ചെറുതോണി: കറുത്ത നൂലും കുറച്ച് മുള്ളാണികളും ഒരു പ്ലൈവുഡുമുണ്ടെങ്കിൽ മുഹമ്മദ് യാസീൻ എന്ന ഒമ്പതാം ക്ലാസുകാരൻ ആരുടെയും ചിത്രം മനോഹരമായി വരക്കും. ത്രഡ് ആർട്ടിലൂടെയാണ് മുഹമ്മദ് യാസീൻ എന്ന 13കാരൻ ശ്രദ്ധേയനായിരിക്കുന്നത്. തൂക്കുപാലം വിജയമാത പബ്ലിക് സ്കൂളിൽ ഒമ്പതാം ക്ലാസിലേക്ക് വിജയിച്ച മുഹമ്മദ് യാസീൻ മുഖചിത്രം വരക്കാൻ പഠിച്ചത് യൂട്യൂബിലൂടെയാണ്.
പ്രിൻസിപ്പൽ സിസ്റ്റർ ബീനയുടെ മുഖചിത്രമാണ് ആദ്യമായി വരച്ചത്. കട്ടപ്പന ഗവ. കോളജിലെ സീനിയർ ക്ലർക്കായ തൂക്കുപാലം സീനത്ത് മൻസിൽ ഹാരിസിന്റെയും ഇബനയുടെയും മകനാണ് മുഹമ്മദ് യാസീൻ. ഹാരിസ് തന്റെ സഹപ്രവർത്തകനും ഗവ. കോളജ് ലൈബ്രറി അസിസ്റ്റന്റുമായ ബെന്നി ജോസഫ് സർവിസിൽനിന്ന് വിരമിച്ചപ്പോൾ സമ്മാനം നൽകാൻ മകനായ യാസീനോട് ത്രഡ് ആർട്ട് മുഖചിത്രം വരക്കാൻ അവശ്യപ്പെട്ടിരുന്നു. മൊബൈൽ ഫോണിൽ കാണിച്ചുകൊടുത്ത ബെന്നിയുടെ മുഖചിത്രമാണ് മുഹമ്മദ് യാസീൻ രണ്ടാമതായി നിർമിച്ചത്.
ഇതിനായി നാലായിരം മീറ്റർ കറുത്ത നൂലും കുറച്ച് മൊട്ടുസൂചിയുമാണ് വേണ്ടിവന്നത്. എട്ടോളം ദിവസം വേണ്ടിവന്നു ചിത്രം തയാറാക്കാൻ. മറ്റ് പരിശീലനങ്ങളില്ലാതെയാണ് ത്രഡ് ആർട്ടിലുള്ള കഴിവ് യാസീൻ വികസിപ്പിച്ചത്. പിന്തുണയും പ്രോത്സാഹനവുമായി മാതാപിതാക്കൾ കൂടെയുണ്ട്. മാതാപിതാക്കളുടെ മുഖചിത്രം ത്രഡ് ആർട്ടിൽ തയാറാക്കുകയെന്നതാണ് മുഹമ്മദ് യാസീന്റെ അടുത്ത പരിപാടി. യാസീന് എൽ.കെ.ജിയിൽ പഠിക്കുന്ന മുഹമ്മദ് ഫഹദ് എന്ന സഹോദരൻകൂടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.