തിരുവനന്തപുരം: മൂന്ന് കൊല്ലത്തിനിടെ നൂറ് പെരുമ്പാമ്പുകളെ പിടികൂടി അപൂർവ നേട്ടവുമായി വനം വകുപ്പിലെ രോഷ്നി ജി.എസ്. ചൊവ്വാഴ്ച രാത്രി ആര്യനാട് പുതുക്കുളങ്ങരയിലെ വീട്ടിൽനിന്നാണ് രോഷ്നി നൂറാമത്തെ പെരുമ്പാമ്പിനെ പിടികൂടിയത്. വനംവകുപ്പ് പരുത്തിപ്പള്ളി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസറും (ബി.എഫ്.ഒ) റാപ്പിഡ് റസ്പോൺസ് ടീം (ആർ.ആർ.ടി) അംഗവുമാണ് രോഷ്നി.
പരിശീലനവും ലൈസൻസും നേടി 2019 അവസാനമാണ് രോഷ്നി പാമ്പ് പിടിത്തം ആരംഭിച്ചത്. പരിശീലനശേഷം രോഷ്നി ആദ്യം പിടികൂടിയതും പെരുമ്പാമ്പിനെയായിരുന്നു. പാമ്പുകളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും വ്യാപകമായതോടെയാണ് ശാസ്ത്രീയമായി പാമ്പുകളെ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയിൽ തുറന്നുവിടാൻ വനംവകുപ്പ് പദ്ധതി ആവിഷ്കരിച്ചത്.
പ്രതികൂലവും ദുഷ്കരവുമായ സാഹചര്യങ്ങളിൽ പോലും സധൈര്യം പാമ്പുകളെ പിടികൂടാൻ രോഷ്നി കാട്ടുന്ന മിടുക്ക് ശ്രദ്ധേയമാണ്. കഴിഞ്ഞദിവസം പുലർച്ച 4.30ന് വന്ന ഫോൺ സന്ദേശം അനുസരിച്ചാണ് രോഷ്നി പെരുമ്പാമ്പിനെ പിടിക്കാൻ ഇറങ്ങിയത്. കഴിഞ്ഞമാസം രാത്രി വിതുര കളീക്കലിൽ തോട്ടിൽ കണ്ട പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ വെള്ളത്തിൽ വീണ സംഭവവുമുണ്ടായി.
പാമ്പുപിടിത്തം ഹരമാക്കിയ രേഷ്നി ആർ.ആർ.ടിയിൽ എത്തിയശേഷം പെരുമ്പാമ്പുകളെ കൂടാതെ, മൂർഖൻ, അണലി, ശംഖുവരയൻ, കാട്ടുപാമ്പ്, ചുരുട്ട തുടങ്ങി നാണൂറോളം പാമ്പുകളെ ഇതിനകം പിടികൂടി. മരപ്പട്ടി, മുള്ളൻപന്നി, മൂങ്ങ തുങ്ങിയവയെയും സാഹസികമായി വലയിലാക്കിയിട്ടുണ്ട്.
പരസഹായം തേടാൻ കഴിയാത്ത രക്ഷാദൗത്യമാണ് പാമ്പുപിടിത്തമെന്നും അതിനുസൃതമായി ഓരോ സ്ഥലത്തെയും നാട്ടുകാർ സഹകരിക്കുന്നതാണ് ദൗത്യം മുന്നോട്ടുകൊണ്ടുപോകാൻ തുണയാകുന്നതെന്നും രോഷ്നി പറയുന്നു. കാട്ടാക്കട ആര്യനാട് കുളപ്പട സ്വദേശിനിയാണ് രോഷ്നി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.