കടയ്ക്കൽ: കളർ പെൻസിൽകൊണ്ട് വരച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം അദ്ദേഹത്തെ നേരിൽക്കാണിച്ച് ഒപ്പിട്ടുവാങ്ങി സൂക്ഷിക്കണമെന്ന ഒമ്പതാം ക്ലാസുകാരിയുടെ മോഹം കഴിഞ്ഞദിവസം ക്ലിഫ് ഹൗസിൽ സഫലമായി. കടയ്ക്കൽ കുറ്റിക്കാട് സി.പി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി മാളവിക മുഖ്യമന്ത്രിക്കെഴുതിയ കത്താണ് മുഖ്യമന്ത്രിയുടെ വസതിയിൽ അദ്ദേഹത്തിനൊപ്പമിരിക്കാൻ ചിത്രകാരിക്ക് അവസരമൊരുക്കിയത്.
‘സ്നേഹബഹുമാനം നിറഞ്ഞ മുഖ്യമന്ത്രിയപ്പൂപ്പന്’ എന്നു തുടങ്ങി സ്വയം പരിചയപ്പെടുത്തുന്ന കത്തിൽ തന്റെ മോഹം ചിത്രകാരി വിശദമായി എഴുതി. ഒരു വ്യക്തിയുടെ ചിത്രം മാളവിക വരച്ചത് ആദ്യമായാണ്. നിറഞ്ഞ ചിരിയോടെ അരികിൽ വിളിച്ചിരുത്തി കുശലമന്വേഷിച്ച് മാളവികയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ആത്മാർഥതയുള്ള കത്തിന്റെ അംഗീകാരമാണീ അഭിനന്ദനമെന്ന് മാളവിക പറയുന്നു.
കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് മാളവികയിലെ ചിത്രകാരി ഉണർന്നത്. യൂട്യൂബിൽനിന്ന് പാഠങ്ങളുൾക്കൊണ്ട് അവൾ വരച്ചത് നൂറിലേറെ ചിത്രങ്ങൾ. എട്ടാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിൽ പഠിക്കാനുണ്ടായിരുന്ന കെ. സുരേന്ദ്രന്റെ അനുഭവക്കുറിപ്പിലെ പ്രധാനകഥാപാത്രമായ ‘അമ്മമ്മ’യെ വരയിലേക്കാവാഹിച്ചത് കഥാകൃത്തിന്റെയുൾപ്പെടെ അഭിനന്ദനങ്ങൾക്കർഹമായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രങ്ങൾ കണ്ട് മന്ത്രി ജെ. ചിഞ്ചുറാണി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഗോപിനാഥ് മുതുകാട്, നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ, ആർട്ടിസ്റ്റ് ഭട്ടതിരി, കവയിത്രി സുലേഖ കുറുപ്പ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരുടെ അഭിനന്ദനങ്ങൾ മാളവികയെ തേടിയെത്തിയിട്ടുണ്ട്.
കടമ്പാട്ടുകോണം എസ്.കെ.വി ഹൈസ്കൂളിലെ മലയാളാധ്യാപകനും മാന്ത്രികനുമായ ഷാജു കടയ്ക്കലിന്റെയും കൊല്ലായിൽ എസ്.എൻ.യു.പി സ്കൂൾ അധ്യാപിക അനിതയുടെയും മകളാണ് മാളവിക. സഹോദരി ഗോപിക ചിത്രകാരിയും ഷാഡോപ്ലേ ആർട്ടിസ്റ്റും തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ ഒന്നാംവർഷ ജേണലിസം വിദ്യാർഥിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.