ന്യൂഡൽഹി: ജനാധിപത്യത്തിൽ കുടുംബവാഴ്ചക്ക് മോശം സ്ഥാനമാണുള്ളതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യൻ വ്യവസ്ഥയിൽ കുടുംബവാഴ്ച ഒരു യാഥാർഥ്യമാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടിയെന്ന രീതിയിലായിരുന്നു ഉപരാഷ്ട്രപതിയുടെ അഭിപ്രായപ്രകടനം എന്നതാണ് ശ്രദ്ധേയം.
പലരും കുടുംബവാഴ്ചയെക്കുറിച്ച് സംസാരിക്കുന്നു. കുടുംബവാഴ്ചയും ജനാധിപത്യവും ഒരുമിച്ച് പോകില്ല. കാരണം വളരെ ലളിതമാണ്, അത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെക്കുറിച്ചല്ല തന്‍റെ ഈ പ്രസ്താവനയെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.
ഇക്കാര്യം പറയുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയും എന്‍റെ മനസ്സിലില്ല. മാത്രമല്ല, താനിപ്പോൾ രാഷ്ട്രീയത്തിന് പുറത്താണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
എസ്.വൈ ഖുറൈശി എഴുതിയ 'ലോകതന്ത്ര് കെ ഉത്സവ് കി അൻകഹി കഹാനി' പുസ്തകത്തിന്‍റെ പ്രകാശചടങ്ങിലായിരുന്നു വെങ്കയ്യ നായിഡുവിന്‍റെ പ്രസ്താവന.
കാലിഫോർണിയയിലെ ബെർക്കലി സർവകലാശാലയിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു രാഹുൽ ഗാന്ധി കുടുംബവാഴ്ചയെക്കുറിച്ച് സംസാരിച്ചത്. ഇന്ത്യയിൽ കുടുംബവാഴ് ച ഒരു യാഥാർഥ്യമാണ്. എന്നാൽ കുടുംബ മാഹാത്മ്യത്തേക്കാൾ വ്യക്തിയുടെ കഴിവിനായിരിക്കും ജനം പ്രാധാന്യം നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അഖിലേഷ് യാദവ്, എം.കെ. സ്റ്റാലിൻ, അഭിഷേക് ബച്ചൻ എന്നിവരെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ അഭിപ്രായ പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.