ദോഹ: ജീവിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന അഞ്ച് മാതൃകാ രാഷ്ട്രങ്ങളിലൊന്നായി അറബ് യുവാക്കൾ തിരഞ്ഞെടുക്കുന്നത് ഖത്തറിനെ. യു.എ.ഇ ആസ്ഥാനമായുള്ള അസ്ദ ബി.സി.ഡബ്ല്യൂ നടത്തിയ യൂത്ത് സർവേയിലാണ് അറബ് ലോകത്തെ യുവസമൂഹം ജീവിക്കാൻ ഇഷ്ടപ്പെടുന്ന രാജ്യങ്ങളിലൊന്നായി ഖത്തറിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ബ്രിട്ടനേക്കാളും ഖത്തറിലാണ് തങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നതെന്ന് അറബ് യുവതീ-യുവാക്കൾ സർവേയിൽ വെളിപ്പെടുത്തുന്നു. സൗദി അറേബ്യ ബ്രിട്ടനൊപ്പം പട്ടികയിൽ അഞ്ചാമതായി ഇടം പിടിച്ചു.
മേഖലയിലെ 18 രാജ്യങ്ങളിലായി നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ 24 ശതമാനം പേരും യു.എ.ഇയെ തിരഞ്ഞെടുത്തപ്പോൾ 14 ശതമാനം പേർ ഖത്തറിനെയാണ് തിരഞ്ഞെടുത്തത്. 19 ശതമാനം വീതം ആളുകൾ അമേരിക്കക്കും കാനഡക്കും മുൻഗണന നൽകിയപ്പോൾ ബ്രിട്ടന് ലഭിച്ചത് 13 ശതമാനം മാത്രം.
മാർച്ച് 27 മുതൽ ഏപ്രിൽ 12 വരെ 18നും 24നും പ്രായമുള്ള 3600 അറബ് പൗരന്മാരെ അവരുടെ മാതൃരാജ്യങ്ങളിൽ നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 2022ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് ഫുട്ബാളാണ് അറബ് യുവത്വത്തിന്റെ മനസ്സിൽ ഖത്തറിനെ ഇഷ്ട രാജ്യങ്ങളിലൊന്നാക്കി മാറ്റിയതെന്ന് സർവേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
അറബ് നാടുകളുടെ അഭിമാനമായും പ്രാദേശിക സമ്പദ് വ്യവസ്ഥ വളർത്തുന്നതിൽ സ്വാധീനശക്തിയായും ഫിഫ ലോകകപ്പ് മാറിയെന്നും അസ്ദാ ബി.സി.ഡബ്ല്യു സ്ഥാപകനും പ്രസിഡന്റുമായ സുനിൽ ജോൺ പറഞ്ഞു.സാംസ്കാരിക വിനിമയത്തിനുള്ള വേദിയായി ലോകകപ്പിനെ മാറ്റിയ ഖത്തർ, മേഖലയെ സംബന്ധിച്ച വാർപ്പുമാതൃകകളെയും പൊതുബോധത്തെയും തകർത്ത് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ മുസ്ലിം, അറബ് രാജ്യമായി ചരിത്രം സൃഷ്ടിച്ചിരുന്നു.
ടൂർണമെന്റ് ചരിത്രത്തിലെ സുരക്ഷിതവും മികച്ച ടൂർണമെന്റും എന്നാണ് ഖത്തർ ആതിഥ്യം വഹിച്ച കായിക മാമാങ്കത്തെ വിശേഷിപ്പിക്കുന്നത്. സർവേയിൽ പങ്കെടുത്ത 87 ശതമാനം അറബ് യുവാക്കളിൽ ഭൂരിഭാഗവും ഖത്തറിന്റെ നേട്ടങ്ങളെ ഉദ്ധരിച്ച് ലോകകപ്പ് അറബ് അഭിമാനത്തെ ശക്തിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി.
സമീപകാല നേട്ടങ്ങളും ഫിഫ ലോകകപ്പിലെ വിജയകരമായ ആതിഥേയത്വവും ഖത്തറിൽ മാത്രമല്ല, അറബ് ലോകത്തെ യുവാക്കളുടെയും അംഗീകാരം നേടിയതായും അടിസ്ഥാന സൗകര്യങ്ങളിലെ വലിയ തോതിലുള്ള നിക്ഷേപവും ദ്രുതഗതിയിലുള്ള സാമ്പത്തിക വൈവിധ്യവത്കരണവും അറബ് യുവാക്കളുടെ മുൻഗണനാ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഇടം നേടിയതിനുപിന്നിലെ പ്രധാന ഘടകങ്ങളാണെന്നും ജോൺ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.