അക്ഷരവെളിച്ചം തേടി വായനദിനത്തിൽ വിദ്യാർഥികൾ അക്കിത്തത്തിനൊപ്പം

കോഴിക്കോട്: നവതി പിന്നിട്ട മലയാളത്തിെൻറ പ്രിയകവി അക്കിത്തത്തെ  നേരിൽകാണാൻ കോഴിക്കോട്ടെ ഒരു കൂട്ടം വിദ്യാർഥികൾ പാലക്കാട്ടേക്കു വണ്ടികയറി. അക്കിത്തത്തിെൻറ പാലക്കാട്ടെ കുമരനല്ലൂരിലെ ആലമ്പിള്ളി മനയിലെത്തിയാണ് കോഴിക്കോട് പറമ്പിൽക്കടവ് എം.എ.എം.യു.പി സ്​കൂളിലെ വിദ്യാർഥികൾ വായനദിനം അവിസ്​മരണീയമാക്കിയത്. സ്​കൂളിലെ മാതൃഭാഷാസ്​നേഹികളുടെ സാംസ്​കാരിക കൂട്ടായ്മയായ മലയാളമണ്ഡലമാണ് കൂടിക്കാഴ്ചക്ക് നേതൃത്വം നൽകിയത്. അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളുമടങ്ങുന്ന സംഘം അക്കിത്തവുമായി സംവദിച്ചു.


അഞ്ചാം തരത്തിലെ മലയാളം അടിസ്​ഥാന പാഠാവലിയിലെ അക്കിത്തത്തിെൻറ ‘മരണമില്ലാത്ത മനുഷ്യൻ’ എന്ന കവിത പഠിക്കുന്ന കുട്ടികൾ, അതിലെ നായകനായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിെൻറ നാമധേയത്തിലും സ്​മരണയിലും ആരംഭിച്ച സംസ്​ഥാനത്തെ ആദ്യവിദ്യാലയത്തിൽനിന്നാണ് വരുന്നതെന്ന് അഭിമാനപൂർവം പ്രിയകവിയെ അറിയിച്ചു. കുട്ടിക്കൂട്ടത്തിൽ യാത്രക്ക് നേതൃത്വം നൽകിയ അമേയക്കും റോഷനും ദേവികക്കും അർപ്പിതക്കും മാത്രമല്ല മറ്റു വിദ്യാർഥികൾക്കും പ്രിയകവിയുമായുള്ള സർഗസംവാദം മറക്കാനാവാത്ത അനുഭവമായി. വായനയിലൂടെ അറിവിെൻറ പുതുവെളിച്ചം തേടി ജീവിതം ധന്യമാക്കണമെന്ന് പറഞ്ഞാണ് കവി കുട്ടികളെ യാത്രയാക്കിയത്. പ്രശ്നോത്തരി മത്സരം, സാഹിത്യസദസ്സുകൾ, നാടൻപാട്ട് ശിൽപശാല, സർഗസംവാദം തുടങ്ങിയ വ്യത്യസ്​തമായ പരിപാടികളാണ് വായനദിനത്തോടനുബന്ധിച്ച് മലയാളമണ്ഡലം സംഘടിപ്പിക്കുന്നത്. യാത്രക്ക് പ്രധാനാധ്യാപകൻ സി.കെ. വിനോദ്കുമാർ, പി.ടി.എ വൈസ്​ പ്രസിഡൻറ് എം. അനിൽകുമാർ, കൃഷ്ണകുമാർ, പി. രജീഷ്കുമാർ, കെ. ഭാഗ്യനാഥൻ, പി.പി. ജയ, എം. സിന്ധു, ഒ.വി. നിഷി എന്നിവർ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.