ലണ്ടൻ: 2018ലെ മാൻ ബുക്കർ പുരസ്കാരം വടക്കൻ അയർലൻഡിലെ അന്ന ബേൺസിന്. മിൽക്മാൻ എന്ന നോവലിനാണ് 56കാരിയായ അന്നയെ തേടി പുരസ്കാരം എത്തിയത്. മാൻ ബുക്കർ പുരസ്കാരം നേടുന്ന ആദ്യ വടക്കൻ അയർലൻഡ് എഴുത്തുകാരിയാണിവർ. 2013നുശേഷം ആദ്യമായാണ് ഒരു വനിതക്ക് പുരസ്കാരം ലഭിക്കുന്നത്. 49 വർഷത്തെ മാൻ ബുക്കർ ചരിത്രത്തിൽ അവാർഡ് ലഭിക്കുന്ന 17ാമെത്ത വനിതയും. ബെൽഫാസ്റ്റ് സ്വദേശിയായ അന്നയുടെ മൂന്നാമത്തെ നോവലാണിത്. നോവലിലെ കഥാപാത്രങ്ങൾക്കും പശ്ചാത്തലത്തിനും എഴുത്തുകാരി പേരു നൽകിയിട്ടില്ല.
കൗമാരക്കാരിക്ക് തന്നെക്കാൾ മുതിർന്ന വിവാഹിതനായ ഒരാളോട് തോന്നുന്ന വിചിത്രബന്ധവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് നോവലിെൻറ ഇതിവൃത്തം. അവൾ അയാളിൽനിന്ന് നേരിട്ട ലൈംഗികപീഡനങ്ങളെക്കുറിച്ചും നോവൽ വിവരിക്കുന്നുണ്ട്. മിഡിൽ സിസ്റ്റർ എന്ന പേരിലറിയപ്പെടുന്ന ഒരാളുടെ മനോവിചാരങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. വടക്കൻ അയർലൻഡിലെ രാഷ്ട്രീയ സംഘർഷങ്ങളും നോവലിൽ സൂചിപ്പിക്കുന്നുണ്ട്. പരമ്പരാഗത സങ്കൽപങ്ങളെ കാറ്റിൽപറത്തിയാണ് അന്നയുടെ രചനാരീതിയെന്ന് ജൂറി അഭിപ്രായപ്പെട്ടു.
‘‘ഞാനെെൻറ കഥാപാത്രങ്ങൾക്കുവേണ്ടി കാത്തിരുന്നു. അവർ എന്നോട് കഥ പറഞ്ഞു. അതാണ് ഇത്തരത്തിലൊരു നോവലായി പുനർജനിച്ചത്’’ -പുരസ്കാരവിവരമറിഞ്ഞ് അന്ന പറഞ്ഞു. നോ ബോൺസ് (2001), ലിറ്റിൽ കൺസ്ട്രക്ഷൻസ് (2007) എന്നിവയാണ് മറ്റു കൃതികൾ. ലണ്ടനിലെ ഗൈഡ്ഹാളിൽ നടന്ന ചടങ്ങിൽ ബ്രിട്ടീഷ് കിരീടാവകാശി ചാൾസിെൻറ ഭാര്യ കാമില പാർക്കൽ പുരസ്കാരം സമ്മാനിച്ചു. 50,000 പൗണ്ടാണ് (50.85 ലക്ഷം രൂപ) സമ്മാനത്തുക. ബ്രിട്ടൻ, കാനഡ, അമേരിക്ക രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇക്കുറി അന്തിമപട്ടികയിലുണ്ടായിരുന്നത്.
1969ലാണ് പുരസ്കാരം നൽകിത്തുടങ്ങിയത്. ഇംഗ്ലീഷിൽ എഴുതിയതും ബ്രിട്ടനിൽ പ്രസിദ്ധീകരിച്ചതുമായ കൃതികളാണ് പുരസ്കാരത്തിന് പരിഗണിക്കുക.ഇക്കൊല്ലം അന്തിമപട്ടികയിൽ ഇടംപിടിച്ച ആറു നോവലുകളിൽ നാലെണ്ണവും സ്ത്രീഎഴുത്തുകാരുടേതായിരുന്നു. റോബിൻ റോബർട്സ്സൺ (ദ ലോങ് ടേക്ക്), റേച്ചൽ കഷ്നർ (ദ മാർസ് റൂം), റിച്ചർഡ് പവേഴ്സ് (ദി ഓവർസ്റ്റോറി), എസി എഡുജ്യൻ (വാഷിങ്ടൺ ബ്ലാക്ക്), ഡെയ്സി ജോൺസൺ (എവരിതിങ് അണ്ടർ) എന്നിവയാണ് അന്തിമപട്ടികയിൽ ഇടംപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.