പെരിന്തൽമണ്ണ: പ്രൈമറി ക്ലാസുകളിൽ ഇതര സംസ്ഥാനക്കാരായ തൊഴിലാളികളുടെ മക്കൾ ഏറിയും കുറഞ്ഞും ഉണ്ടെങ്കിലും വായന മത്സരത്തിലും കൈയെഴുത്തിലും മികവു കാട്ടി ശ്രദ്ധേയയാവുകയാണ് യു.പി സ്വദേശികളുടെ മകൾ നാലാം ക്ലാസുകാരി ശ്രുതി പ്രജാപതി. പെരിന്തൽമണ്ണ വെസ്റ്റ് (മണ്ടോടി) ജി.എൽ.പി സ്കൂളിലാണ് ശ്രുതിയും അനിയത്തി ശ്രേയയും.
പഠന മികവിന് കാഷ് പ്രൈസിനും ശ്രുതിയെ തെരഞ്ഞെടുത്തിട്ടുണ്ട്. മാതൃഭാഷയായ ഹിന്ദിയേക്കാൾ മികവു പുലർത്തിയാണിവർ മലയാളം പഠിക്കുന്നതെന്ന് അധ്യാപികയും എഴുത്തുകാരിയുമായ ബിന്ദു പരിയാപുരത്ത് പറയുന്നു. ഈ വർഷത്തെ വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വായനമത്സത്തിലും കൈയെഴുത്തു മത്സരത്തിലുമാണ് ശ്രുതി പ്രജാപതി മലയാളി കുട്ടികളേക്കാൾ മികവു പുലർത്തിയത്.
ഇതര സംസ്ഥാനക്കാരായി 13 കുട്ടികളുണ്ടിവിടെ. ഇതിൽ നാലുപേർ ശരാശരിയേക്കാൾ മുകളിലാണ്. പെരിന്തൽമണ്ണ നഗരസഭ പരിധിയിലെ മിക്ക പ്രൈമറി സ്കൂളുകളിലും മലയാളികളല്ലാത്ത കുട്ടികളുണ്ട്. സെൻട്രൽ ജി.എൽ.പി സ്കൂളിലും പാതായ്ക്കര എ.യു.പി സ്കൂളിലും 15ലേറെ വീതം കുട്ടികളുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് പഠന സൗകര്യങ്ങൾ പരമാവധി ഏർപ്പെടുത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകിയ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.