രോഹിത് വെമുലയുടെ മരണമില്ലാത്ത പോസ്റ്റുകള്‍ക്ക് വ്യാപക ശ്രദ്ധ

ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല വിദ്യാര്‍ഥിയും അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ നേതാവുമായിരുന്ന രോഹിത് വെമുലയുടെ ഫേസ്ബുക് കുറിപ്പുകള്‍ക്ക് വ്യാപക പ്രചാരം. 2008 മുതല്‍ 2016വരെ പോസ്റ്റ് ചെയ്ത കുറിപ്പുകള്‍ സമാഹരിച്ച് ‘കാസ്റ്റ് ഈസ് നോട്ട് എ റൂമര്‍, ദ ഓണ്‍ലൈന്‍ ഡയറി ഓഫ് രോഹിത് വെമുല’ എന്ന പുസ്തകരൂപത്തിലാക്കിയത് മലയാളിയും ‘ദ ഹിന്ദു’ റിപ്പോര്‍ട്ടറുമായ നിഖില ഹെന്‍റിയാണ്.

വ്യക്തിപരവും സാമൂഹികവും രാഷ്ട്രീയപരവുമായ വിഷയങ്ങളില്‍ രോഹിത് നടത്തിയ പ്രതികരണങ്ങള്‍ വ്യക്തതയും മൂര്‍ച്ചയുമുള്ളതാണെന്ന് നിഖില പറയുന്നു. വിപ്ളവബോധത്തിന്‍െറ തീക്ഷ്ണതയും സഹജീവി സ്നേഹം പേറുന്ന മനസ്സിന്‍െറ ആര്‍ദ്രതയും ഒരുപോലെ നിറഞ്ഞ ഭാഷയിലാണ് രോഹിത് പ്രതികരിച്ചിരുന്നത്. ഇന്ത്യയിലെ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ കണ്ടില്ളെന്ന് നടിക്കുന്നവര്‍ക്കുള്ള താക്കീതുകള്‍ കുറിപ്പുകളില്‍ നിറഞ്ഞുനില്‍ക്കുന്നു.

ആവര്‍ത്തനവിരസമായ ഗൃഹാതുര സ്മരണകള്‍കൊണ്ട് ഫേസ്ബുക് താളുകള്‍ കുത്തിനിറക്കുന്ന ഫേസ്ബുക് എഴുത്തുകാരുടെ കൂട്ടത്തിലായിരുന്നില്ല രോഹിത്. ഒന്നും ഓര്‍ക്കാനില്ലാത്ത ബാല്യകാലത്തിലേക്ക് ഓര്‍മയില്‍പോലും തിരിച്ചുനടത്തം ആഗ്രഹിക്കുന്നില്ളെന്ന് രോഹിത് കുറിക്കുന്നു. യാക്കൂബ് മേമന്‍െറ വധശിക്ഷയുടെ പശ്ചാത്തലത്തില്‍ 2015 ജൂലൈ 23ന് രോഹിതിന്‍െറ പ്രതികരണമിങ്ങനെ: തൂക്കിക്കൊല്ലാന്‍ ഭരണകൂടത്തിന് അവകാശമരുത്. ഭരണകൂടം ബ്രാഹ്മണവത്കൃതമാവുമ്പോള്‍ പ്രത്യേകിച്ചും. ഡല്‍ഹിയിലെ ജഗ്ഗര്‍നോട്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന് ഓണ്‍ലൈനിലും വ്യാപക ശ്രദ്ധയാണ് ലഭിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.