പല വിദ്യാർഥികളുടെയും കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന കണക്ക് പഠിച്ച് പുതിയ ഉയരങ്ങൾ കീഴടക്കിയിരിക്കുകയാണ് ചെറിയമുണ്ടം കുറുക്കോൾകുന്നിലെ വലിയകത്ത് നാസിയ.
അമേരിക്കയിലെ ഓക്ലഹോമ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ കണക്കിൽ പി.എച്ച്.ഡി ചെയ്യാനുള്ള അവസരമാണ് കുറുക്കോൾകുന്നിലെ വലിയകത്ത് ഹുസൈൻ-സുഹറ ദമ്പതികളുടെ നാല് മക്കളിൽ ഇളയവളായ നാസിയക്ക് ലഭിച്ചിരിക്കുന്നത്. അഞ്ച് വർഷത്തേക്ക് ഗവേഷണം നടത്താൻ ഓരോ മാസവും ഒന്നര ലക്ഷം രൂപയാണ് ഓക്ലഹോമ സ്റ്റേറ്റ് യൂനിവേഴ്സിറ്റി സ്കോളർഷിപ്പായി നൽകുക.
വളവന്നൂർ ബാഫഖി യതീംഖാന റെസിഡൻഷ്യൽ സ്കൂളിൽനിന്ന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച നാസിയ പ്ലസ് ടു പരീക്ഷയിൽ എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസിൽനിന്ന് സയൻസിൽ മുഴുവൻ മാർക്കും നേടി. തുടർന്ന് പുണെ ഐസറിൽ കണക്കിൽ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എസ്.എം.എസ് പഠനം.
കണക്കിൽ ഗവേഷണത്തിന് മികച്ച അവസരമുള്ളതിനാലാണ് അമേരിക്കൻ സർവകലാശാലകളിൽ ഒന്നിൽ പ്രവേശനം ലഭിക്കാൻ അതിയായി ആഗ്രഹിച്ചതെന്ന് നാസിയ പറഞ്ഞു. ഹൈസ്കൂൾ, പ്ലസ്ടു പഠന കാലങ്ങളിൽ കാർട്ടൂണ്‍ രചനയിൽ സംസ്ഥാനതലത്തിൽ മത്സരിച്ചിട്ടുണ്ട്. സഹോദരങ്ങളായ മാർഷിയ ബി.സി.എയും റംസി ബി.ടെക്കും ഫാത്തിമ എം.എസ്.സി യും കഴിഞ്ഞതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.