കോഴിക്കോട്: വലിയൊരു ലേഖനത്തിലൂടെയോ സുദീർഘമായ പ്രഭാഷണങ്ങളിലൂടെയോ പറഞ്ഞു ഫലിപ്പിക്കേണ്ടിവരുന്ന സങ്കീർണ വിഷയങ്ങൾ പോലും ജനമനസ്സുകളിലേക്ക് സന്നിവേശിപ്പിക്കാൻ കുറിക്ക് കൊള്ളുന്ന ഒരു കാർട്ടൂൺ കൊണ്ട് സാധിക്കും. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളെ വിമർശന ബുദ്ധ്യാ സമീപിക്കുന്നതിൽ കാർട്ടൂണുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. എത്ര സങ്കീർണമായ പ്രശ്നങ്ങളാണെങ്കിലും നർമത്തിൽ പൊതിഞ്ഞുകൊണ്ടുള്ള അവയുടെ അവതരണ രീതി തന്നെയാണ് കാർട്ടൂണുകളെ വേറിട്ടു നിർത്തുന്നത്.
ഇത്തരത്തിൽ സാമൂഹ്യ പ്രശ്നങ്ങളിൽ കാർട്ടൂണുകളിലൂടെ ശക്തമായ ഇടപെടലുകൾ നടത്തിയ സ്വതന്ത്ര കാർട്ടൂണിസ്റ്റാണ് ബഷീർ കിഴിശ്ശേരി. സമൂഹം ഇന്ന് നേരിടുന്ന വിവിധ പ്രശ്നങ്ങളോടുള്ള സന്ധിയില്ലാത്ത പോരാട്ടമാണ് ബഷീറിൻെറ കാർട്ടൂണുകൾ. അദ്ദേഹത്തിൻെറ കാർട്ടൂണുകൾ ഇപ്പോൾ പുസ്തക രൂപത്തിലാക്കിയിരിക്കുകയാണ്. ‘നൂലാമാല’ എന്ന പേരിലാണ് ബഷീർ കിഴിശ്ശേരിയുടെ കാർട്ടൂൺ സമാഹാരം പുറത്തിറങ്ങിയത്.
ലഹരി ഉപയോഗം, പീഡനം, മൊബൈൽ ഫോണിൻെറ ദുരുപയോഗം, പരിസ്ഥിതി ധ്വംസനം, ഗതാഗത നിയമങ്ങളുടെ ലംഘനം തുടങ്ങി വിവിധ വിഷയങ്ങളെ അദ്ദേഹം തൻെറ കാർട്ടൂണുകളിലൂടെ നിശിത വിമർശനത്തിന് വിധേയമാക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി കോഴിക്കോട് റീജ്യണൽ വർക്ക്ഷോപ്പിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനായ ബഷീർ 2002മുതലാണ് കാർട്ടൂൺ രചനാ രംഗത്തേക്ക് കടന്നത്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ബഷീറിൻെറ കാർട്ടൂണുകൾ വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2007ലെ കേരള കാർട്ടൂൺ അക്കാദമിയുടെ കാർട്ടൂണിസ്റ്റ് ശിവറാം പുരസ്കാര ജേതാവ് കൂടിയാണ് ബഷീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.