തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം നോവലിസ്റ്റ് ആനന്ദിന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. കഴിഞ്ഞ വർഷം എം. മുകുന്ദനായിരുന്നു പുരസ്കാര ജേതാവ്. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛെൻറ പേരിൽ സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം.
നോവൽ, കഥ, നാടകം, ലേഖനം, പഠനം എന്നീ മേഖലകളിൽ ആനന്ദിേൻറതായി മുപ്പതിലധികം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ച ‘ഗോവർദ്ധനെൻറ യാത്രകൾ’ എന്ന കൃതി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ‘വീടും തടവും’, ‘ജൈവ മനുഷ്യർ’ എന്നീ കൃതികൾ കേരള സാഹിത്യ അക്കാദമി പുരസ്കാരവും കരസ്ഥമാക്കിയിരുന്നു. ‘മരുഭൂമികൾ ഉണ്ടാവുന്നത്’ എന്ന കൃതി വയലാർ പുരസ്കാരവും നേടിയിരുന്നു.
ന്യൂഡൽഹിയിൽ കേന്ദ്ര ജല കമീഷനിൽ പ്ലാനിങ് ഡയറക്ടറായി ജോലി ചെയ്യുകയാണ് ആനന്ദ് ഇപ്പോൾ. 2012 മുതൽ ആനന്ദ് കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗമാണ്.
സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ അധ്യക്ഷനും എം.കെ. സാനു, എം. മുകുന്ദൻ, കെ. ജയകുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയിച്ചതെന്ന് മന്ത്രി എ.കെ. ബാലൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 27ാമത് എഴുത്തച്ഛൻ പുരസ്കാരം ആണ് ആനന്ദിന് ലഭിച്ചത്. മലയാളഭാവുകത്വത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകളെ അനന്യമായ ശിൽപഭദ്രതയോടെ ആവിഷ്കരിക്കാൻ ആനന്ദിന് സാധിച്ചിട്ടുെണ്ടന്ന് മന്ത്രി പറഞ്ഞു. ആൾക്കൂട്ടമെന്ന ആദ്യ കൃതി മുതൽ ഇന്ത്യ അഭിമുഖീകരിക്കുന്ന സവിശേഷ പ്രതിസന്ധികളെ ക്രാന്തദർശിത്വത്തോടെ അവതരിപ്പിച്ച എഴുത്തുകാരനാണ് ആനന്ദ്. വ്യക്തികളുടെ സംഘർഷങ്ങളിലൂടെ വലിയ രാഷ്ട്രീയ സന്ദിഗ്ധതകളെ തുറന്നുകാട്ടുന്നതിൽ അദ്ദേഹത്തോളം കൈയടക്കം പ്രകടിപ്പിച്ച സാഹിത്യകാരന്മാരില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരണങ്ങൾക്കില്ല -ആനന്ദ്
ന്യൂഡൽഹി: എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതിനെക്കുറിച്ച് കാര്യമായൊന്നും പറയാനില്ലെന്ന് സാഹിത്യകാരൻ ആനന്ദ്. പ്രത്യേകമായി എന്തെങ്കിലും പറയാൻ ആഗ്രഹമില്ല. വലിയ സന്തോഷവുമില്ല. നമ്മുടെ സാമൂഹിക ചുറ്റുപാടുകളും അങ്ങനെയൊക്കെയാണ് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.