ഫറോക്ക്: കോഴിക്കോട്ട് സാഹിത്യോത്സവത്തിൽ പങ്കെടുക്കാനെത്തിയ പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ് രാത്രി വൈകിയും തിരക്കിലായിരുന്നു. ഫറോക്ക് ഇർശാദിയ കോളജ് വിദ്യാർഥി യൂനിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംബന്ധിക്കാനാണ് വ്യാഴാഴ്ച രാത്രി പത്തരയോടെ അരുന്ധതിയെത്തിയത്. പുസ്തകത്തെക്കുറിച്ച് സംവദിച്ചും വിദ്യാർഥികളുടെ അന്വേഷണങ്ങൾക്ക് മറുപടി പറഞ്ഞും രാത്രി 12 വരെ കാമ്പസിൽ ചെലവഴിച്ചു.
ഡൽഹി ഐ.ഐ.ടി അസി. പ്രഫസർ ദിവാ ദ്വിവേദിക്കൊപ്പം കാമ്പസിലെത്തിയ അരുന്ധതിയെ വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ച് സ്വീകരിച്ചു. പെൺകുട്ടികൾ ഉൾപ്പെടെ അഞ്ഞൂറോളം വിദ്യാർഥികൾ കേൾക്കാനെത്തി. ‘മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്’ എന്ന തെൻറ പുതിയ പുസ്തകത്തെക്കുറിച്ച് സംസാരിച്ചാണ് അരുന്ധതി പ്രഭാഷണം ആരംഭിച്ചത്. പുസ്തകം ഉയർത്തുന്ന രാഷ്ട്രീയത്തെയും സൂചകങ്ങളെയും അവർ പരാമർശിച്ചു.
സദസ്സിനുള്ള സംവാദഅവസരത്തിൽ പുസ്തകത്തെയും രാഷ്ട്രീയ നിലപാടുകളെയും മുൻനിർത്തിയുള്ള നിരവധി ചോദ്യങ്ങൾ ഉയർന്നു. വിയോജിക്കുന്നവരെ റദ്ദ് ചെയ്യുന്ന ജനാധിപത്യ ൈകയേറ്റങ്ങൾക്കെതിരെ അരുന്ധതി തുറന്നടിച്ചു. വൈവിധ്യം നിലനിൽക്കാതെ ജനാധിപത്യം സാധ്യമല്ല. ആദിവാസിക്കും ദലിതനും ന്യൂനപക്ഷങ്ങൾക്കും അവരുടെയും കൂടിയുള്ള സമൂഹമാണെന്ന് ബോധ്യമാവണം. അവരുടെ സാഹചര്യങ്ങൾ മുൻനിർത്തിയുള്ള പ്രതിരോധങ്ങൾക്ക് ഇടം ലഭിക്കണം. ജാതിപ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ വിവേചന രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നത് അപൂർണമാണ്. സ്വത്വപ്രതിസന്ധികൾ തീക്ഷ്ണതയിൽ തന്നെ അവതരിപ്പിക്കപ്പെടണം. എന്നാൽ, സ്വത്വപ്രശ്നങ്ങളെ അതത് വിഭാഗങ്ങൾ തന്നെ പരിഹരിക്കട്ടെ എന്ന നിലപാടിലൂടെ സമീപിക്കുന്നത് ശരിയെല്ലന്നും അവർ പറഞ്ഞു.
ഇർശാദിയ കോളജ് പ്രിൻസിപ്പൽ ഡോ. ആർ. യൂസുഫ് ഉപഹാരം നൽകി. ഐ.ഇ.എം ജനറൽ സെക്രട്ടറി വി. ഹാഷിം, നെസ്റ്റ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ എ.കെ. ഹാരിസ്, ഇർശാദിയ കോളജ് സ്റ്റുഡൻറ്സ് ഡീൻ പി.ബി.എം. ഫർമീസ്, അക്കാദമിക് ഡീൻ ജുനൈദ് ചൊനോര, ഹന അഷ്റഫ് എന്നിവർ സംബന്ധിച്ചു. സന സൈനുദ്ദീൻ സ്വാഗതവും മുഹമ്മദ് സഫ്വാൻ നന്ദിയും പറഞ്ഞു.
മേധ പട്കർ, റാണ അയ്യൂബ്, ഇറോം ശർമിള തുടങ്ങിയവരൊക്കെ ഇർശാദിയ കാമ്പസ് സന്ദർശിച്ചിട്ടുണ്ട്. നർമദ, പോസ്കോ, കൂടംകുളം, നന്ദിഗ്രാം, പ്ലാച്ചിമട, ചെങ്ങറ തുടങ്ങിയ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്ന ജനകീയ പ്രക്ഷോഭങ്ങളിലും വിദ്യാർഥികൾ നേരിട്ടെത്തി ഐക്യദാർഢ്യം അറിയിച്ച പാരമ്പര്യവും ഇർശാദിയക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.