത്. അശോകന്റെ അപ്രതീക്ഷിത വിയോഗമാണ് മാതൃകാപരമായ വിവാഹ ചടങ്ങിന് വഴിയൊരുക്കിയത്. പള്ളി മിനാരത്തോട് ചേർന്നുള്ള കതിർമണ്ഡപത്തിൽ നടന്ന ചടങ്ങിന് സാക്ഷികളാകാൻ അന്ന് ആയിരങ്ങളെത്തിയിരുന്നു.
ഭർത്താവ് അശോകൻ അപ്രതീക്ഷിതമായി വിടപറഞ്ഞപ്പോൾ ബിന്ദു ചേരാവള്ളി ജമാഅത്ത് ഭാരവാഹികളോട് സഹായം അഭ്യർഥിക്കുകയായിരുന്നു. പിന്നീട് മകളുടെ വിവാഹ നടത്തിപ്പിന് സഹായം അഭ്യർഥിച്ച് ചേരാവള്ളി ജമാഅത്ത് സെക്രട്ടറി നുജുമുദ്ദീൻ ആലുംമൂട്ടിലിനെയും കണ്ടു. ഇത് സന്തോഷപൂർവം അദ്ദേഹം ഏറ്റെടുത്തു. ഇതിനെ കമ്മിറ്റിയും ജമാഅത്ത് അംഗങ്ങളും ഒന്നായി പിന്തുണക്കുകയും ചെയ്തു.
ജമാഅത്ത് കമ്മിറ്റിയുടെ പേരിൽ ഇറങ്ങിയ വിവാഹ ക്ഷണക്കത്ത് അതിവേഗമാണ് അന്ന് വൈറലായത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ സമൂഹ മാധ്യമ ഫേസ്ബുക്ക് കുറിപ്പുകളിലൂടെ വിവാഹ ചടങ്ങിന്റെ മഹത്ത്വം പങ്കുവെച്ചു. ‘മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകൾ കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരു ഏടാണ് ഇന്ന് ചേരാവള്ളി പള്ളിയിൽ രചിക്കപ്പെട്ടത്. വധൂവരൻമാർക്കും പള്ളി കമ്മിറ്റിക്കും ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേർന്ന പോസ്റ്റിനൊപ്പം വിവാഹ ചടങ്ങിന്റെ ചിത്രവും മുഖ്യമന്ത്രി ചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.