ഇത് എല്ലാവരും പേടിക്കുന്ന കാലം; പുതിയ തലമുറയില്‍ പ്രതീക്ഷ -ഷാഹിന ബഷീര്‍

ഷാര്‍ജ: ‘രാജ്യത്തുവളര്‍ന്നുവരുന്ന അസഹിഷ്ണുത പേടിപ്പെടുത്തുന്നതാണ്. എന്നാല്‍ സങ്കുചിത നിലപാടുകളെ  അവഗണിക്കുന്ന പുതിയ തലമുറയില്‍ വലിയ പ്രതീക്ഷയാണുള്ളത്’-പറയുന്നത് കഥയുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍െറ മകള്‍ ഷാഹിന ബഷീര്‍. 34ാമത് ഷാര്‍ജ പുസ്തകോത്സവത്തില്‍ പങ്കെടുക്കാനത്തെിയ അവര്‍ മേള നഗരിയില്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.

എല്ലാവരും ഭയത്തിന്‍െറ പിടിയിലാണ്. എല്ലാ വിഭാഗം മനുഷ്യരും കൂടുതല്‍ കൂടുതല്‍ ഉള്ളിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്.  ബഷീര്‍ ജീവിച്ച കാലമല്ല ഇന്ന്. നമ്മുടെ അഭിപ്രായങ്ങളോടുള്ള പ്രതികരണം  എങ്ങനെയായിരിക്കുമെന്ന് പറയാനാവാത്ത അവസ്ഥയാണ്. ഭക്ഷണത്തില്‍ പോലും വിലക്കുകള്‍ വരുന്നു. തങ്ങളാണ് വലുത്, ശരി എന്നെല്ലാം കാണിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. പുതിയ കാലത്തെ ഭയാശങ്കയോടെ തന്നെയാണ് കാണുന്നത്. ബഷീര്‍ ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹവും ഈ ഭയത്തില്‍പ്പെട്ടേനെയെന്ന് ഷാഹിന പറഞ്ഞു.  കലുഷിതമായ സാഹചര്യങ്ങളെ ഹാസ്യം കലര്‍ത്തി വിലയിരുത്തുന്ന ബഷീര്‍ ശൈലി പുതിയകാലത്ത് അദ്ദേഹത്തിനുപോലും അതേപോലെ തുടരാനാവുമെന്ന് പറയാനാവില്ല. അത്രമാത്രം നാം മാറിയിരിക്കുന്നു. അവനവനിലേക്ക് തിരിഞ്ഞുനോക്കല്‍ തന്നെയാണ് ഇതിന് പരിഹാരം. പക്ഷെ അതിനു ആരും തയാറാവുന്നില്ല. എന്നാല്‍ പുതിയ തലമുറ ഇതൊന്നും കാര്യമായെടുക്കുന്നില്ല എന്നത് പ്രതീക്ഷക്ക് വക നല്‍കുന്നു.  അവര്‍ ഇത്തരം അസഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുന്നില്ല. പുരസ്കാരങ്ങള്‍ തിരിച്ച് നല്‍കിയത് കൊണ്ട് ആരും മാറാന്‍  പോകുന്നില്ളെന്നും പലര്‍ക്കും ജീവനില്‍ ഭയമാണെന്നും ഷാഹിന ബഷീര്‍പറഞ്ഞു.

ഇത് രണ്ടാം തവണയാണ് ഷാഹിന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വരുന്നത്. നാലു വര്‍ഷം മുമ്പായിരുന്നു ആദ്യവരവ്. ഷാര്‍ജ മേളയുടെ വൈപുല്യവും സംഘാടനവും തന്നെ വിസ്മയിപ്പിക്കുന്നതായി അവര്‍ പറഞ്ഞു. ഇന്ത്യയില്‍ ഇങ്ങനെ ഒരു മേള സങ്കല്‍പ്പിക്കാനാവില്ല. എല്ലായിടത്തും അടുക്കും ചിട്ടയും. ആര്‍ക്കും ഒരു പ്രയാസവുമില്ല. പ്രവാസികള്‍ ഏറെ സ്നേഹിക്കുന്ന എഴുത്തുകാരനാണ് ബഷീര്‍. ആ പരിഗണനയും സ്നേഹവും തനിക്കും ഇവിടെ കിട്ടുന്നുണ്ട്. നാട്ടില്‍ ചടങ്ങുകളില്‍ പ്രസംഗിക്കാനും മറ്റുമൊന്നും താന്‍ പോകാറില്ല.

എന്നാല്‍ ഇവിടെ പുസ്തകം പ്രകാശനം ചെയ്യാനെല്ലാം ആളുകള്‍ വിളിക്കുമ്പോള്‍ പറ്റില്ളെന്ന് പറയാന്‍ സാധിക്കുന്നില്ല.  പ്രവാസത്തിന്‍െറ വേദന അവര്‍ വായനയിലൂടെ മറികടക്കുന്നുവെന്നാണ് തോന്നിയത്. ദൂരെ കഴിയുമ്പോഴാണ് നാടിന് ഭംഗിയെന്നു പ്രവാസികള്‍ തിരിച്ചറിയുന്നുണ്ട്-ഡി.സി ബുക്സ് സീനിയര്‍ മാനേജര്‍ കൂടിയായ ഷാഹിന പറഞ്ഞു. ഇന്ന് രാത്രി മേളയില്‍ ബേപ്പുര്‍ സൂല്‍ത്താന്‍െറ ഓര്‍മകള്‍ മക്കളായ ഷാഹിനയും അനീസും വായനക്കാരുമായി പങ്കുവെക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.