ന്യൂഡൽഹി: സമൂഹമാധ്യമം വഴി അയച്ച സന്ദേശത്തിലൂടെ തന്നെ അപമാനിച്ചെന്ന സ്ത്രീയുടെ ആരോപണത്തെ തുടർന്ന് ക്ഷമാപണവുമായി എഴുത്തുകാരൻ ചേതൻ ഭഗത്. തെൻറ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചേതൻ ഭഗത് തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീയോടും തെൻറ ഭാര്യ അനുഷയോടും ക്ഷമ ചോദിച്ചത്.
സ്ക്രീൻഷോട്ട് ഉൾപ്പെടെ പുറത്തു വന്ന വെളിെപ്പടുത്തൽ സത്യമാണെന്നും തനിക്ക് തെറ്റു പറ്റിയെന്നും ക്ഷമ ചോദിക്കുന്നുവെന്നുമാണ് വിശദമായി എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കിയത്. ചേതൻ ഭഗത് യുവതിയോട് പ്രണയാഭ്യർഥന നടത്തുന്നതായുള്ള സന്ദേശത്തിെൻറ സ്ക്രീൻഷോട്ടുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
തങ്ങൾ വളരെ നല്ല സുഹൃത്തുക്കളായിരുന്നു. തനിക്ക് വളരെ ആഴത്തിലുള്ള ഒരു ബന്ധം അവരോട് തോന്നിയിരുന്നു. നല്ലൊരു മനുഷ്യനായാണ് അവരെ കണ്ടത്. അങ്ങനെ തോന്നിയതും അത് അവരുമായി പങ്കു വെച്ചതും തനിക്കു പറ്റിയ മണ്ടത്തരമാണ്. താൻ ഇതേകുറിച്ച് ഭാര്യയുമായി സംസാരിച്ചു. ഇങ്ങനെയൊക്കെ സംഭവിച്ചതിൽ ഭാര്യയോട് ക്ഷമ ചോദിച്ചു. എന്നാൽ ആഭാസകരമായ രീതിയിലുള്ള വാക്കുകളോ ചിത്രമോ താൻ പങ്കുവെച്ചിട്ടില്ലെന്നെും ചേതൻ ഭഗത് പറഞ്ഞു.
അത് വളരെ പഴയ ഒരു സംഭവമാണ്. കൃത്യമായി ഒാർക്കാൻ സാധിക്കുന്നില്ല. നമുക്ക് ചില കാര്യങ്ങൾ ചില സമയത്ത് തോന്നും. തനിക്കും അങ്ങനെ സംഭവിച്ചു. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയായി ആ സ്ത്രീയെ കണ്ടു. അങ്ങനെ കാണാൻ പാടില്ലായിരുന്നു. സ്വകാര്യ സംഭാഷണത്തിൽ അക്കാര്യം പങ്കുവെക്കരുതായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ആരോപണത്തിൽ പ്രതിപാദിക്കുന്ന സ്ത്രീയോടും എല്ലാത്തിലുമുപരി തെൻറ ഭാര്യയോടും താൻ ഒരിക്കൽകൂടി ക്ഷമചോദിക്കുന്നുവെന്നും അവർക്ക് തന്നോട് ക്ഷമിക്കാൻ സാധിക്കുമെന്നാണ് താൻ കരുതുന്നതെന്നും പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.