ന്യൂഡല്‍ഹി: പ്രമുഖ ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷിനെ ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്കാരത്തിന് തെരഞ്ഞെടുത്തു. ബംഗാളി സാഹിത്യത്തില്‍ ആധുനികതയുടെ ആദ്യകാല വക്താക്കളില്‍ ഒരാളും ടാഗോര്‍ കൃതികളുടെ നിരൂപണത്തിലൂടെ ശ്രദ്ധേയനുമായ ശംഖ ഘോഷ് സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവന മാനിച്ചാണ് ജ്ഞാനപീഠം നല്‍കിയത്. 11 ലക്ഷം രൂപയും വെങ്കല ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. 52ാമത് ജ്ഞാനപീഠ പുരസ്കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. മലയാളി കവി അക്കിത്തത്തിന്‍െറ പേര് പുരസ്കാര നിര്‍ണയത്തിന്‍െറ അവസാന ഘട്ടം വരെ സജീവമായിരുന്നതായാണ് വിവരം.
ഇപ്പോള്‍ ബംഗ്ളാദേശില്‍ സ്ഥിതി ചെയ്യുന്ന ചാന്ദ്പുരില്‍ 1932 ഫെബ്രുവരിയിലാണ് ശംഖ ഘോഷ് ജനിച്ചത്. 84കാരനായ അദ്ദേഹം ബംഗബാസി കോളജ്, ജാദവ്പുര്‍ യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രബീന്ദ്ര പുരസ്കാരം, സരസ്വതി സമ്മാന്‍, സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1991ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. വിദ്യാസാഗര്‍ സര്‍വകലാശാലയും ശിബ്പുരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും ഡി-ലിറ്റ് ബിരുദവും നല്‍കി അദ്ദേഹത്തെ ആദരിച്ചു.
അദിംലതാ ഗുല്‍മോമയ്, മുര്‍ഖാ ബാരോ; സമാജിക് നേ, കബീര്‍ അഭിപ്രായ്, മുഖ് ദേഖേ ജയ് ബിഗായാപാനെ, ബബരേര്‍ പ്രാര്‍ഥന തുടങ്ങിയവയാണ് അദ്ദേഹത്തിന്‍െറ പ്രമുഖ കൃതികള്‍. ജ്ഞാനപീഠം ലഭിക്കുന്ന ആറാമത്തെ ബംഗാളിയാണ് ശംഖ ഘോഷ്. അദ്ദേഹത്തിന്‍െറ ‘ദിന്‍ഗുലി രാത്ഗുലി’, ‘നിഹിത പടാല്‍ചായ’ എന്നിവ ബംഗാളിലെ ആധുനിക കവികളെ ഏറെ സ്വാധീനിച്ച കവിതകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.