കോട്ടയം: നോക്കുവിദ്യ പാവകളിയെ ജീവിതത്തോട് ചേർത്തുനിർത്തുന്ന കെ.എസ്. രഞ്ജിനിയെ തേടി ആദ്യ അവാർഡ്. കേരള ഫോക്ലോർ അക്കാദമിയുടെ 2022ലെ യുവപ്രതിഭ പുരസ്കാരമാണ് മോനിപ്പള്ളി കരോട്ടെത്തറയിൽ കെ.എസ്. രഞ്ജിനിക്ക് (23) ലഭിച്ചത്. ‘ആദ്യമായാണ് അംഗീകാരം ലഭിക്കുന്നത്. അത് ഫോക്ലോർ അക്കാദമിയുടേതാണെന്നത് ഏറെ ആഹ്ലാദം പകരുന്നു. അവാർഡ് വിവരം അറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു’- കെ.എസ്. രഞ്ജിനി ‘മാധ്യമ’ ത്തോട് പറഞ്ഞു.
15 വർഷമായി നോക്കുവിദ്യ പാവകളി രംഗത്ത് പ്രവർത്തിക്കുന്ന രഞ്ജിനി വീടിന് സമീപത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. കേരളത്തിനും പുറത്തും നിരവധി വേദികളിൽ പരിപാടി അവതരിപ്പിച്ചുവരുന്ന രഞ്ജിനി, മുത്തശ്ശി പങ്കജാക്ഷിയമ്മയിൽനിന്നാണ് പാവകളിയുടെ ‘വിദ്യകൾ’ പഠിച്ചെടുത്തത്.
നോക്കുവിദ്യ പാവകളിയെ തനിമയോടെ നിലനിർത്തുകയെന്ന ദൗത്യം ഏറ്റെടുത്തതിന് അംഗീകാരമായി 2019ൽ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷിയമ്മക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചിരുന്നു. 70 വർഷത്തിലേറെ നോക്കുവിദ്യ പാവക്കളി അവതരിപ്പിച്ച പങ്കജാക്ഷിയമ്മ ഇപ്പോൾ വിശ്രമത്തിലാണ്. ഇതോടെയാണ് മുത്തശ്ശി പഠിപ്പിച്ച നോക്കുവിദ്യയുടെ ബാലപാഠങ്ങൾ സ്വന്തമായി പരിശീലിച്ച് അരങ്ങിൽ രഞ്ജനി വിസ്മയം തീർക്കാൻ ആരംഭിച്ചത്. ഈ യാത്ര 15ാം വർഷത്തിലേക്ക് എത്തുമ്പോഴാണ് ഫോക്ലോർ അക്കാദമിയുടെ അംഗീകാരം യുവകാലാകാരിയെ തേടിയെത്തുന്നത്.
എട്ടാം വയസ്സ് മുതലാണ് രഞ്ജിനി നോക്കുവിദ്യ പഠിച്ചുതുടങ്ങിയത്. മറ്റുള്ളവരെ പഠിപ്പിച്ച് കൊടുക്കാൻ രഞ്ജിനി തയാറാണെങ്കിലും ഇതുവരെയും ആരും സമീപിച്ചിട്ടില്ല. രഞ്ജിനിയാണ് നോക്കുവിദ്യ പാവകളി അവതരിപ്പിക്കുന്ന ഏക മലയാളി.
മൂക്കിനും മേൽച്ചുണ്ടിനും ഇടയിലുള്ള ഭാഗത്ത് ചെറിയൊരു തണ്ടിൽ ചെറുപാവകളെ ചലിപ്പിച്ച് കഥപറയുന്ന രീതിയാണ് നോക്കുവിദ്യ പാവകളി. തോൽപാവക്കളി പരിചിതമാണെങ്കിലും നോക്കുവിദ്യ അന്യംനിന്നുകൊണ്ടിരിക്കുകയാണ്. രണ്ടടി നീളമുള്ള കമ്പിലാണ് പാവകളെ ഉറപ്പിച്ച് നിർത്തുന്നത്. എന്നിട്ട് അത് മേൽച്ചുണ്ടിൽ ബാലൻസ് ചെയ്യും. പാവകളെ ബന്ധിപ്പിച്ചിരിക്കുന്ന ചരട് പാട്ടിന്റെ താളത്തിനും കഥക്കും അനുസരിച്ച് കൈകൾകൊണ്ട് മെല്ലെ ചലിപ്പിക്കും.
പാലയുടെ തടിയിലാണ് പാവകളെ കൊത്തിയെടുത്തിരിക്കുന്നത്. മഹാഭാരത, രാമായണ കഥകളാണ് കൂടുതലായി അവതരിപ്പിക്കുന്നത്. വേലപണിക്കർ എന്ന സമുദായത്തിന്റെ പാരമ്പര്യ കലാരൂപമാണ് നോക്കുവിദ്യ. ഓണനാളുകളിൽ അവതരിപ്പിച്ചിരുന്നതിനാൽ ഓണംതുള്ളൽ എന്നായിരുന്നു ആദ്യകാലത്ത് നോക്കുവിദ്യ അറിയപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.