കുവൈത്ത് സിറ്റി: ഒരു ടൂർണമെന്റിൽ സ്വർണവും വെള്ളിയും അടക്കം ഒമ്പതു മെഡലുകൾ. രണ്ടു വിഭാഗത്തിൽ സെമിഫൈനൽ പ്രവേശനം. ബാഡ്മിന്റണിൽ സ്വപ്നനേട്ടം കൊയ്ത് പ്രതീക്ഷയോടെ മുന്നേറുകയാണ് കുവൈത്ത് മലയാളികളായ സഹോദരങ്ങൾ. ജോവാൻ ജോബി (15), ജീസ് ജോബി(13), ജുവാന ജോബി (11) എന്നിവരാണ് കോട്ടയം ജില്ല ബാഡ്മിന്റൺ ടൂർണമെന്റിൽ അപൂർവ നേട്ടം കൊയ്തത്. അണ്ടർ11 ഗേൾസ് സിംഗ്ൾസ് ജേതാവും ഡബ്ൾസ് റണ്ണറപ്പുമായി ജുവാന ജോബി ഒരു സ്വർണവും വെള്ളിയും നേടി.
അണ്ടർ13 ബോയ്സ് സിംഗ്ൾസ്, ഡബ്ൾസ് വിഭാഗത്തിൽ ജേതാവായ ജീസ് ജോബി അണ്ടർ15 ബോയ്സ് സിംഗ്ൾസ് വിഭാഗത്തിലും മത്സരിച്ച് രണ്ടാം സ്ഥാനം നേടി. അണ്ടർ15 ഡബ്ൾസിൽ സെമിഫൈനലിലുമെത്തി. അണ്ടർ15 വിഭാഗം ഡബിൾസിലും മിക്സഡ് ഡബ്ൾസിലും ജോവാൻ ജോബി രണ്ടാം സ്ഥാനം നേടി. സിംഗ്ൾസിൽ സെമിഫൈനലിലുമെത്തി.
കുവൈത്ത് അൽ ബാബ്റ്റെയിൻ ഗ്രൂപ് കമ്പനിയിൽ ഐ.ടി വിഭാഗം ജീവനക്കാരനായ പുളിക്കോലിൽ ജോബിയുടെയും മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ നഴ്സായ ദീപയുടെയും മക്കളാണ് മൂന്നു പേരും.
കുവൈത്തിൽ ഇന്ത്യൻ ലേണേഴ്സ് ഓൺ അക്കാദമി വിദ്യാർഥികളായ മൂന്നുപേരും അവധിക്കാലത്ത് നാട്ടിൽ പോയപ്പോഴാണ് ടൂർണമെന്റിൽ പങ്കാളികളായത്. മാതാവ് ദീപയും കുട്ടികൾക്ക് പിന്തുണയുമായി കൂടെയുണ്ട്.
കുവൈത്തിൽ കോച്ച് അർഷാദിന്റെയും ഐ.എസ്.എ അക്കാദമിയിലെ റോഷന്റെയും കീഴിലാണ് പരിശീലനം നടത്തുന്നത്. അടുത്ത മാസം തൊടുപുഴയിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിലും മൂന്നുപേരും പങ്കെടുക്കും. ഇതിനായി എറണാകുളം എ.ജെ.കെ.ബി.എ അക്കാദമിയിൽ മൂവരും പരിശീലനം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനതല മത്സരത്തിലും നേട്ടം കൊയ്ത് മുന്നേറാനാണ് മൂന്നുപേരുടെയും ലക്ഷ്യം. ബാഡ്മിന്റണിൽ കുട്ടികൾ വളരെ താൽപര്യം കാണിക്കുന്നതായും പരിശീലനവും സൗകര്യവും ഒരുക്കി നൽകാൻ ശ്രദ്ധിക്കാറുണ്ടെന്നും പിതാവ് ജോബി പറഞ്ഞു. 17 വർഷമായി കുവൈത്തിലുള്ള ജോബിയും കുടുംബവും അബ്ബാസിയയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.