തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസ് പുനരന്വേഷിക്കാൻ സർക്കാർ തയാറാകണമെന്ന് നമ്പി നാരായണൻ. ‘ഓർമകളുടെ ഭ്രമണപഥം’ എന്ന തെൻറ ആത്മകഥ പ്രകാശനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കരുണാകരനെ മുഖ്യമന്ത്രി പദത്തിൽനിന്ന് താഴെ ഇറക്കുകയോ രമൺ ശ്രീവാസ്തവയെ തുറങ്കിലടക്കുകയോ ആയിരുന്നില്ല ഈ കേസിന് പിന്നിലെ ലക്ഷ്യം.
ഇതിന് പിന്നിൽ വൻശക്തികൾ പ്രവർത്തിച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്തുള്ളവരുടെ കറുത്തകരങ്ങൾ ഇതിന് പിന്നിലുണ്ടെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. രാജ്യത്തിനെതിരെ പ്രവർത്തിച്ച ഇത്തരക്കാരെ വെറുതെ വിടരുത്. എനിക്കുണ്ടായ നഷ്ടങ്ങൾ മറക്കുന്നു. എന്നാൽ ചാരക്കേസ് വഴി രാജ്യത്തിനുണ്ടാക്കിയ നഷ്ടം വിലമതിക്കാനാകാത്തതാണ്. അതിനാൽ ഇത്തരം ക്രിമിനലുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം’ -നമ്പി നാരായണൻ ആവശ്യപ്പെട്ടു.
ഡോ. ശശി തരൂർ എം.പി പുസ്തകം പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. ചാരക്കേസിലൂടെ രാജ്യം നമ്പി നാരായണനെ ഒറ്റിക്കൊടുക്കുകയായിരുെന്നന്ന് ശശി തരൂർ പറഞ്ഞു. ഐ.എസ്.ആർ.ഒയെ ഇന്ന് കാണുന്ന നിലയിലേക്ക് വളർത്തിയെടുത്തതിൽ നമ്പി നാരായണെൻറ പങ്ക് വിലമതിക്കാത്തതാണ്.
പ്രതിഭാധനനായ ശാസ്ത്രജ്ഞനെ ഒരുരാജ്യം എങ്ങനെ നശിപ്പിച്ചു എന്നതിന് ഉദാഹരണമാണ് നമ്പി നാരായണനെന്നും തരൂർ പറഞ്ഞു. ജി. പ്രജേഷ്സെൻ പുസ്തകപരിചയം നടത്തി. അരുൺ റാം, മധു എസ്. നായർ, അഡ്വ. സി. ഉണ്ണികൃഷ്ണൻ, എൻ.ഇ. സുധീർ എന്നിവർ സംസാരിച്ചു. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻ നായരടക്കം മുൻ ശാസ്ത്രജ്ഞരും സാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.