ഇത് വെറും ക്രേസ് അല്ല

ബിസിനസുകാർ ധാരാളമുണ്ട് നമ്മുെട കേരളത്തിൽ. പക്ഷേ, ദേശീയ-അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന എത്ര ബ്രാൻഡുകളുണ്ട് നമുക്ക് സ്വന്തമായി? വിരലിൽ എണ്ണാൻപോലുമില്ല. അതിന്റെ കാരണം ലളിതമാണ്. വൻകിട ബിസിനസ് ചെയ്യണമെന്ന് തോന്നുന്നവരെല്ലാം കേരളത്തിന്റെ പുറത്തേക്ക് പോകുന്നതാണ് പതിവ്. അവിടെയാണ് അബ്ദുൽ അസീസ് ചോവഞ്ചേരി എന്ന തനി മലയാളി വ്യത്യസ്തനാകുന്നത്. കേരളത്തിെന്റ സ്വന്തം 'അന്താരാഷ്ട്ര ബ്രാൻഡ്' എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനിടെ അദ്ദേഹം സംസാരിക്കുന്നു.

ഇഷ്ടം എന്നും വേറിട്ട വഴികൾ

കച്ചവട പാരമ്പര്യമുള്ള കുടുംബത്തിൽതന്നെയായിരുന്നു അബ്ദുൽ അസീസ് ജനിച്ചത്. പഠനകാലത്ത് മുത്തച്ഛന്റെ വ്യാപാരസ്ഥാപനത്തിൽ സഹായിയായാണ് തുടക്കം. കച്ചവടത്തിന്റെ ബാലപാഠങ്ങളെല്ലാം പകർന്നുെകാടുത്തതും മുത്തച്ഛൻതെന്ന. മലയാളികൾ മലബാറിൽനിന്ന് കൂട്ടത്തോടെ ഗൾഫിലേക്ക് ചേക്കേറുന്ന കാലം. അബ്ദുൽ അസീസും സൗദിയിലേക്ക് പുറപ്പെട്ടു. സൗദിയിെലത്തി പഴം, പച്ചക്കറി വിതരണവും റീട്ടെയിൽ വ്യാപാരവും ആരംഭിച്ചു. എന്നും വ്യത്യസ്ത വഴികളിലൂടെ നടക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം. കേരളത്തിൽനിന്നുള്ള സംരംഭകരും വ്യവസായികളും മലയാളികളുടെയും ഇന്ത്യക്കാരുടെയും അഭിരുചികളിൽ ശ്രദ്ധകേന്ദ്രീകരിച്ച് ബിസിനസിലേക്കിറങ്ങിയപ്പോൾ അബ്ദുൽ അസീസ് വേറൊരു വഴി കണ്ടെത്തുകയായിരുന്നു. സൗത്ത് ഈസ്റ്റ് ഏഷ്യയിൽനിന്നുള്ള ധാരാളം ആളുകൾ ഗൾഫിലേക്ക് ചേക്കേറുന്ന കാലംകൂടിയായിരുന്നു അത്, പ്രത്യേകിച്ച് ഫിലിപ്പീൻസിൽനിന്നുള്ളവർ. ഇന്ത്യക്കാരെ പോലെതന്നെ പ്രബല വിഭാഗമാണ് ഗൾഫിൽ സൗത്ത് ഈസ്റ്റ് ഏഷ്യക്കാർ. അവരെ മുന്നിൽക്കണ്ട് ബിസിനസ് ചെയ്താൽ എന്താകും എന്നതായിരുന്നു പിന്നീടുള്ള ചിന്ത. അങ്ങനെ സൗത്ത് ഈസ്റ്റ് ഏഷ്യക്കാരെ കേന്ദ്രീകരിച്ച് റീട്ടെയിൽ സംരംഭം തുടങ്ങി. ആദ്യ ശ്രമംതന്നെ വൻ വിജയമായിരുന്നു. സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ, ആഫ്രിക്കൻ രാജ്യങ്ങളിലായി നൂറോളം സൂപ്പർ മാർക്കറ്റുകളുടെ ശൃംഖലയുണ്ട് അബ്ദുൽ അസീസിന്റെ 'ആസ്കോ ഗ്ലോബലി'ന് ഇന്ന്. ഇറക്കുമതി, വിതരണം. അന്താരാഷ്ട്ര വ്യാപാരം, ഭക്ഷ്യ ഉൽപന്ന റസ്റ്റാറന്റ് ശൃംഖല എന്നിവയിലേക്ക് പിന്നീട് ഈ സംരംഭം വ്യാപിച്ചു.

കേരളം 'ക്രേസ്' ആകുന്നു

ലോകവിപണിയിൽ സംരംഭക വിജയം നേടിയ അബ്ദുൽ അസീസിന് പിന്നീടുണ്ടായിരുന്നത് 'കേരളം' എന്ന സ്വപ്നമായിരുന്നു. അടുത്ത നിക്ഷേപം നടത്തുന്നുണ്ടെങ്കിൽ അത് ജനിച്ചുവളർന്ന നാട്ടിലാകണം എന്ന ആ സ്വപ്നമാണ് കേരളത്തിന്റെ അന്താരാഷ്ട്ര ബ്രാൻഡ് ആകാനൊരുങ്ങുന്ന 'ക്രേസ്' എന്ന സംരംഭത്തിനു പിന്നിൽ. കേരളത്തിന് സ്വന്തമായി ഒരു അന്താരാഷ്ര്ട ബിസ്കറ്റ് ബ്രാൻഡ്, അതാണ് 'ക്രേസ്'. ആ ബ്രാൻഡിനു പിന്നിലുമുണ്ട് ഒരു കഥ.

അബ്ദുൽ അസീസ് ഗൾഫിലേക്കു പോകുന്ന കാലം. കളർ ടി.വിയൊക്കെ വരുന്നതേയുള്ളൂ. അക്കാലത്തെ സൂപ്പർ ഹിറ്റായിരുന്നു 'ക്രേസ്' ബിസ്കറ്റും എ.ആർ. റഹ്മാന്റെ സംഗീതത്തിലുള്ള ജിംഗിളോടുകൂടിയ അതിന്റെ പരസ്യവും. മലയാളികൾക്ക് ഏറെ ഗൃഹാതുരത്വം ഉണർത്തുന്ന ഒരു ബ്രാൻഡ് ആയിരുന്നു അത്. വലിയ തുക കൊടുത്ത് ആ ബ്രാൻഡിനെ സ്വന്തമാക്കിയതിലുമുണ്ടായിരുന്നു അബ്ദുൽ അസീസിന്റെ ആ ഗൃഹാതുര ഓർമകൾ.



രാജ്യത്തെ ഏറ്റവും മികച്ചതും കേരളത്തിലെ ഏറ്റവും വലുപ്പമേറിയതുമായ ഫാക്ടറിയാണ് 'ക്രേസി'നായി അബ്ദുൽ അസീസ് യാഥാർഥ്യമാക്കിയത്. ഒന്നരലക്ഷം ചതുരശ്ര അടി വലുപ്പത്തിൽ കോഴിക്കോട് കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫാക്ടറി. ലോകോത്തര നിലവാരത്തിലുള്ള മെഷിനറികളും ഏറ്റവും മികച്ച ഫുഡ് ടെക്നോളജിയുമാണ് ക്രേസിന്റേത്. ലോകോത്തര ബിസ്കറ്റുകൾ സൃഷ്ടിച്ച ഇന്റർനാഷനൽ ഫുഡ് ടെക്നോളജിസ്റ്റുകൾ നേരിട്ടു തയാറാക്കുന്ന രുചിക്കൂട്ടുകളിലായിരിക്കും ക്രേസ് ഉടൻവിപണിയിലെത്തുക. നാൽപതോളം രുചിഭേദങ്ങളിൽ ക്രേസ് എത്തും. 500ലധികം തൊഴിലാളികൾക്ക് നേരിട്ടും 1000ത്തിലേറെ പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്ന സംരംഭംകൂടിയാകും ഇത്.

കേരളത്തിന്റെ സംരംഭക ഇടപെടലുകൾ

കേരളത്തിന്റെ മാറിയ സംരംഭക ഇടപെടലാണ് ക്രേസിനെ യാഥാർഥ്യമാക്കിയതെന്ന് അബ്ദുൽ അസീസ് പറയുന്നു. വ്യവസായങ്ങളുടെ എല്ലാവിധ തടസ്സങ്ങളും ഒഴിവാക്കുന്ന ഏകജാലക സംവിധാനം ഏറെ ഗുണംചെയ്തു. വ്യവസായ മന്ത്രി പി. രാജീവിന്റെ ഇടപെടലുകൾ കേരളം എത്ര വ്യവസായ സൗഹൃദമാണെന്ന് തെളിയിക്കുന്നതുകൂടിയായിരുന്നു. ഗൾഫിലെല്ലാം സംരംഭകർക്ക് ലഭിക്കുന്ന വേഗതയുള്ള ഇടപെടലുകളായിരുന്നു സംസ്ഥാന സർക്കാറിൽനിന്നും ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. മേയ് 17ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ക്രേസ് ബ്രാൻഡ് ഉദ്ഘാടനം ചെയ്യുക. വ്യവസായ മന്ത്രി പി. രാജീവ് ഫാക്ടറി കെട്ടിടവും ഉദ്ഘാടനം ചെയ്യും.

കേരളത്തിലേക്ക് ഇത്ര വലിയ വ്യവസായ പദ്ധതിയുമായി വന്നപ്പോൾ അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളുമെല്ലാം പിന്തിരിപ്പിക്കാനായിരുന്നു ശ്രമിച്ചതെന്ന് അദ്ദേഹം പറയുന്നു. കേരളം നിക്ഷേപ സൗഹൃദ സ്ഥലമല്ല എന്ന പ്രചാരണം നടക്കുന്ന സമയമായിരുന്നു അത്. എന്നാൽ, ആ പ്രചാരണം തീർത്തും തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു സർക്കാറിന്റെ സമീപനം. അതാണ് 'ക്രേസി'ന്റെ പിറവിക്ക് ആക്കംകൂട്ടിയതും.

യൂറോപ്പിലേക്കല്ല, കേരളത്തിലേക്ക്

ആദ്യം യൂറോപ്പിൽ നടത്താനിരുന്ന നിക്ഷേപമാണ് ക്രേസിലൂടെ കേരളത്തിലേക്ക് എത്തുന്നത്. അതിനുപിന്നിൽ അബ്ദുൽ അസീസിന് 'സ്വന്തം നാട്' എന്ന വികാരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ''ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ പ്രശസ്തമാണ് കേരളം. എല്ലാവർക്കും എന്തും വിൽക്കാൻ പറ്റുന്ന ഇടം. എന്നാൽ, ഇവിടെനിന്നും ദേശീയ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ബ്രാൻഡുകൾ വളരെ ചിലതുമാത്രമേ ഉണ്ടായിട്ടുള്ളൂ. പ്രത്യേകിച്ച് എഫ്.എം.സി.ജി മേഖലയിൽ. ഈ സാഹചര്യത്തിലാണ് ഏറ്റവും മത്സരമുള്ള ബിസ്കറ്റ് എന്ന ഉൽപന്നവുമായി കേരളത്തിൽനിന്നുള്ള ബ്രാൻഡ് ലോകവിപണിയിൽ എത്തുന്നത്. വിവിധ രാജ്യങ്ങളിലായി സൂപ്പർമാർക്കറ്റുകൾ വഴി ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം.'' കേരളത്തിന്റെ രുചിയും ബ്രാൻഡും അന്താരാഷ്ട്ര നിലവാരത്തിൽ അവതരിപ്പിക്കാം എന്ന ഉറേപ്പാടെ അബ്ദുൽ അസീസ് പറയുന്നു. കൊറോണ പ്രതിസന്ധികൾ മൂർച്ഛിച്ചു നിൽക്കുന്നതിനിടയിൽ എല്ലാവരും നിക്ഷേപങ്ങൾ നടത്താതിരുന്ന സമയത്ത് 150 കോടി നിക്ഷേപിച്ചുകൊണ്ടായിരുന്നു ഇവിടത്തെ സംരംഭത്തിന്റെ ആരംഭം എന്ന് കേൾക്കുമ്പോൾതന്നെ നാടിനോടുള്ള അദ്ദേഹത്തിന്റെ 'ക്രേസ്' എത്രയെന്ന് വ്യക്തമാകും.

വണ്ടികളിലുമുണ്ട് 'ക്രേസ്'

പണ്ട് വീട്ടിലുണ്ടായിരുന്ന മാരുതി 800ൽ തുടങ്ങിയതാണ് അബ്ദുൽ അസീസിന് വാഹനങ്ങളോടുള്ള ക്രേസ്. ഇന്ന്‍ ലംബോർഗിനിയും റേഞ്ച് റോവറുമടക്കം നിരവധി ലോകോത്തര ബ്രാൻഡുകളുടെ ഒരു കലക്ഷൻതന്നെ അദ്ദേഹത്തിനുണ്ട്. ചിലർ ചെയ്യുന്നതുപോലെ വാഹനം വാങ്ങി ഷെഡ്ഡിൽ അലങ്കാരത്തിനിടുകയല്ല അദ്ദേഹം. കഴിയാവുന്നത്ര അതിൽ യാത്രചയ്യും.

കാരുണ്യസ്പർശം

പാവപ്പെട്ടവർക്കും സമൂഹത്തിനും വേണ്ടി നിരവധി കാര്യങ്ങൾ ചെയ്യുമ്പോഴും അബ്ദുൽ അസീസിന് ഒരൊറ്റ നിർബന്ധമേ ഉണ്ടാകാറുള്ളൂ, പബ്ലിസിറ്റി വേണ്ട എന്നതുമാത്രം. പുതിയ വീടുവെച്ച് കുടുംബത്തോടൊപ്പം അങ്ങോട്ടേക്ക് മാറുന്നതിനു മുമ്പ് പാവപ്പെട്ട 10 കുടുംബങ്ങൾക്ക് വീടുവെച്ചുനൽകുകയാണ് അദ്ദേഹം ചെയ്തത്. കൃഷിയോട് അതിയായ താൽപര്യമുള്ളതുകൊണ്ട് നിരവധി സ്ഥലങ്ങളിൽ ഓർഗാനിക് ഫാമിങ്ങിനും അബ്ദുൽ അസീസ് മുൻൈകയെടുക്കുന്നുണ്ട്.

Tags:    
News Summary - This is not just a craze

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.