ഹിന്ദു സന്യാസി സമൂഹമായ ശ്രീരാമകൃഷ്ണ മഠം പ്രവാചകന്‍ മുഹമ്മദിനെ പരിചയപ്പെടുത്തുന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നു എന്നത് അതിശയപ്പെടുത്തുന്ന ഒന്നാണ്. ലോകത്തെ മാറ്റിമറിച്ച വിശ്വപ്രശസ്തരായ മഹാത്മാക്കളുടെ ചരിത്രവും അവരുടെ മഹദ് വചനങ്ങളും ഉള്‍ക്കൊള്ളുന്ന ‘ദസ് സ്പേക്’ സീരീസില്‍പെട്ട പ്രവാചകന്‍ മുഹമ്മദിനെ കുറിച്ചുള്ള പുസ്തകം അറുപതുകളുടെ ആദ്യമാണ് പ്രസിദ്ധീകരിച്ചത്. 1962 ജൂണില്‍ എഴുതിയ പ്രസാധകക്കുറിപ്പിന് തൊട്ടുപിറകെ ഗ്രന്ഥകര്‍ത്താവ് ഡോ. എം. ഹാഫിസ് സയ്യിദ് എഴുതിയ ആമുഖത്തിനൊടുവില്‍ 1961 സെപ്റ്റംബര്‍ 28 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ശ്രീബുദ്ധന്‍, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ശ്രീ ശങ്കരന്‍, ശ്രീരാമകൃഷ്ണ പരമ ഹംസര്‍, സ്വാമി വിവേകാനന്ദന്‍, ഗുരുനാനാക്ക് തുടങ്ങിയ മഹത്തുക്കളെയാണ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. തുടര്‍ന്ന് യേശുദേവനെ കുറിച്ചുള്ള ചെറിയ പുസ്തകവും പ്രസിദ്ധീകരിക്കപ്പെട്ടു. മതാതീത ആത്മീയതയില്‍ ഊന്നിയുള്ള സന്യാസിയായി ജീവിച്ച് പ്രവര്‍ത്തിച്ചു കാണിച്ചയാളാണ് പരമഹംസര്‍. അദ്ദേഹം മുന്നോട്ടുവെച്ച ഈ ദര്‍ശനം പിന്തുടരുന്നതിനാലാണ് മറ്റു സന്യാസിമഠങ്ങളില്‍നിന്ന് വ്യത്യസ്തമായി രാമകൃഷ്ണാശ്രമം തീര്‍ത്തും മാതൃകാപരമായ ഇത്തരമൊരു മാര്‍ഗം അവലംബിച്ചതെന്ന കാര്യത്തില്‍ സംശയമില്ല.
ഈ ലേഖകന്‍റെ പുസ്തക ശേഖരത്തിലുള്ള ചെറു പുസ്തകം എത്രാമത്തെ എഡിഷനാണ് എന്ന് അതില്‍ നിന്നും വ്യക്തമല്ല. എന്നാല്‍, 1972നു ശേഷമുള്ളതാണെന്ന് വിലയിരുത്താം. കാരണം, പോസ്റ്റല്‍ ഇന്‍ഡക്സ് നമ്പര്‍ അഥവാ പിന്‍ നമ്പര്‍ സഹിതമാണ് മൈലാപ്പൂരിലെ മഠത്തിന്‍റെ വിലാസം നല്‍കിയിരിക്കുന്നത്. ’72ലാണ് പിന്‍ അഥവാ പോസ്റ്റല്‍ ഇന്‍ഡക്സ് നമ്പര്‍ നിലവില്‍വന്നത്. പിന്നില്‍ രേഖപ്പെടുത്തിയിരുന്ന അതിന്‍റെ വില അദ്ഭുതം സമ്മാനിക്കും -മൂന്നു രൂപ.
രാമകൃഷ്ണ മഠത്തിന്‍റെ പുസ്തക വില്‍പനശാലയില്‍നിന്ന് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവാചകനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുതിയ എഡിഷന്‍ വാങ്ങി. അതില്‍ ഇതിനോടകം 1,61,700 കോപ്പികള്‍ അച്ചടിച്ചതായി കാണുന്നു. വിലയിലെ വ്യത്യാസം അറിയാന്‍ കൗതുകം തോന്നി. വീണ്ടും അദ്ഭുതം -അഞ്ചു രൂപ. ബ്രാക്കറ്റില്‍ ഇങ്ങനെ പ്രത്യേകം എഴുതിയിട്ടുണ്ട് -സബ്സിഡൈസ്ഡ്.
അലഹബാദ് സര്‍വകലാശാലയിലെ അധ്യാപകനായിരുന്നു ഡോ. എം. ഹാഫിസ് സയ്യിദ് എന്ന് ആമുഖത്തിലുണ്ട്. പുസ്തകത്തില്‍ അച്ചടിമഷി പടരും മുമ്പേ അദ്ദേഹം ഈ ലോകം വിട്ടുപോയെന്ന സങ്കടം പ്രസാധകര്‍ അതില്‍ വായനക്കാരുമായി പങ്കുവെക്കുന്നുണ്ട്. രാജ്യമെമ്പാടുമുള്ള ബ്ലോക് ഡെവലപ്മെന്‍റ് സെന്‍ററുകളിലൂടെ ഈ ചെറുപുസ്തകം രാജ്യമെമ്പാടും വിതരണം ശിപാര്‍ശ ചെയ്യുകയുണ്ടായെന്ന വിവരവും അതിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.