ബംഗളൂരു: ശീട്ടുകൾകൊണ്ട് കൊട്ടാരം മാത്രമല്ല ഒരു ഹൈടെക് വിമാനത്താവളം തന്നെയുണ്ടാക്കിയാലോ? ഒരിടത്തും പശപോലും ഉപയോഗിക്കാതെ പലനിറത്തിലുള്ള ശീട്ടുകൾകൊണ്ട് റൺവേ മുതൽ എയർ ട്രാഫിക് കൺട്രോൾ ടവർവരെ നിർമിച്ചാണ് ഇത്തവണ ബംഗളൂരു കോത്തന്നൂർ സെൻറ് ജോസഫ്സ് പി.യു കോളജിലെ പി.യു രണ്ടാം വർഷ വിദ്യാർഥിയും മലയാളിയുമായ പി.കെ. വിഷ്ണു വാസു വിസ്മയിപ്പിച്ചിരിക്കുന്നത്.
ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ മാതൃക ശീട്ടുകൾകൊണ്ടുണ്ടാക്കി കഴിഞ്ഞ വർഷം റെക്കോഡിനുടമയായ വിഷ്ണു വാസു ഇത്തവണ താൻ ഏറെ ഇഷ്ടപ്പെടുന്ന വിമാനത്താവളങ്ങളുടെ ഡിസൈനാണ് നിർമിച്ചത്. 'എയ്റോകാർഡ് എയർപോർട്ട്' എന്നുപേരിട്ട വിമാനത്താവളത്തിലെ എല്ലാം ശീട്ടുകൾകൊണ്ടുണ്ടാക്കിയതാണ്.
വിമാനങ്ങളും ലോ ഫ്ലോർ ബസുകളും വിമാനത്താവളത്തിലേക്കുള്ള ട്രെയിനുകളും എമർജൻസി സർവിസ് വാഹനങ്ങളും മറ്റു വാഹനങ്ങളും പ്രത്യേകം ഡിസൈൻ ചെയ്ത് പ്രിൻറ് ചെയ്ത കാർഡുകളുപയോഗിച്ചാണ് നിർമിച്ചത്. റൺവേ, ടെർമിനൽ, കാർഗോ ടെർമിനൽ, എ.ടി.സി ടവർ, ഫാസ്റ്റ് ട്രാക് ബസ് എൻട്രി, വാക് വേ തുടങ്ങിയവ ഉൾപ്പെടുന്ന അത്യാധുനിക വിമാനത്താവളത്തിന്‍റെ മാതൃകയുണ്ടാക്കാനായി 9,000 ശീട്ടുകളാണ് വിഷ്ണു ഉപയോഗിച്ചത്. ശീട്ടുകൾ തമ്മിൽ ചേർക്കാൻ ഒരിടത്തുപോലും പശ ഉപയോഗിച്ചിട്ടില്ലെന്നതാണ് പ്രത്യേകത. കോത്തന്നൂരിലെ വീട്ടിലെ ഹാളിൽ പത്തുദിവസം കൊണ്ടാണ് എയ്റോകാർഡ് എയർപോർട്ടിന്‍റെ നിർമാണം വിഷ്ണു പൂർത്തിയാക്കിയത്.
2020ൽ കേരള സമാജം ചാരിറ്റബിൾ െസാസൈറ്റിയുടെ ഹാളിൽ അഞ്ചര മണിക്കൂറിൽ 5,500 ശീട്ടുകൾ ഉപയോഗിച്ച് 33 നിലയിലായി 3.25 മീറ്റർ ഉയരത്തിൽ ബുർജ് ഖലീഫയുടെ മാതൃകയുണ്ടാക്കിയാണ് വിഷ്ണു ഇന്ത്യ ബുക് ഒാഫ് റെക്കോഡ്സിലും ഏഷ്യ ബുക് ഒാഫ് റെക്കോഡ്സിലും ഇടം പിടിക്കുന്നത്.
വടകര പാലോരകണ്ടിയിൽ വാസുവിന്‍റെയും സവിതയുടെയും മകനായ വിഷ്ണുവിന് ആർകിടെക്ചർ ആകണമെന്നതാണ് ആഗ്രഹം. എം.ബി.എ വിദ്യാർഥിനിയായ സഹോദരി കാവ്യയും വിഷ്ണുവിന് പൂർണ പിന്തുണ നൽകുന്നുണ്ട്. േകരള സമാജം ചാരിറ്റബിൾ സൊസൈറ്റി വൈസ് ചെയർമാനായ പിതാവ് പി.െക. വാസു ബംഗളൂരുവിലെ ഗോകുലം ഫിനാൻസ് എ.ജി.എമ്മാണ്.
ചെറുപ്പം മുതൽ ശീട്ടുകൾ ശേഖരിച്ച് നിർമിതികൾ ഉണ്ടാക്കുന്നത് ഹോബിയാക്കിയ വിഷ്ണു വീടുകൾ, സ്റ്റേഡിയം, കൊട്ടാരം, രാമക്ഷേത്രം തുടങ്ങിയവയുടെ മാതൃകകളും ശീട്ടുകൾ ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുണ്ട്. വിഷ്ണു വാസു എന്ന യൂട്യൂബ് ചാനലിലൂടെ മനോഹരമായ വിഡിയോകളും വിഷ്ണു അപ് ലോഡ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.