കാവാലം നാരായണപ്പണിക്കർ അന്തരിച്ചു

തിരുവനന്തപുരം: രംഗപടങ്ങളുടെ ചുറ്റുവട്ടങ്ങളില്‍നിന്ന് മലയാള നാടകത്തെ മണ്ണിലേക്കിറക്കിയ നാടകാചാര്യനും ലളിതസുന്ദരമായ വരികളിലൂടെ ആസ്വാദകരുടെ മനംകവര്‍ന്ന കവിയും ഗാനരചയിതാവുമായ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു. മലയാളത്തിന്‍െറ സാംസ്കാരികരംഗത്ത് ഏഴു പതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന കാവാലത്തിന് 88 വയസ്സായിരുന്നു. കുറച്ചുനാളായി അസുഖംമൂലം കിടപ്പിലായിരുന്ന കാവാലം തിരുവനന്തപുരത്തെ തൃക്കണ്ണാപുരത്തെ ഹരിശ്രീ വീട്ടില്‍വെച്ചാണ് ജീവിതത്തിന്‍െറ അരങ്ങൊഴിഞ്ഞത്. ഭാര്യ: ശാരദാ മണി. പിന്നണി ഗായകന്‍ കാവാലം ശ്രീകുമാര്‍,  പരേതനായ കാവാലം ഹരികൃഷ്ണന്‍ എന്നിവര്‍ മക്കളാണ്.

സംസ്കാരം ചൊവ്വാഴ്ച വൈകീട്ട്  നാലിന് സംസ്ഥാന ബഹുമതികളോടെ കാവാലത്ത് നടക്കും.  തനത് നാടകവേദിയെ രൂപപ്പെടുത്തിയ കാവാലം 30ലേറെ പ്രശസ്ത നാടകങ്ങളെഴുതി. 1928 ഏപ്രില്‍ 28ന് കുട്ടനാട്ടിലെ കാവാലത്തെ പ്രമുഖ തറവാടായ ചാലയില്‍ വീട്ടിലാണ്  ജനിച്ചത്. ശ്രീമൂലം തിരുനാളിന്‍െറ കൊട്ടാരത്തിലെ കാര്യക്കാരിലൊരാളായിരുന്ന ഗോദവര്‍മയായിരുന്നു പിതാവ്. മാതാവ് കുഞ്ഞുലക്ഷ്മിയമ്മ. സര്‍ദാര്‍ കെ.എം. പണിക്കരുടെ അനന്തരവനാണ്. കാവാലത്തെ മലയാമ്പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പുളിങ്കുന്ന് ഗോമേന്ത സ്കൂളിലായിരുന്നു ഹൈസ്കൂള്‍ വിദ്യാഭ്യാസം. കോട്ടയം സി.എം.എസ് കോളജില്‍ പഠിച്ച കാവാലം നിയമബിരുദം നേടി 1955 മുതല്‍ 61 വരെ ആലപ്പുഴ ജില്ലാ കോടതിയില്‍ അഭിഭാഷകനായും തിളങ്ങി. പിന്നീട്, സാംസ്കാരികരംഗത്ത് തിളങ്ങുന്ന നക്ഷത്രമായി. 1961 മുതല്‍ പത്തുവര്‍ഷം കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി. അക്കാലത്താണ് ഇദ്ദേഹം നാടകത്തെ ഗൗരവമായെടുത്തത്.

സോപാനം എന്ന രംഗകലാപഠന ഗവേഷണകേന്ദ്രം 1980ല്‍ തുടങ്ങി. ഇതിനുകീഴില്‍ തിരുവരങ്ങ്, സോപാനം തുടങ്ങിയ നാടകക്കളരികള്‍ തുടങ്ങി. നെടുമുടി വേണു അടക്കമുള്ള നടന്മാരുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച കാവാലം, നാടകം പകര്‍ന്നാടലാണെന്ന വിശ്വാസക്കാരനായിരുന്നു.
മലയാള സിനിമയില്‍ ലളിതസുന്ദരമായ ഗാനങ്ങളെഴുതിയ കാവാലത്തിന് രണ്ടുവട്ടം മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയിരുന്നു. 1978ല്‍ ‘രതിനിര്‍വേദം’ എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി പാട്ടെഴുതിയത്. അമ്പതോളം സിനിമകള്‍ക്ക് പാട്ടെഴുതി. തുടര്‍ന്ന് വാടകക്കൊരു ഹൃദയം, തമ്പ്, കുമ്മാട്ടി, തമ്പുരാട്ടി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചു.

1978ലും 1982ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്,  സംഗീത നാടക അക്കാദമി നാഷനല്‍ അവാര്‍ഡ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്,  2009ല്‍ വള്ളത്തോള്‍ പുരസ്കാരം, മധ്യപ്രദേശ് സര്‍ക്കാറിന്‍െറ കാളിദാസ സമ്മാനം,കേരള സംഗീത നാടക അക്കാദമിയുടെ സീനിയര്‍  ഫെലോഷിപ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചു. 2007ല്‍ പത്മഭൂഷണ്‍ നല്‍കി രാഷ്ട്രം ആദരിച്ചു.  കേരള സംഗീതനാടക അക്കാദമി സെക്രട്ടറിയായും (1961-‘71) ചെയര്‍മാനായും (2001-‘04) കേന്ദ്ര സംഗീതനാടക അക്കാദമി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

സാക്ഷി (1968) മുതല്‍ കലിവേഷം വരെ തര്‍ജമകളും രൂപാന്തരങ്ങളുമടക്കം 40 നാടകങ്ങള്‍ രചിച്ചു. തിരുവാഴിത്താര്‍ (1969), ജാബാലാ സത്യകാമന്‍ (1970), ദൈവത്താര്‍ (1976), അവനവന്‍കടമ്പ (1978), കരിംകുട്ടി (1985), നാടകചക്രം (1979) ഏകാങ്കനാടകങ്ങളുടെ സമാഹാരം,കൈക്കുറ്റപ്പാട് (1993), ഒറ്റയാന്‍ (1980) തുടങ്ങിയ നാടകങ്ങളെഴുതി.  ഭാസഭാരതം, ഭാസന്‍െറ അഞ്ച് സംസ്കൃതനാടങ്ങളുടെ (ഊരുഭംഗം, ദൂതഘടോല്‍കചം, മധ്യമവ്യായോഗം, ദൂതവാക്യം, കര്‍ണഭാരം) വിവര്‍ത്തനം, ഭഗവദജ്ജുകം (ബോധായനന്‍െറ സംസ്കൃതനാടകത്തിന്‍െറ വിവര്‍ത്തനം), ഒരു മധ്യവേനല്‍ രാക്കനവ് (ഷേക്സ്പിയര്‍ നാടകം), കൊടുങ്കാറ്റ് (ഷേക്സ്പിയര്‍ നാടകം) തുടങ്ങിയവയാണ് പ്രമുഖ നാടക വിവര്‍ത്തനങ്ങള്‍.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 07:39 GMT
access_time 2025-01-05 07:34 GMT