കോഴിക്കോട്: മൗലികവാദത്തേക്കാൾ താൻ ഭയക്കുന്നത് ഭീഷണിയുടെ രാഷ്ട്രീയത്തെയാണെന്ന് എഴുത്തുകാരി അരുന്ധതി റോയ് പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ അവർ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഫാഷിസം നടപ്പാക്കുന്നത് ഭീഷണിയിലൂടെയാണ്. വളരെയധികം അപകടം പിടിച്ച ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഈ സാഹചര്യം നേരത്തെ എത്തേണ്ടിയിരുന്നതാണ്, എന്നാൽ ഇതിൽ നിന്ന് നാം വേഗത്തിൽ രക്ഷപ്പെടേണ്ടതുമുണ്ട്.
സമകാലിക അവസ്ഥയെ പ്രതിരോധിക്കാൻ നാം കുറെക്കൂടി അപകടകാരികളാവേണ്ടതുണ്ട്. കുറേക്കൂടി ധൈര്യവാൻമാരാവേണ്ടതുണ്ട്. രാജ്യത്തെ പണവും വെള്ളവും അറിവുമെല്ലാം ചിലരുടെ മാത്രം കുത്തകയായി മാറിയിരിക്കുകയാണ്. നോട്ട് അസാധുവാക്കലും ജി.എസ്ട.യും വൻകിടകാർക്ക് തുണയായപ്പോൾ ചെറുകിട സംരംഭങ്ങൾക്ക് ഇല്ലാതാകുകയാണ്. വൻകിട ബിസിനസുകാരാണ് ഇന്ന് ഭരിക്കുന്നത്. രാജ്യത്തെ മാധ്യമങ്ങളെയും കമ്പനികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയുമെല്ലാം അവർ സ്വന്തമാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ പലപ്പോഴും മാധ്യമങ്ങളിൽ എതിർശബ്ദങ്ങൾ കേൾക്കാൻ കഴിയുന്നില്ല. സാഹിത്യോത്സവങ്ങളധികവും കോർപ്പറേറ്റുകൾ സ്പോൺസർ ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരം പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.
സാഹിത്യോത്സവത്തിെൻറ ഭാഗമായി ടെൽ മി എ സ്റ്റോറി എന്ന പേരിൽ നടന്ന സെഷനിൽ ദിവ്യ ദ്വിവേദിയുമായി അരുന്ധതി റോയ് സംവദിച്ചിരുന്നു. തൻറെ പുതിയ പുസ്തകമായ ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ് എന്ന പുസ്തകത്തെക്കുറിച്ചാണ് ചർച്ച നടന്നത്. ജനാധിപത്യത്തിെൻറ ഇടമായ ജന്തർമന്ദിർ അടച്ചുപൂട്ടിയതിനെത്തുടർന്ന് പ്രതിഷേധിക്കാൻ പോലും പൈസ നൽകേണ്ട സാഹചര്യമാണുള്ളതെന്ന് അരുന്ധതി റോയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.