ചേലേമ്പ്ര : വാഴയൂർ കയത്തിൽ ഒരു കിലോമീറ്ററും 100 മീറ്ററും തുടർച്ചയായി നീന്തിക്കയറി ആറുവയസ്സുകാരി നൈന മെഹക്. 250 മീറ്റർ നീളം വരുന്ന വാഴയൂർ കയത്തിൽ ഒരു റൗണ്ട് ( 500 മീറ്റർ) നീന്തുക എന്ന ലക്ഷ്യത്തോടെയാണ് സ്വിംഫിൻ സ്വിമ്മിങ് അക്കാദമി താരം വൈകീട്ട് 4.30ന് കയത്തിൽ നീന്തൽ ആരംഭിച്ചത്. കയത്തിന് ചുറ്റും കൂടിയ ജനസഞ്ചയം കൈയടിച്ചും ആർപ്പുവിളികളോടെയും കൊച്ചു നൈന മെഹകിനെ പ്രോത്സാഹിപ്പിച്ചത് ഒരു റൗണ്ട് നീന്തൽ പൂർത്തിയാക്കാനായാണ്.
എന്നാൽ കാഴ്ചക്കാരെ അമ്പരപ്പിച്ചുകൊണ്ട് പരിശീലകൻ ഹാഷിർ ചേലൂപ്പാടത്തിന്റെ പിന്തുണയോടെ കുഞ്ഞുതാരം ഒരു തവണ കൂടി കയം നീളത്തിൽ നീന്തി. 1100 മീറ്റർ പൂർത്തിയാക്കി റെക്കോർഡ് ജയം കൈവരിക്കുകയും ചെയ്തു. നീന്തൽ യജ്ഞം വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസുദേവൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഹഫ്സത് ബീവി അധ്യക്ഷത വഹിച്ചു.
വാഴയൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പ്രസീദ തേക്കുംതോട്ടത്തിൽ, ഗ്രാമപഞ്ചായത്ത് അംഗം ജമീല തുടങ്ങിയവർ സംസാരിച്ചു. ചേലേമ്പ്ര കാട്ടുകുഴിങ്ങര കെ.പി. ഹൗസിൽ ജമ്നാസ് ബാബു-ഷംന ദമ്പതിമാരുടെ മകളാണ് നൈന മെഹക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.