ബംഗളൂരു: മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയായ കമല സുറയ്യയുടെ കഥ ഇനി കന്നട സാഹിത് യവിദ്യാർഥികളും പഠിക്കും. കെ.കെ. ഗംഗാധരൻ വിവർത്തനം ചെയ്ത കമല സുറയ്യയുടെ ‘സ്വാതന്ത്ര്യ സമരസേനാനിയുടെ മകൾ’ എന്ന കഥയാണ് വിജയപുര അക്ക മഹാദേവി വനിത സർവകലാശാലയിലെ ബി.എസ്സി മൂന്നാം സെമസ്റ്റർ വിദ്യാർഥികളുടെ കന്നട സാഹിത്യപഠനപുസ്തകത്തിൽ ഉൾപ്പെടുത്തിയത്.
40 വർഷമായി മലയാളത്തിൽനിന്ന് കൃതികൾ കന്നടയിലേക്ക് വിവർത്തനം ചെയ്യുന്ന കാസർകോട് പാത്തനടുക്കം സ്വദേശിയായ ഗംഗാധരൻ ബംഗളൂരു മാഗഡി റോഡ് ബിദറഹള്ളി ഇൻകംടാക്സ് ലേഒൗട്ടിലാണ് താമസം.
വിവർത്തനത്തിന് കർണാടക സർക്കാർ നൽകുന്ന ‘കുവെമ്പു ഭാഷ ഭാരതി പ്രാധികാര പുരസ്കാരം’ നേടിയിട്ടുള്ള ഗംഗാധരൻ കന്നടയിലേക്ക് വിവർത്തനം ചെയ്ത മൂന്നാമത്തെ കഥയാണ് ഇത്തരത്തിൽ സിലബസിൽ ഇടംപിടിക്കുന്നത്.
ബഷീറിെൻറ ‘ജന്മദിനം’ ബാംഗ്ലൂർ യൂനിവേഴ്സിറ്റിയിൽ ബിരുദക്കാർക്ക് ഭാരതീയ സാഹിത്യ വിഭാഗത്തിൽ ടെക്സ്റ്റ് ബുക്കായി തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെ പ്രഭാകരൻ പഴശ്ശിയുടെ കഥ വിവർത്തനം ചെയ്തത് കാസർകോട് ജില്ലയിൽ കന്നട മീഡിയം ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്്.
ഇതിനു പിന്നാലെയാണ് കമല സുറയ്യയുടെ കഥകൂടി കന്നട ഭാഷാപഠനത്തിൽ ഇടംപിടിക്കുന്നത്. ഇത്തരം അംഗീകാരം വലിയ പ്രചോദനമാണെന്നും പുരസ്കാരം ലഭിച്ചതിന് തുല്യമാണെന്നും വളരെയധികം സന്തോഷമുണ്ടെന്നും ഗംഗാധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.