കോഴിക്കോട്: മിഠായിയുമായി മലയാളത്തിെൻറ മഹാസാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ വീട്ടിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. കുട്ടികൾക്ക് പുസ്തകത്തോടൊപ്പം മിഠായികൂടി സമ്മാനമായി കിട്ടിയപ്പോൾ ഇരട്ടി മധുരമായി. സർവശിക്ഷ അഭിയാൻ (എസ്.എസ്.എ) സ്കൂളിൽ വരാനാകാതെ കിടപ്പിലായ സഹപാഠികൾക്ക് വീട്ടിൽ ലൈബ്രറി ഒരുക്കിക്കൊടുക്കുന്ന പദ്ധതിയായ ‘കൂട്ടുകൂടാൻ പുസ്തകച്ചങ്ങാതി’യുടെ പുസ്തകശേഖരണ ഉദ്ഘാടനത്തിനാണ് കുട്ടികൾ എം.ടിയുടെ വീട്ടിലെത്തിയത്.
നാലുകെട്ട്, അസുരവിത്ത്, മഞ്ഞ്, കിളിവാതിലിലൂടെ, ഗോപുരനടയിൽ, ബന്ധനം, പാതിരാവും പകൽവെളിച്ചവും തുടങ്ങിയ സ്വന്തം കൃതികൾ സമ്മാനിച്ചുകൊണ്ടാണ് എം.ടി ഉദ്ഘാടനം നിർവഹിച്ചത്. കൂടുതൽ പുസ്തകങ്ങൾ പിന്നീട് എത്തിച്ചുതരുമെന്നും എം.ടി കുട്ടികൾക്ക് വാക്കുനൽകി. നടക്കാവ് ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആര്യ രാജീവിെൻറ നേതൃത്വത്തിലെത്തിയ കുട്ടികളെയാണ് എം.ടി മിഠായി നൽകി സ്വീകരിച്ചത്. നടക്കാവ് സ്കൂളിലെതന്നെ േശ്രയ കെ, കോട്ടുമ്മൽ ജി.എൽ.പി.എസിലെ മൂന്നാംക്ലാസുകാരൻ ഫർസീൻ, സാമൂതിരി ഹൈസ്കൂളിലെ നിഖിൽ ബിജു, ഗവ. ടി.ടി.ഐ സ്കൂളിലെ പ്രപഞ്ച് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കിടപ്പിലായ കുട്ടികൾക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനമാണ് പുസ്തകങ്ങളെന്ന് എം.ടി പറഞ്ഞു. കൂട്ടുകൂടാനും കളിക്കാനും മടിയായിരുന്ന തെൻറ കുട്ടിക്കാലം വിരസമാകാതിരുന്നത് പുസ്തകങ്ങളെ കൂട്ടുകാരായി കിട്ടിയതുകൊണ്ടാണെന്ന് എം.ടി അനുസ്മരിച്ചു. ജ്ഞാനപീഠം ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ എം.ടി കുട്ടികൾക്ക് കാണിച്ചുകൊടുത്തു. കുപ്പായം എന്ന കഥ എട്ടാംക്ലാസിൽ പഠിച്ചിട്ടുണ്ടെന്ന് ആര്യ പറഞ്ഞപ്പോൾ എം.ടി ചിരിച്ചു. ഞങ്ങളുടെ കുട്ടിക്കാലത്തൊക്കെ ഒരു കുപ്പായമായിരുന്നു ഉണ്ടായിരുന്നത്. മുഷിഞ്ഞു കഴിഞ്ഞാൽ അലക്കി ഉണക്കിയിട്ട് വേണം പിന്നീട് ഉപയോഗിക്കാൻ. ഇന്ന് വസ്ത്രധാരണം ആർഭാടത്തിെൻറ അടയാളമായി മാറിയിട്ടുണ്ടെന്നും എം.ടി പറഞ്ഞു.
ഡി.പി.ഒ എം. ജയകൃഷ്ണൻ, േപ്രാഗ്രാം ഓഫിസർ വി. വസീഫ്, ബി.പി.ഒ ഓംകാരനാഥൻ, റിസോഴ്സ് അധ്യാപകരായ സിന്ധു എം, സുലൈഖ ടി എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രവേശനം നേടിയിട്ടും സ്കൂളിൽ വരാനാകാത്ത, മാനസിക--ശാരീരിക പരിമിതികളുള്ള 350 കുട്ടികളുടെ വീട്ടിൽ ലൈബ്രറി ഒരുക്കുന്ന പദ്ധതിയാണ് ‘കൂട്ടുകൂടാൻ പുസ്തകച്ചങ്ങാതി’. ഓരോ വീട്ടിലും 100 പുസ്തകമെങ്കിലുമുള്ള ലൈബ്രറിയാണ് ഒരുക്കുന്നത്. ലോക ഭിന്നശേഷിദിനമായ ഡിസംബർ മൂന്നിന് 350 ലൈബ്രറിയും പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ല േപ്രാഗ്രാം ഓഫിസറും പദ്ധതിയുടെ കൺവീനറുമായ എ.കെ. അബ്ദുൽ ഹക്കീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.