തിക്കോടിയന്‍, സൗഹൃദവും സ്നേഹവും നിലപാടായി സ്വീകരിച്ച വ്യക്തി –എം.ടി

കോഴിക്കോട്: നാടകകൃത്ത്, നോവലിസ്റ്റ്, ഹാസ്യസാഹിത്യകാരന്‍, ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം മലയാള സാഹിത്യചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയ തിക്കോടിയന്‍ എന്ന കുഞ്ഞനന്തന്‍ നായരുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം. കോഴിക്കോട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
 സൗഹൃദവും സ്നേഹവും നിലപാടായി സ്വീകരിച്ച് എല്ലാത്തരം ആളുകളോടും ഒരുപോലെ അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു തിക്കോടിയനെന്ന് എം.ടി പറഞ്ഞു. ഒരുപാട് പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ജീവിച്ചിരിക്കുമ്പോള്‍ അനുമോദനങ്ങളിലൊന്നും പങ്കെടുക്കാതെ മാറിനിന്നിരുന്ന വ്യക്തിയായിരുന്നു തിക്കോടിയന്‍. പണ്ടത്തെ കോഴിക്കോട്ടെ സാഹിത്യസദസ്സിലെ പ്രധാനിയായിരുന്നു അദ്ദേഹം. ചെറുപ്പത്തില്‍തന്നെ നഗരം കാണിച്ച, തന്‍െറ ജ്യേഷ്ഠന്‍െറയൊപ്പം ജോലിചെയ്തിരുന്ന തിക്കോടിയനാണ് പില്‍ക്കാലത്ത് തന്‍െറ ആത്മസുഹൃത്തായി മാറിയത്. അങ്ങനെ തിക്കോടിയന്‍ തങ്ങളുടെ തിക്കുവായി.

പ്രായഭേദവും കാലഭേദവും മാറിക്കൊണ്ടുള്ള അടുപ്പമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. രക്ഷിതാവിനെപ്പോലെ വേണ്ടപ്പെട്ടയൊരാളായിരുന്നു തിക്കോടിയന്‍. അദ്ദേഹത്തെക്കാള്‍ വലിയ നാടകങ്ങള്‍ എഴുതിയവരുണ്ടാകാം. എന്നാല്‍, അവരില്‍നിന്നു വ്യത്യസ്തമായി  വിശുദ്ധമായ മനസ്സിന് ഉടമയായിരുന്നു തിക്കോടിയന്‍. അംഗീകാരങ്ങളില്‍ ശ്രദ്ധിക്കാതെ തന്‍െറ സപര്യയില്‍ അദ്ദേഹം മുഴുകി.  എഴുതിത്തെളിഞ്ഞവരുമായും എഴുതിത്തെളിയാത്തവരുമായും ഒരുപോലെ അദ്ദേഹം അടുപ്പം സൂക്ഷിച്ചു.  മണ്‍മറഞ്ഞ എഴുത്തുകാരുടെ സ്മരണ അവരുടെ പുസ്തകങ്ങളാണ്. പുതിയ തലമുറക്കുവേണ്ടി അവരുടെ പുസ്തകങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നത് സന്തോഷകരമാണെന്നും എം.ടി പറഞ്ഞു.

കോഴിക്കോട് സാംസ്കാരിക വേദി പ്രസിഡന്‍റ് എ.കെ. അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. തിക്കോടിയന്‍ ജന്മശതാബ്ദി സ്മരണിക പ്രകാശനം തിക്കോടിയന്‍െറ മകള്‍ എം. പുഷ്പക്ക് നല്‍കി എം.ടി. വാസുദേവന്‍ നായര്‍ നിര്‍വഹിച്ചു. വി.ആര്‍. സുധീഷ് അനുസ്മരണ പ്രഭാഷണം നടത്തി.  തിക്കോടിയന്‍െറ നാടകത്തിലെ അഭിനേതാവായിരുന്ന  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  ബാബു പറശേരിയെ നടന്‍ മാമുക്കോയ ആദരിച്ചു. തിക്കോടിയന്‍ നാടകത്തിലെ അഭിനേതാക്കളായ വില്‍സണ്‍ സാമുവല്‍, എല്‍സി സുകുമാരന്‍, വിജയലക്ഷ്മി ബാലന്‍, കെ.എസ്. കോയ, രത്നമ്മ മാധവന്‍, നിലമ്പൂര്‍ മണി, കോഴിക്കോട് ശിവരാമന്‍, വിജയന്‍ കാരന്തൂര്‍, എന്‍.വി.എസ് പൂക്കാട് എന്നിവരെ ബാബു പറശേരി ആദരിച്ചു.  റേഡിയോ കലാകാരന്‍ രവി രഞ്ജനെ നടന്‍ മാമുക്കോയ ആദരിച്ചു. തിക്കോടിയന്‍െറ ‘ചുവന്ന കടല്‍’ നോവലിന്‍െറ പുതിയ പതിപ്പിന്‍െറ പ്രകാശനം കെ.പി. രാമനുണ്ണി, ടി.വി. സുനീതക്ക് നല്‍കി നിര്‍വഹിച്ചു. ആത്മകഥയായ ‘അരങ്ങുകാണാത്ത നടന്‍െറ’ പുതിയ പതിപ്പിന്‍െറ പ്രകാശനം സജിത മഠത്തില്‍, ദീദി ദാമോദരന് നല്‍കി നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശേരി, മാമുക്കോയ, എം. പുഷ്പ തുടങ്ങിയവര്‍ സംസാരിച്ചു. പുഷ്പവൃഷ്ടിയെക്കുറിച്ച് ഡോ. കെ. ശ്രീകുമാര്‍ സംസാരിച്ചു. സാംസ്കാരിക വേദി സെക്രട്ടറി കെ.വി. ശശി സ്വാഗതവും പി.പി. ബഷീര്‍ നന്ദിയും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT