തിരുവനന്തപുരം: വർഷങ്ങൾ പിന്നിട്ട നിയമപോരാട്ടത്തിന് ഒടുവിൽ വയോധികക്ക് നീതി. കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ ഡി.ടി.ഒ ആയി വിരമിച്ച എൻ. മോഹൻകുമാറിന്റെ ഭാര്യ സി.എ. ശാന്തകുമാരിക്ക് (75) എട്ടു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ഫാമിലി പെൻഷൻ, കുടിശ്ശിക ഉൾപ്പെടെ 18,52,717 രൂപ കെ.എസ്.ആർ.ടി.സി മാനേജ്മെൻറ് നൽകി.
കെ.എസ്.ആർ.ടി.സിയിൽ ഡി.ടി.ഒ ആയി ആറ്റിങ്ങൽ ഡിപ്പോയിൽനിന്ന് വിരമിച്ച എൻ. മോഹൻകുമാർ 2015ൽ ആണ് മരിച്ചത്. ജന്മനാ മനോദൗർബല്യമുള്ള ഇവരുടെ മകൻ 33ാം വയസ്സിൽ മരിച്ചു. കുടുംബ പെൻഷൻ നൽകണമെന്നു കാണിച്ച് കെ.എസ്.ആർ.ടി.സിക്ക് പല തവണ നിവേദനങ്ങൾ കൊടുത്തിട്ടും ഫലമുണ്ടായില്ല. ലീഗൽ സർവിസസ് അതോറിറ്റിയിൽ പരാതി ഫയൽ ചെയ്തെങ്കിലും പെൻഷൻ നൽകാൻ കെ.എസ്.ആർ.ടി.സി തയാറായില്ല. തുടർന്ന് ലോകായുക്തയിലും കേസ് ഫയൽ ചെയ്തു. എന്നാൽ, പല കാരണങ്ങൾ പറഞ്ഞ് കെ.എസ്.ആർ.ടി.സി കുടുംബ പെൻഷൻ നിഷേധിച്ചു.
ഒടുവിൽ അഡ്വ. വഴുതക്കാട് നരേന്ദ്രൻ മുഖേന കുടുംബ പെൻഷൻ കുടിശ്ശിക ഉൾപ്പെടെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. നാലു മാസത്തിനകം കുടുംബ പെൻഷൻ കുടിശ്ശിക ഉൾപ്പെടെ നൽകാൻ കെ.എസ്.ആർ.ടി.സി ക്ക് ഹൈകോടതി നിർദേശം നൽകി. തുടർന്നാണ് തുക ശാന്തകുമാരിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.