ഇല്ലായ്മയെന്നാല്‍ എന്താണ് ?

ഇക്കഴിഞ്ഞ ദിവസം എന്‍റെ പേരക്കുട്ടി എന്നോടു ചോദിച്ചു, ‘ഇല്ലായ്മ എന്നാല്‍ അര്‍ഥമെന്താണ്, അച്ഛച്ഛാ?’
മലയാളവാക്കുകളുടെ അര്‍ഥത്തെക്കുറിച്ച് സംശയം ഉണ്ടായാല്‍ ഞാന്‍ എത്തുവോളം കാത്തുവെക്കും. കേന്ദ്രീയ വിദ്യാലയത്തില്‍ പഠിച്ചയാളാണ് അവന്റെ അമ്മ. ഹിന്ദിയായിരുന്നു മാധ്യമം, പിന്നെ ഇംഗ്ലീഷും. മലയാളഭാഷ ഐച്ഛികമായി പഠിച്ചിട്ടില്ലെങ്കിലും, ഡോക്ടറേറ്റൊന്നും ഇല്ലെന്നാലും, ഒരുവിധം ഞാന്‍ ഒപ്പിച്ചുകൊടുക്കാറുണ്ട്, സംശയനിവാരണം.

 പക്ഷേ, ഈ വാക്കിന് അര്‍ഥം പറഞ്ഞുകൊടുക്കാന്‍ ഞാന്‍ വിഷമിച്ചു. എനിക്കറിയാവുന്ന അര്‍ഥം അവന്റെ അനുഭവംവച്ച് പറഞ്ഞു മനസിലാക്കിക്കൊടുക്കാന്‍ നന്നേ വിഷമമായി.

ഭക്ഷണമില്ലായ്മ എങ്ങനെ എന്നറിയില്ല, മാളില്‍ ഫോണ്‍ ചെയ്താല്‍ കിട്ടുമല്ലൊ. ഉടുതുണിയില്ലായ്മയും അനാവശ്യം. ഏതെങ്കിലും റിഡക്ഷന്‍ സെയിലിലെത്തിയാല്‍ എന്തും നിസാരവിലയ്ക്ക് കിട്ടും. കിടപ്പാടമില്ലായ്മ എന്നാല്‍ എന്തിന്? ഈ ചുറ്റുവട്ടത്ത് കിടപ്പാടമില്ലാതെ ആരുമില്ല.

 ഇതൊന്നും ഇത്രയും സുലഭമല്ലാത്ത ഒരു കാലമുണ്ടായിരുന്നു എന്ന് അവനെ പറഞ്ഞു മനസിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. ‘അതെങ്ങനെ!’ അത്രയും മണ്ടന്മാരായിരുന്നൊ അന്നുള്ളവര്‍?’ എന്നായിരുന്നു പ്രതികരണം. 
അന്നവും വസ്ത്രവും കിടപ്പാടവുമില്ലാത്ത ഒരവസ്ഥയെക്കുറിച്ച് എന്തിനവനെ ബോധവാനാക്കണം എന്നു ഞാന്‍ എന്നോടുതന്നെ ചോദിച്ചു. മരുന്നില്ലാത്ത പകര്‍ച്ചവ്യാധികളെക്കുറിച്ച് എന്തിന് അവന്‍ അറിയണം? 
പോയ ദുരിതകാലങ്ങള്‍ വിസ്മൃതിയില്‍ കിടക്കുന്നതല്ലെ ചിതം? അതെ എന്ന് എനിക്കു തോന്നി. അതിനാല്‍ ഞാന്‍ മറ്റു ചില ഇല്ലായ്മകള്‍ ഉദാഹരണങ്ങളാക്കി: പേനയില്‍ മഷിയില്ലായ്മ, കമ്പ്യൂട്ടറിന്‍റെ ഡിസ്‌കില്‍ സ്‌പെയ്‌സ് ഇല്ലായ്മ, ടാങ്കില്‍ വെള്ളമില്ലായ്മ, കാറില്‍ പെട്രോള്‍ ഇല്ലായ്മ…. പിന്നെ, ധൈര്യമില്ലായ്മ, ശ്രദ്ധയില്ലായ്മ, ക്ഷമയില്ലായ്മ എന്നു തുടങ്ങിയ മറ്റൊരുതരം ഇല്ലായ്മകളെക്കുറിച്ചും പറഞ്ഞു.
 

അതിനുശേഷമാണ് അവനെ സ്‌കൂളില്‍ നിന്ന് പഠനയാത്രയ്ക്ക് കൊണ്ടുപോയത്. കാടിനെയും പ്രകൃതിയെയും കുറിച്ച് പഠിക്കാനുള്ളതായിരുന്നു യാത്ര. ശനിയും ഞായറും രണ്ടേ രണ്ടു ദിവസം. കാട്ടിനുള്ളിലെ ക്യാമ്പില്‍ ഒരു രാത്രി താമസം. പിറ്റേന്ന് കാടും കാട്ടില്‍ ജീവിക്കുന്നവരെയും കാണല്‍. 
ഞായറാഴ്ച രാത്രി തിരിച്ചെത്തിയ അവന്‍റെ മുഖത്ത് യാത്രകൊണ്ടുള്ളതിലേറെ പാരവശ്യം ഉള്ളതായി എനിക്കു തോന്നി. ഞാന്‍ വീട്ടിലുണ്ടെങ്കില്‍ എന്‍റെയും വീട്ടുകാരിയുടെയും നടുവില്‍ കിടന്നാണ് അവന്‍റെ ഉറക്കം. മാനസിക വളര്‍ച്ചയുടെ ഭാഗമായ ചില ചോദ്യങ്ങള്‍ ചോദിക്കുക അപ്പോഴാണ്. ചിലപ്പോള്‍ ഞാന്‍ വല്ല നുറുങ്ങുകഥകളും പറയണം.
 ഇതൊന്നും അന്നുണ്ടായില്ല. 
നേരം കുറെ കഴിഞ്ഞിട്ടും അവന്‍ ഉറങ്ങിയില്ലെന്നു മനസിലായപ്പോള്‍ ഞാന്‍ ചോദ്യാര്‍ഥത്തില്‍ നീട്ടി മൂളി. 
‘ഇല്ലായ്മ കണ്ടു, അച്ഛച്ഛാ!’ എന്നായിരുന്നു മറുപടി, ‘കഷ്ടം തന്നെ!’ 
താന്‍ കാണാനിടയായ ആദിവാസി കോളനിയിലെ മനുഷ്യരെ അവന്‍ എനിക്കു പരിചയപ്പെടുത്തി. വിവശതയും ആശ്ചര്യവും മുറ്റിനിന്ന സ്വരത്തില്‍ പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെ: ‘അവര്‍ക്കെന്തുകൊണ്ടാണച്ഛച്ഛാ ഒന്നുമില്ലാത്തത്?’
‘കാടിനകത്തായതുകൊണ്ട് പരിഷ്‌കാരങ്ങളൊക്കെ അങ്ങോട്ട് എത്തിവരുന്നേ ഉള്ളൂ.’ 
‘രണ്ടു മൂന്നു വയസായ ഒരു കുട്ടി മുറ്റത്തെ പുറ്റുമണ്ണു മാന്തി മണ്ണിരയെ പിടിച്ചു തിന്നുന്നത് ഞങ്ങള്‍ കണ്ടു!’
ശ്വാസം തൊണ്ടയില്‍ കുരുങ്ങി വിഷമിക്കുന്ന അവനെ അണച്ചുപിടിച്ച് ഞാന്‍ കുറ്റമേറ്റു, ‘ഉവ്വ്, അതുപോലെ എന്നല്ല, ഞാഞ്ഞൂലിനെപ്പോലും തിന്നാന്‍ കിട്ടാതെ വിശന്നുമരിക്കുന്ന കുട്ടികള്‍ ഇന്നും ലോകത്തുണ്ട്. ഞങ്ങളുടെ പ്രായത്തിലുള്ളവര്‍ക്ക് അതിന് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞില്ല. പരമാവധി ശ്രമിച്ചിട്ടും ഇത്രയേ ഒത്തുള്ളൂ. ഇനിയുമുണ്ട് ഏറെ ദൂരം പോകാന്‍. വേണം, ഇല്ലായ്മകളക്കുറിച്ച് എല്ലാവരും അറിയണം. നേരുപറഞ്ഞാല്‍, ഇപ്പോള്‍ കാര്യം വളരെ എളുപ്പമാണ്. സയന്‍സ് അത്രയും പുരോഗമിച്ചു. ഭൂമിയിലെല്ലാവര്‍ക്കും സുഖമായി കഴിയാനുള്ള വിഭവങ്ങള്‍ ഉണ്ട്, അവ സംസ്‌കരിക്കാനുളള ഉപാധികളും വേണ്ടിടത്ത് എത്തിക്കാന്‍ വാഹനങ്ങളും ഉണ്ട്. ഇല്ലാത്തത് അതിനുതകുന്ന മനോഭാവം മാത്രമാണ്. നാളെ അത് തീര്‍ച്ചയായും ഉണ്ടാവും.’
ഒരു കനത്ത നെടുവീര്‍പ്പോടെ അവന്‍ ഉറക്കത്തിലേക്ക് നീങ്ങുന്നത് ഞാനറിഞ്ഞു.
 ഇനി വരുന്ന തലമുറയുടെ കൈകളില്‍ ലോകത്തിന്‍റെ ഭാവി ഭദ്രമാണെന്ന തിരിച്ചറിവ് നല്‍കിയ ആശ്വാസം നന്നായി ഉറങ്ങാന്‍ എന്നെയും സഹായിച്ചു.
 സന്മനസുള്ളവരുടെ ഉറക്കമില്ലായ്മയ്ക്ക് ഇപ്പറഞ്ഞ അനുഭവം സഹായകമാകുമെന്നു തോന്നിയതിനാല്‍ ഇവിടെ ഇതു കുറിക്കുന്നു- ഇല്ലായ്മകള്‍ ഇല്ലാതാവാന്‍ കുട്ടികള്‍ക്കവയെക്കുറിച്ച് ബോധം ഉണ്ടാവുകതന്നെയാണ് നല്ലതെന്ന് സൂചിപ്പിക്കാനും.

Tags:    
News Summary - C Radhakrishnan-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT