റമദാനിലെ മാട്ടിറച്ചിയുടെ രുചി

പൊന്നാനിയിലെ എന്‍റെ ബാല്യത്തെ സംബന്ധിച്ചിടത്തോളം പെരുന്നാള്‍ റംസാന്‍ മാസാരംഭത്തോടെ തന്നെ തുടങ്ങുകയായി. ആദ്യദിവസങ്ങളില്‍ സൂര്യാസ്തമയത്തിന് ശേഷമുള്ള പെരുന്നാളും അവസാനദിവസം രാപ്പകല്‍ നീളുന്ന പെരുന്നാളുമെന്ന വ്യത്യാസം മാത്രം ! കാരണം കുട്ടിക്കാലത്തെ എന്‍്റെ പെരുന്നാളിന്‍്റെ അര്‍ഥം തരിക്കഞ്ഞിയുടെയും കോഴിയടയുടെയും പഴം നിറച്ചതിന്‍്റെയും മുട്ടമാലയുടെയും മുട്ടസുര്‍ക്കയുടെയും പത്തിരിയുടെയും ഇറച്ചിയുടെയും പൊടിപൂരം എന്നതായിരുന്നു. രാപ്പകല്‍ നീളുന്ന പെരുന്നാള്‍ ദിനത്തില്‍ പിന്നെ പുത്തനുടുപ്പുകളുടെയും പലതരം അത്തറുകളുടെയും സുഗന്ധങ്ങള്‍ നിറയുകയും ചെയ്യും.

ഏതെങ്കിലുമൊരു നോമ്പ് ദിനത്തിലും പെരുന്നാള്‍ നാളിലുമായി രണ്ടുതവണ പ്രിയ ചങ്ങാതിയായ അബ്ദുള്‍ ഖയ്യൂമിന്‍്റെ വീട്ടില്‍ നിന്ന് എന്‍്റെ കുടുംബത്തിലേക്ക് പകര്‍ച്ച കൊടുത്തയക്കാറുണ്ട്. അതായത് അപ്രതിരോധ്യമായ തീറ്റ മണം പരത്തുന്ന അരയാള്‍ പൊക്കമുള്ള ടിഫിന്‍ കാരിയറുമായി പത്തൊടി ഹൗസിലെ അടുക്കളക്കാരി റുക്കിയ കരുമത്തില്‍ പുത്തന്‍ വീട്ടിലേക്ക് നടന്ന് നടന്ന് വരും. അവര്‍ തലയിലെ തട്ടന്‍ നേരെയാക്കി മടങ്ങിപ്പോകേണ്ട താമസം മനുഷ്യരാശി ആദ്യമായി ആഹാരം കണ്ടത്തെുന്നതിന്‍്റെ ഒൗത്സുക്യത്തോടെ ഞാന്‍ ഊണ്‍മുറിയില്‍ ഇരിക്കുന്ന ആ പകര്‍ച്ചപ്പാത്രത്തിലേക്ക് അടിച്ചാര്‍ക്കും.

"ഇങ്ങനെ ഭക്ഷണം കാണാത്ത കളി കളിക്കല്ളെ. ഉണ്ണ്യേ"
അമ്മ എന്നെ അടക്കി നിര്‍ത്താന്‍ ശ്രമിക്കും. ഒടുവില്‍ ടിഫിന്‍ കാരിയറില്‍ തലയടിച്ചുള്ള എന്‍റെ ആത്മാഹുതി ഒഴിവാക്കാനെന്നോണം ഇടങ്കോല്‍ സ്പൂണ്‍ ഊരിയെടുത്ത് ഓരോ തട്ടുകളായി അവര്‍ മേശപ്പുറത്ത്  നിരത്തും.  
ഹാ. ആദ്യത്തെ തട്ടില്‍ കോഴിയട. രണ്ടാമത്തെ തട്ടില്‍ പഴം നിറച്ചത്. മൂന്നാമത്തെ തട്ടില്‍ മുട്ടമാലയും മുട്ടസുര്‍ക്കയും. നാലാമത്തെ തട്ടില്‍ പത്തിരി, അഞ്ചാമത്തെ തട്ടില്‍ നെയ്ച്ചോറ്, ആറാമത്തെ തട്ടില്‍ ഇറച്ചിക്കറി.
ആ കുറി പക്ഷെ ഏഴാമത്തെ തട്ടിലും ഇറച്ചിക്കറി ആവര്‍ത്തിച്ചിരുന്നു.
പ്രാഥമിക പരിശോധന കഴിഞ്ഞതും വിഭവങ്ങള്‍ ഒത്ത പാത്രങ്ങളിലേക്ക് പകര്‍ന്ന് വെക്കാനായി അമ്മ ടിഫിന്‍കാരിയര്‍ ചന്ദ്രമതിക്ക് കൈമാറി. ഹൗ, ഹൗ, എന്താണിതെന്ന് അവളെക്കൊണ്ട് പറയിപ്പിച്ചു കൊണ്ട് ഞാനും പിറകെ കൂടി.
"അയ്യോ പോത്തിറച്ചീ."
പെട്ടെന്ന് എന്നെ മാത്രമല്ല, കരുമത്തില്‍ പുത്തന്‍ വീടിനെ മൊത്തം വിറപ്പിക്കുമാറ് ചന്ദ്രമതി അലറി.
"എന്ത്. പോത്തിറച്ചിയോ?"
അമ്മ അവളുടെ പ്രസ്താവന വകവെക്കാന്‍ കൂട്ടാക്കിയില്ല. കാരണം ഞാന്‍ ഖയ്യൂമിന്‍്റെ വീട്ടില്‍ വെച്ച് തട്ടുമെങ്കിലും കരുമത്തില്‍ പുത്തന്‍ വീട്ടില്‍ ഉപയോഗിക്കാത്ത സാധനം എന്ന നിലക്ക് കോഴിയിറച്ചിയല്ലാതെ മാട്ടിറച്ചി റംസാന്‍ പകര്‍ച്ചയില്‍ സാധാരണ ഉണ്ടാകാറില്ല.
"പോത്തിറച്ചി തന്നെയാ, ഇമ്മേമേ. പൊത്തിറച്ചി തന്നെയാ. ഒന്ന് മണത്ത് നോക്കി."
ഫോറന്‍സിക്ക് ടെസ്റ്റിനായി കറിച്ചാറ് ചെറുവിരലിന്‍ തൊട്ട് അമ്മയുടെ മൂക്കിലേക്ക് അടുപ്പിച്ചു കൊണ്ട് ചന്ദ്രമതി ചീറി. കോഴിയിറച്ചിയില്‍ നിന്നുള്ള വ്യതിയാനം ചെറുങ്ങനെ ഘ്രാണിച്ചെടുത്ത് അമ്മ അവളുടെ
വാദം അംഗീകരിച്ചു. ഓ, പുതിയ വെപ്പുകാരികള്‍ ആരെങ്കിലും അറിയാതെ വെച്ചുപോയതാകാം.
 "അയ്യേ. ഇപ്പോ തന്നെ ഞാനിത് തെങ്ങിന്‍ തടത്തില്‍ കുഴിച്ച് മൂടാം."
 ചന്ദ്രമതിക്ക് നിക്കപ്പൊറുതിയില്ലാതായി. ഒരു നിമിഷം മൗനത്തില്‍ മുടന്തിയ പ്രതികരണം അമ്മ പിന്നീട് ഇങ്ങനെ പുറത്തിറക്കി.
 "വേണ്ട. ചന്ദ്രമത്യേ. ഏതായാലും അത് തെങ്ങിന്‍ തടത്തില്‍ കളയണ്ട. മനുഷ്യന്മാര്‍ കഴിക്കുന്ന സാധനങ്ങള്‍ വെറുതെ കളയരുതെന്ന് എപ്പോഴും ദാമോദരേട്ടന്‍ (മരിച്ച് പോയ എന്‍റെ അച്ഛന്‍) പറയാറുണ്ട്. ഖയ്യൂമിന്‍റെ വീട്ടില്‍ നിന്ന് ഉണ്ണി തിന്നാറുള്ളതല്ലേ. അവന്‍ കഴിച്ചോട്ടെ."
 

അതോടെ സ്റ്റീല്‍ പാത്രം കയ്യില്‍ താലം പിടിച്ച് ചന്ദ്രമതിക്ക് ചുറ്റും ഞാന്‍ വട്ടം കറങ്ങിക്കൊണ്ടിരുന്നു. കോഴിയട, പഴം നിറച്ചത്, മുട്ടമാല, മുട്ടസുര്‍ക്ക, പത്തിരി, നെയ്ച്ചോറ്, കോഴിയിറച്ചി, മറ്റാര്‍ക്കും വേണ്ടാത്തതിനാല്‍ മൊത്തം ബീഫ്കറിയും. കരുമത്തില്‍ പുത്തന്‍ വീട്ടില്‍ ആദ്യമായാണ് മാട്ടിറച്ചിയുടെ ഉശിര്  പരക്കുന്നത്. പതിനൊന്ന് വയസ്സിന്‍്റെ പൊട്ടിത്തെറിപ്പിലായിരുന്നു ഞാനെങ്കിലും മൃഷ്ടാന്നത്തിന്‍്റെ ഊക്കുകൊണ്ടായിരിക്കാം ഭക്ഷണശേഷം ശകലം മയങ്ങിപ്പോയി. പകല്‍ക്കിനാവ് തെളിഞ്ഞപ്പോള്‍ അതാ, പത്തോടി ഹൗസിന്‍റെ ഒരു കഷ്ണം പുത്തന്‍ വീടുമായി ചേര്‍ന്നൊട്ടി പാടം മുറിച്ച് കടക്കാനുള്ള അസൗകര്യം ഇല്ലാതെ എനിക്കും ഖയ്യൂമിനും ഒന്നിച്ച് കളിക്കാനുള്ള അവസ്ഥ സംജാതമായിരിക്കുന്നു.
എല്ലാ വര്‍ഷവും റമാദാന്‍ അടുക്കുമ്പോള്‍ ഞാന്‍ ഈ സംഭവം ഓര്‍ക്കും. ബീഫ് വിവാദം പ്രബലമായപ്പോള്‍ ആ ഓര്‍മ്മയുടെ പ്രസക്തിയും വിപുലമായി. ഒടുവില്‍ ദൈവത്തിന്‍്റെ പുസ്തകത്തിലെ നീലയും ചന്ദ്രക്കലയും എന്ന ഭാഗത്ത് ശ്രീകൃഷ്ണനും മുഹമ്മദ് നബിയും ഗാന്ധിക്ക് സ്നേഹോര്‍ജ്ജം പകരുന്ന ഭാവനാ മുഹൂര്‍ത്തത്തില്‍ ഞാന്‍ ഇങ്ങനെ എഴുതി.

 'രാധയില്‍ തുടങ്ങി സഹസ്ര സ്ത്രീകളേയും ഓമനപ്പെടുത്തിയ പ്രണയം കേശവനില്‍ നിന്നും പന്ത്രണ്ട് ഭാര്യമാരെയും ഹൂറികളായി പരിവര്‍ത്തിപ്പിച്ച മുഹബത്ത് മുഹമ്മദില്‍ നിന്നും കൃപാമയമായി മോഹന്‍ദാസിലേക്ക് ഒഴുകി. ഒരു വശത്തു നിന്ന് ദ്വാപരയുഗത്തിന്‍്റെ പ്രാചീനകരുത്തും മറുവശത്തു നിന്ന് അറബി സവിശേഷമായ മഹാവീര്യവും കുലം കുത്തി. കിട്ടിയ തക്കത്തില്‍ വാജീകരണക്ഷമമായ മാംസജീവകങ്ങള്‍ കൂടി നബിവിരുലുകളില്‍ നിന്ന് ഞങ്ങളുമുണ്ടേയെന്ന് ചാടിത്തുള്ളി ഗാന്ധിയെ പൂകി. വേദകാലത്തെ ഋഷിമാര്‍ പുഞ്ചിരിച്ചു.'

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT