കാഞ്ഞാണി: യൂ ട്യൂബ് ഗുരുവായതോടെ പ്രസിന്തിന്റെ മോഹങ്ങൾ ചിറകുവിടർത്തി ഡ്രോൺ രൂപത്തിൽ ആകാശത്തിൽ പറന്നുയർന്നു. കാഞ്ഞാണി മണലൂർ സ്വദേശിയും ഭാരതീയ വിദ്യാമന്ദിറിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമായ പ്രസിന്തിന് ഡ്രോൺ നിർമാണം കുട്ടിക്കളിയല്ല.
യൂ ട്യൂബിൽനിന്ന് ഡ്രോൺ നിർമിക്കുന്ന വിദ്യ സൂക്ഷ്മതയോടെ നോക്കിക്കണ്ടു പഠിക്കുകയും അതിനുവേണ്ട സാമഗ്രികൾ വാങ്ങിച്ച് അസംബിൾ ചെയ്യുകയും ചെയ്തപ്പോൾ കൊച്ചുമനസ്സിൽ മൊട്ടിട്ട ആഗ്രഹങ്ങൾ ചിറകുവിടർത്തി പറന്നു. മണലൂർ ബാങ്ക് സെൻററിനു സമീപം റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനായ കാട്ടിക്കോവിൽ പ്രകാശന്റെയും ഭാര്യ സുനന്ദയുടെ രണ്ടു മക്കളിൽ ഇളയവനാണ് പ്രസിന്ത്.
ഡ്രോൺ നിർമിതിക്കാവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളും പറപ്പിക്കാനുള്ള പ്രൊപ്പല്ലറുകളും ഇതു നിയന്ത്രിക്കുന്നതിനുള്ള റിമോട്ട് നിർമാണത്തിനുള്ള സാമഗ്രികളുമെല്ലാം ഈ കൊച്ചു മിടുക്കൻ തന്നെയാണ് സൂക്ഷ്മതയോടെ നിർമിച്ചത്. ഏകദേശം 3000 രൂപയോളം ചെലവിട്ട ചെറിയ ഡ്രോണാണ് രൂപകൽപന നടത്തിയത്. നല്ലൊരു ചിത്രകാരൻ കൂടിയാണ് പ്രസിന്ത്. ബി.ഡി.എസ് വിദ്യാർഥിയായ പ്രണവ് സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.