ബംഗളൂരുവിലെ തെരുവില്‍നിന്ന് ലോകത്തോളം വളര്‍ന്ന പ്രതിഭ

ബംഗളൂരു: കേരളം വിട്ട് 1961ല്‍ ബംഗളൂരുവിലത്തെിയ യൂസുഫ് അറയ്ക്കല്‍ അവിടെനിന്ന് വളര്‍ന്നത് ലോകത്തോളം. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ടതോടെയുണ്ടായ ഒറ്റപ്പെടലാണ് ഇവിടെയത്തെിച്ചത്. സഹോദരന്‍ മുനീര്‍ നടത്തിയിരുന്ന ഹോട്ടല്‍ തേടിയായിരുന്നു യാത്ര. ട്രെയിനില്‍ ബംഗളൂരുവിലത്തെിയ 16കാരനെ ഒരു കുതിരവണ്ടിക്കാരനാണ് സഹോദരന്‍െറ കടയിലത്തെിച്ചത്. എന്നാല്‍, സഹോദരന്‍ കട വിറ്റ് ബോംബെയിലേക്ക് പോയതറിഞ്ഞതോടെ മനസ്സ് തകര്‍ന്ന യൂസുഫിന് കടയുടമ അവിടത്തെന്നെ ജോലി നല്‍കുകയായിരുന്നു. പിന്നീട് ഹോട്ടല്‍ വിട്ടതോടെ ജീവിതം തെരുവിലായി.

പലപ്പോഴും പട്ടിണിയായിരുന്നു കൂട്ട്. അലച്ചിലിനിടെ പരിചയപ്പെട്ട സേവ്യര്‍ എന്നയാള്‍ വിക്രം ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തില്‍ ജോലി തരപ്പെടുത്തി. ഒന്നര മാസത്തിനുശേഷം പ്രസ് ബട്ടണ്‍ ഫാക്ടറിയിലേക്ക് മാറി. ഇവിടെ ജോലി ചെയ്യുമ്പോഴാണ് വരയില്‍ സജീവമായത്. എച്ച്.എ.എല്‍ എന്‍ജിനീയറായിരുന്ന മുഹമ്മദ് തലേക്കര എന്ന ബന്ധുവിനെ കണ്ടുമുട്ടിയതോടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടായി. അദ്ദേഹത്തിന്‍െറ സഹായത്തോടെ എച്ച്.എ.എല്ലില്‍ ഹെല്‍പര്‍ ജോലി ലഭിച്ചു. പിന്നെ താമസവും അദ്ദേഹത്തിന്‍െറ വീട്ടിലായി. മുഹമ്മദിന്‍െറ മകള്‍ സാറ 1973ല്‍ യൂസുഫിന്‍െറ ജീവിത പങ്കാളിയുമായി.

1966ല്‍ പോര്‍ട്രേറ്റ് ആര്‍ട്ടിസ്റ്റായ ജയവര്‍മയുടെ കീഴില്‍ ലഭിച്ച പരിശീലനം യൂസുഫിലെ ചിത്രകാരനെ വളര്‍ത്തി. എച്ച്.എ.എല്ലിലെ ജോലിക്കിടെയാണ് ബംഗളൂരുവിലെ ചിത്രകലാ പരിഷത്ത് കോളജ് ഓഫ് ആര്‍ട്ടില്‍ പെയിന്‍റിങ് ഡിപ്ളോമക്ക് ചേര്‍ന്നത്. 20 വര്‍ഷത്തോളം എച്ച്.എ.എല്ലില്‍ ജോലി ചെയ്തശേഷം രാജിവെച്ച് മുഴുവന്‍ സമയ കലാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങി. പുലര്‍ച്ചെ നാലു മുതല്‍ 8.30 വരെ പെയിന്‍റിങ്ങിനായി മാറ്റിവെച്ചു. പിന്നെ പ്രഭാതസവാരിയും പുസ്തകവായനയും. വൈകീട്ട് വീണ്ടും ചിത്രംവര.

മനുഷ്യന്‍െറ വേദനകളാണ് ചിത്രങ്ങളില്‍ കൂടുതലും പ്രതിഫലിച്ചത്. പൊട്ടാഷ് എന്ന ചിത്രകലാരീതി പരീക്ഷിച്ച അപൂര്‍വം ചിത്രകാരന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. 'സ്റ്റില്‍ ഇന്‍ ഡാര്‍ക്നസ്' എന്ന പേരിലായിരുന്നു ആദ്യം പ്രദര്‍ശനം നടത്തിയിരുന്നത്. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നിരവധി തേടിയത്തെി. പ്രദര്‍ശനങ്ങള്‍ക്കായും അതിഥിയായും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലത്തെി.

ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിലും എച്ച്.എ.എല്ലിലും ബ്രൂക്ഫീല്‍ഡിലും എം.ജി റോഡിലുമെല്ലാം യൂസുഫിന്‍െറ ശില്‍പങ്ങള്‍ ഉയര്‍ന്നു. 40 അടി ഉയരത്തില്‍ സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ ബയോകോണ്‍ ആസ്ഥാനത്ത് നിര്‍മിച്ച ശില്‍പം ഏറെ ശ്രദ്ധ നേടി. ചിത്രകലയുമായി ബന്ധപ്പെട്ട നിരവധി  എഴുത്തുകളും കവിതകളുമെല്ലാം വായനക്കാരിലത്തെി. ശിഷ്യരായിരുന്നു യൂസുഫിന്‍െറ മറ്റൊരു സമ്പത്ത്. സ്വന്തം വീട് ഗുരുകുലംപോലെയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.