കോഴിക്കോട്: ഭരണഘടനയിൽ വിശ്വാസമില്ലാത്ത ആർ.എസ്.എസ് മനുസ്മൃതിയെയാണ് ഭരണഘടനയായി കാണുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് പറഞ്ഞു. ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ ‘ഇന്ത്യൻ ഭരണഘടന അട്ടിമറിക്കപ്പെടുന്നുവോ’ എന്ന സെഷനിൽ സി.പി.എം പി.ബി അംഗം എം.എ ബേബിയുമായി സംവദിക്കുകയായിരുന്നു അവർ.
ചില സംഘടനകൾ ഉയർത്തുന്ന ഹിന്ദുരാഷ്ട്രവാദം ഭരണഘടനവിരുദ്ധമാണ്. ബി.ജെ.പിയെക്കാൾ ആർ.എസ്.എസ് ആണ് അധികാരകേന്ദ്രത്തിൽ പിടിമുറുക്കിയിരിക്കുന്നത്. പൊലീസ്, നിയമരംഗം എന്നിവിടങ്ങളിലെല്ലാം ആർ.എസ്.എസ് പ്രതിനിധികളെ കുത്തിനിറയ്ക്കുകയാണ്. മുസ്ലിം വിരുദ്ധതയും അസഹിഷ്ണുതയും രാജ്യത്ത് വർധിച്ചുവരുന്നു. ഇതിനെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കുകയും ജനങ്ങളെ അണിനിരത്തി വലിയ പ്രചാരണം സംഘടിപ്പിക്കുകയും വേണമെന്നും ടീസ്റ്റ കൂട്ടിച്ചേർത്തു.
പാർലമെൻറിനെപോലും ഏകശിലാരൂപത്തിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എം.എ. ബേബി പറഞ്ഞു. അംഗങ്ങളുടെ ചോദ്യങ്ങൾക്ക് പാർലമെൻറിൽ മറുപടി പറയാൻ പ്രധാനമന്ത്രി തയാറാകുന്നില്ല. ഗാന്ധി വധത്തിനുശേഷം ആർ.എസ്.എസിനെ നിരോധിച്ചതായിരുന്നു. എന്നാൽ, ഇന്ന് ആ സംഘടന ഭരണപരമായ കാര്യങ്ങളിൽ നേരിട്ട് ഇടപെടുന്നു.
രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരൊക്കെ സംഘപരിവാർ ബന്ധമുള്ളവരാണ്. രാജ്യത്ത് ഭരണഘടനവിരുദ്ധമായ കാര്യങ്ങളാണ് അരങ്ങേറുന്നതെന്നും എം.എ. ബേബി പറഞ്ഞു. അമൃത്ലാൽ മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.