മാരാരിക്കുളം: ഏഴ് ഭൂഖണ്ഡത്തിലെയും അഗ്നിപർവതങ്ങളിൽ കാലുകുത്തണമെന്ന മിലാഷയുടെ സ്വപ്നങ്ങൾക്ക് അതിരില്ല. സ്വപ്ന സാഫല്യത്തിന്റെ മൂന്ന് ചുവടുകൾ പൂർത്തിയാക്കി മുന്നേറിയ ഈ മാരാരിക്കുളംകാരി ഉയരങ്ങളിൽ ഇന്ത്യൻ പതാക പാറിച്ച് മലയാളിക്ക് അഭിമാനമാകുകയാണ്. കിളിമഞ്ചാരോയും ദാമവന്ത് പർവതവും കീഴടക്കിയതിന് പിന്നാലെ റഷ്യയിലെ എൽബ്രസിലും കാലുകുത്തിയാണ് മിലാഷ കുതിക്കുന്നത്.
മാരാരിക്കുളം ചൊക്കംതയ്യിൽ വീട്ടിൽ ഗവ. ഐ.ടി.ഐ റിട്ട. പ്രിൻസിപ്പൽ ജോസഫ് മാരാരിക്കുളത്തിന്റെയും ബിബിയുടെയും മകൾ മിലാഷ ചെറുപ്പം മുതലേ ഉയരങ്ങൾ സ്വപ്നം കണ്ടുതുടങ്ങി. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം പൂർത്തിയാക്കി അയർലൻഡിലേക്ക് പറന്നു. അവിടെ ബിരുദാനന്തര ബിരുദം ചെയ്തു. ഇപ്പോൾ അയർലൻഡിൽ ഫിനാൻഷ്യൽ ഓഫിസറായി ജോലി ചെയ്യുന്നു.
2021 നവംബറിൽ താൻസാനിയയിലെ കിളിമഞ്ചാരോ കീഴടക്കിയാണ് മിലാഷ കൊടുമുടികൾ തേടിയുള്ള യാത്രക്ക് തുടക്കമിടുന്നത്. 2022 ജൂൺ 29ന് ഇറാനിലെ ദാമവന്ത് പർവതവും 2023 ആഗസ്റ്റിൽ റഷ്യയിലെ എൽബ്രസ് പർവതവും കീഴടക്കി. ലോകത്തിലെ 10 പ്രമുഖ കൊടുമുടികളിൽ ഒന്നായ എൽബ്രസ് സമുദ്രനിരപ്പിൽനിന്ന് 5642 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏറെ വെല്ലുവിളിയും സാഹസികതയും നിറഞ്ഞതായിരുന്നു എൽബ്രസ് പാർവതാരോഹണം. തണുത്തുറഞ്ഞ മഞ്ഞിലൂടെ ഒരു എൽബ്രസ് പര്യവേക്ഷണം എന്നാണ് മിലാഷ യാത്രയെക്കുറിച്ച് പറയുന്നത്. കിളിമഞ്ചാരോ കേറിയത് ബറാങ്കോ വഴിയാണ്. ഇതിന് അഞ്ചുദിവസം എടുത്തു.
ഏഷ്യയിലെ ഉയരം കൂടിയ ദാവന്ത് കയറിയ പ്രഥമ മലയാളിയും മിലാഷയാണ്. ഏഴ് ഭൂഖണ്ഡത്തിലെയും ഉയരങ്ങൾ താണ്ടുകയാണ് തന്റെ ലക്ഷ്യമെന്ന് മിലാഷ പറഞ്ഞു. സ്ത്രീ ശാക്തീകരണം എന്ന സന്ദേശമുയർത്തിയാണ് മിലാഷ സ്വപ്നത്തിലേക്ക് നടന്നുകയറുന്നത്.
കാലാവസ്ഥയുടെ അനുയോജ്യതയും വിസയുടെ ലഭ്യതയുമനുസരിച്ച് ചിലിയിലെ മൗണ്ട് ഓജോസ് ഡെൽ സലാഡോയും മെക്സിക്കോയിലെ പിക്കോ ഡി ഒറിസബയുമാണ് അടുത്ത ലക്ഷ്യം. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലെ ബി.ടെക് വിദ്യാർഥി മിഖിലേഷ് ജോസഫ് ഏക സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.