വനിത സംവരണമില്ലാത്ത നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പോലും അപൂർവമായാണ് മലപ്പുറം ജില്ലയിൽ സ്ത്രീകളെ സ്ഥാനാർഥിയാക്കുന്നത്. എന്നാൽ, അരനൂറ്റാണ്ട് മുമ്പ് അതും ഒരു മുസ്ലിം സ്ത്രീ മഞ്ചേരിയിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ച ചരിത്രമുണ്ട്. 1967ലെ തെരഞ്ഞെടുപ്പിൽ സപ്ത കക്ഷി മുന്നണിയുടെ ഭാഗമായിരുന്ന മുസ്ലിം ലീഗിന് വേണ്ടി മഞ്ചേരിയിൽ ജനവിധി തേടിയത് ദേശീയ നേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്. എതിരാളി വന്നത് തെക്കുനിന്ന്.
കായംകുളം സ്വദേശിനിയായ അഭിഭാഷക എ. നഫീസത്ത് ബീവിയെയാണ് മുമ്പ് മണ്ഡലത്തിൽ അരലക്ഷം വോട്ടുപോലും തികച്ചുകിട്ടാതിരുന്ന കോൺഗ്രസ് പരീക്ഷിച്ചത്. പ്രതീക്ഷിക്കാതെ ലഭിച്ച സ്ഥാനാർഥിത്വമായിരുന്നെങ്കിലും നഫീസത്ത് ബീവി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രചാരണം തുടങ്ങി.
നല്ല പ്രതികരണമാണ് ലഭിച്ചത്. സയ്യിദ് കുടുംബത്തിലെ അംഗമാണെന്ന് കരുതി പല സ്ത്രീകളും ഇവരുടെ കൈപിടിച്ച് മുത്തുകയും ആദരവ് പ്രകടിപ്പിക്കുകയും ചെയ്തുവത്രെ. ഇതറിഞ്ഞ് സി.എച്ച്. മുഹമ്മദ് കോയ സ്വതസിദ്ധമായ ശൈലിയില്‍ ഇങ്ങനെ പറഞ്ഞു: ‘ഇത് ആദരവായ ബീവിയല്ല, നാടന്‍ ബീവിയാണ്’.
നഫീസത്ത് ബീവി വലിയ വ്യത്യാസത്തിൽ ഖാഇദെ മില്ലത്തിനോട് തോറ്റെങ്കിലും പതിവിൽനിന്ന് വിപരീതമായി കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് പോയില്ല. 1960 മാര്‍ച്ച് 15ന് ഡെപ്യൂട്ടി സ്പീക്കറായി ചുമതലയേറ്റ നഫീസത്ത് ബീവി 1964 സെപ്റ്റംബര്‍ 10 വരെ സ്ഥാനത്ത് തുടർന്നിരുന്നു. 2015 മേയ് 11ന് 91ാം വയസ്സിൽ അന്തരിച്ചു. നഫീസത്ത് ബീവി മഞ്ചേരിയിൽ മത്സരിച്ച്, നാലര നൂറ്റാണ്ടിനിപ്പുറമാണ് സി.പി.എം മലപ്പുറത്ത് ഒരു വനിത സ്ഥാനാർഥിയെ നിർത്തിയത്.
2014ൽ ഇ. അഹമ്മദിനെതിരെ മത്സരിച്ചത് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.കെ. സൈനബ. 1,94, 739 വോട്ടിനാണ് ഇ. അഹമ്മദിനോട് അന്ന് സൈനബ തോൽവിയേറ്റുവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.