തക്ഷന്‍കുന്നിന്‍െറ ഇന്നലെകളെത്തേടിയെത്തി, വയലാര്‍ അവാര്‍ഡും

കോഴിക്കോട്: ഗ്രാമാതിര്‍ത്തിയില്‍ ആഴമേറിയ ഒരു ഇടവഴിക്ക് കുറുകെയിട്ട മുളങ്കമ്പുകളുടെ ഒറ്റയടിപ്പാലത്തില്‍ മലര്‍ന്നുകിടന്ന് ആകാശം നോക്കുന്ന രാമര്‍. വയലാര്‍ അവാര്‍ഡിനര്‍ഹമായ യു.കെ. കുമാരന്‍െറ ‘തക്ഷന്‍കുന്ന് സ്വരൂപം’ എന്ന നോവല്‍ തുടങ്ങുന്നത് ഈ രാമറില്‍ നിന്നാണ്. രാമറുടെ മാത്രം കഥയല്ലിത്, മറിച്ച് ഒരു നൂറ്റാണ്ടുമുമ്പുണ്ടായിരുന്ന ഒരു ഗ്രാമത്തിന്‍െറയും അവിടത്തെ നൂറോളം കഥാപാത്രങ്ങളുടെയും ജീവിതങ്ങളാണ്. തക്ഷന്‍ കുന്നങ്ങാടിയെന്ന കോഴിക്കോട് പയ്യോളിക്കടുത്തുള്ള ചില ഗ്രാമങ്ങളുടെ ചരിത്രവും സാമൂഹികവര്‍ത്തമാനങ്ങളും പങ്കുവെക്കുകയാണ് മലയാളത്തിന്‍െറ പ്രിയ എഴുത്തുകാരന്‍ ഈ നോവലിലൂടെ.

വയലാര്‍ അവാര്‍ഡിലൂടെ ഏഴാമത്തെ പുരസ്കാരമാണ് 2012ല്‍ പ്രസിദ്ധീകരിച്ച ‘തക്ഷന്‍കുന്ന് സ്വരൂപ’ത്തെ തേടിയത്തെിയിരിക്കുന്നത്. ബഷീര്‍ പുരസ്കാരം, ചെറുകാട് അവാര്‍ഡ്, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പുരസ്കാരം, ഹബീബ് വലപ്പാട് അവാര്‍ഡ്, കഥാരംഗം അവാര്‍ഡ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് എന്നിവയാണ് നോവലിനു ലഭിച്ച മറ്റു ബഹുമതികള്‍.

പയ്യോളിയില്‍ ജനിച്ചുവളര്‍ന്ന യു.കെ. കുമാരന്‍ ചെറുപ്പത്തില്‍ കേട്ടുവളര്‍ന്ന ഗ്രാമത്തിലെ പഴയ കഥകളോടൊപ്പം സ്വന്തം ഭാവനാപരിസരത്തുനിന്നുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാണ് ‘തക്ഷന്‍കുന്ന് സ്വരൂപ’ത്തെ വളര്‍ത്തിയെടുക്കുന്നത്. രാമര്‍ എന്ന സാങ്കല്‍പിക കഥാപാത്രത്തോടൊപ്പം കുഞ്ഞിക്കേളുവെന്ന തുന്നല്‍ക്കാരനും മാതാമ്മയെന്ന ചായക്കടക്കാരിയും ജീവിച്ചിരുന്ന ഗ്രാമമാണ് തക്ഷന്‍കുന്ന്.

ഗ്രാമീണതയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഗൃഹാതുരത്വമായി അവശേഷിക്കുന്ന ഒട്ടേറെ വര്‍ണനകളും ദൃശ്യവത്കരണങ്ങളും നോവലില്‍കാണാം. ഒട്ടും ചലനാത്മകമല്ലാത്ത, വല്ലപ്പോഴും ഒരു പട്ടാളക്കാരന്‍െറ സന്ദര്‍ശനം കൊണ്ടും, വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന കാളച്ചന്തകൊണ്ടും മാത്രം മുഖരിതമായ ഒരു നാട്ടിലേക്ക് ഒരു പുത്തന്‍ രാഷ്ട്രീയ ഉണര്‍വായി കെ. കേളപ്പന്‍ എത്തുന്നതും തുടര്‍ന്ന് നാട്ടിലുണ്ടാവുന്ന രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പരിവര്‍ത്തനങ്ങളുമാണ് വര്‍ണനകളുടെ മേമ്പൊടി ചേര്‍ത്ത് കഥാകാരന്‍ അവതരിപ്പിക്കുന്നത്. കെ. കേളപ്പനു പിറകെ മഹാത്മാഗാന്ധിയും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബുമെല്ലാം നോവലിലൂടെ തക്ഷന്‍കുന്നിലേക്കത്തെുന്നുണ്ട്.

കിട്ടാവുന്ന ഡോക്യുമെന്‍ററികളും ചരിത്രരേഖകളുമെല്ലാം ശേഖരിച്ചും, രണ്ടുവര്‍ഷത്തോളം ഗ്രാമചരിത്രത്തെക്കുറിച്ച് പഠിച്ചും തന്‍െറ നാടിന്‍െറ ചരിത്രത്തോട് നീതിപുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അവാര്‍ഡ് വാര്‍ത്തയറിഞ്ഞ യു.കെ. കുമാരന്‍ പ്രതികരിച്ചു.
കോഴിക്കോട് ചക്കോരത്തുകുളത്ത് ‘ഗീത’ത്തിലാണ് തക്ഷകന്‍കുന്നിന്‍െറ കഥാകാരന്‍ താമസിക്കുന്നത്. സാഹിത്യമേഖലയിലെന്നപോലെ പത്രപ്രവര്‍ത്തനരംഗത്തും ദീര്‍ഘകാലത്തെ അനുഭവസമ്പത്ത് ഇദ്ദേഹത്തിനുണ്ട്.

പയ്യാനക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപിക ഗീതയാണ് ഭാര്യ. മകന്‍ മൃദുല്‍രാജും ഭാര്യ ഭവ്യയും ബംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരും മകള്‍ ഡോ. മേഘ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനുമാണ്. ‘എഴുതപ്പെട്ടത്’, ‘വലയം’, ‘ഒരിടത്തുമത്തൊത്തവള്‍’, ‘മുലപ്പാല്‍’, ‘ആസക്തി’(നോവലുകള്‍), ‘ഒരാളെതേടി ഒരാള്‍’, ‘പുതിയ ഇരിപ്പിടങ്ങള്‍’, ‘പാവം കള്ളന്‍’, ‘മടുത്തകളി’, ‘മധുരശൈത്യം’(ചെറുകഥകള്‍), ‘മലര്‍ന്നു പറക്കുന്ന കാക്ക’, ‘പ്രസവവാര്‍ഡ്’, ‘എല്ലാം കാണുന്ന ഞാന്‍’, ‘ഓരോ വിളിയും കാത്ത്’ (നോവലെറ്റുകള്‍) എന്നിവയാണ് മറ്റു പ്രധാനകൃതികള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT